Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോര്‍ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോണ്‍-കോര്‍ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. നോണ്‍-കോര്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങള്‍ ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു. കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുമായി ഇന്നലെ നടത്തിയ രണ്ടാം വട്ടം ചര്‍ച്ചയിലാണ് മന്ത്രി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. പരിസ്ഥിതി ലോല മേഖലയില്‍നിന്ന് 1337.24 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.

🔳പുതിയ സംയുക്ത സേനാമേധാവിയെ തിരഞ്ഞെടുക്കുംവരെ മൂന്നുസേനകളുടെയും സമന്വയം സുഗമമാക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി കരസേനാമേധാവി ജനറല്‍ എം.എം. നരവണെ നിയമിതനായി. മൂന്നുസേനകളില്‍ ഏറ്റവും മുതിര്‍ന്നയാളെന്ന നിലയിലാണ് നരവണെയുടെ നിയമനം.

🔳കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ രാഹുല്‍ ഗാന്ധി വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. പന്ത്രണ്ട് എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്പെന്‍ഷന്‍ തുടരാനാണ് സാധ്യത. ഏകീകൃത സിവില്‍ നിയമത്തിനായുള്ള സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

🔳ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണാര്‍ത്ഥം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവഗണിച്ചതായി ആരോപിച്ച് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്ത്രീവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒഴിവാക്കി. അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും 50-ാം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി… സ്ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃമനോഭാവം സ്വീകാര്യമല്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന് വേണ്ടി 32 ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങില്‍ എങ്ങുമുണ്ടായിരുന്നില്ലെന്നും എന്തെന്നാല്‍ ഈ സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നുവെന്നും രാഹുല്‍ഗാന്ധ്ി ട്വീറ്റ് ചെയ്തു.

🔳സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പന്‍ഡ് വര്‍ധനവ്, അലവന്‍സുകള്‍ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയില്‍ കെഎംപിജിഎ സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.

🔳സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയപ്പോള്‍ വനിത ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കവേ, ജീവനക്കാരില്‍ ഒരാള്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന കെഎംപിജിഎ അസോസിയേഷന്‍ പ്രസിഡന്റ് അജിത്രയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതേതുടര്‍ന്ന് ഇവര്‍ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

🔳കോംഗോയില്‍ നിന്നും കൊച്ചിയില്‍ എത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ഊര്‍ജിത പരിശ്രമം തുടര്‍ന്ന് ആരോഗ്യ വകുപ്പ്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. എറണാകുളത്ത് ഇന്നലെയാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന ആശ്വാസഫലം ഇതിനിടെ പുറത്തുവന്നിരുന്നു.

🔳സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🔳കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എല്‍ഡിഎഫില്‍ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുന്ന നിലയിലാണ്. നേരത്തെ അംഗീകരിച്ച പദ്ധതികള്‍ പോലും ഇപ്പോള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ശബരിമല വിമാനത്താവളവും കെ റെയിലും ഇതിന് ഉദാഹരണമാണ്. പ്രഖ്യാപിച്ചത് പോലും കേരളത്തിന് നല്‍കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. കോച്ച് ഫാക്ടറിയുടെ കാര്യം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തോടുള്ള ഈ നയം തിരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

🔳കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ. കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ക്ക് ചട്ടം ലംഘിച്ച് കത്തയച്ച് കുരുക്കിലായ ആര്‍ ബിന്ദുവിനെ മുന്‍ നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് കാനം കടുപ്പിക്കുന്നത്. ചാന്‍സിലറും പ്രോ ചാന്‍സിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങള്‍ സിപിഐ അംഗീകരിക്കുന്നില്ല. മന്ത്രിയുടെ രാജി ഉയര്‍ത്തി പ്രതിപക്ഷം സമരം തുടരുമ്പോഴാണ് ബിന്ദുവിനെയും സിപിഎമ്മിനെയും കുരുക്കിയുള്ള കാനത്തിന്റെ നിലപാട്.

🔳കെ റെയിലില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കാനം പൂര്‍ണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കൊവിഡിലും പ്രളയത്തിലും സംസ്ഥാനം തകര്‍ന്ന് നില്‍ക്കുമ്പോള്‍ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമര്‍ശനം. പ്രതിസന്ധിയുടെ കാലത്ത് മുന്‍ഗണന നല്‍കേണ്ടത് കെ റെയിലിനാണോ. പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകള്‍ സിപിഐ അവഗണിക്കരുതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കിയ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ആകില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.

🔳ഡിസംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് സമാനമായി, ശമ്പളം പരിഷ്‌കരിച്ചെന്ന പ്രഖ്യാപനം വന്നിട്ടും, കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിന് അറുതിയില്ലെന്നതാണ് അവസ്ഥ. പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ശമ്പളവിതരണത്തിനായി വേണ്ടത്.

🔳ഇടുക്കി ജില്ലയില്‍ സിപിഎം നേതൃത്വവുമായി ഉടക്കി നിക്കുന്ന മുന്‍ എം എല്‍ എ എസ്.രാജേന്ദ്രന്‍ സിപിഐയിലേക്കെന്ന അഭ്യൂഹം ശക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. രാജേന്ദ്രന്‍ സിപിഐയിലേക്കെത്തുമോയെന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ സസ്പെന്‍സ് ആയി നില്‍ക്കട്ടെയെന്നായിരുന്നു കാനം മറുപടി നല്‍കിയത്. ഇതോടെ അഭ്യൂഹം ശക്തമായിട്ടുണ്ട്. സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക് വരുമെന്നും കാനം പറഞ്ഞു. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

🔳സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണെന്നും അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

🔳പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരിത മുന്‍ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സ്ത്രീകളാണ്, അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടതെന്നും ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു.

🔳മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമര്‍ശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

🔳ആലുവയില്‍ മൊഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മന്ത്രി പി രാജിവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. റിപ്പോര്‍ട്ട് നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

🔳സി.പി.എം എറണാകുളം ജില്ല സമ്മേളനത്തിലെ ഇറങ്ങിപ്പോക്കില്‍ പ്രതികരണവുമായി പി.എന്‍ ബാലകൃഷ്ണന്‍. സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി പി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍ മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നും മോഹനന്റെ വീഴ്ചകള്‍ താന്‍ പാര്‍ട്ടി കമ്മറ്റിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഇപ്പോള്‍ തന്നെ കറിവേപ്പില പോലെ ഉപേക്ഷിച്ചുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

🔳വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. അതിക്രമിച്ചു കടക്കല്‍, കൈയേറ്റം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍.

🔳വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സര്‍ജന്‍ ജൂമീന ഗഫൂര്‍ പരാതി നല്‍കിയത്.

🔳കുമരകത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കുമരകം രണ്ടാം വാര്‍ഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ഇതോടെ 4000 താറാവുകളെ കൊന്ന് സംസ്‌ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കോട്ടയം ജില്ലയിലെ അയ്മനം, കല്ലറ വെച്ചൂര്‍ പഞ്ചായത്തുകളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

🔳സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ ഇനി വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളില്‍ മാറുകയാണ്. ഇന്നലത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരില്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. നിലവിലെ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടുമെന്നാണ് അറിയിപ്പ്.

🔳റെയില്‍വെ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. ചേരികള്‍ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയില്‍വെക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിവിധ ഹൈക്കോടതികളുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി തീരുമാനം. അതേസമയം ചേരികള്‍ ഒഴിപ്പിക്കുമ്പോള്‍ ചേരി നിവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ഉപാധി കോടതി മുന്നോട്ടുവെച്ചു. ആറുമാസത്തേക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കണം. ഈ പണം റെയില്‍വെയും സംസ്ഥാന സര്‍ക്കാരും വഹിക്കണം. രാജ്യത്ത് ആറുകോടിയിലധികം ചേരി നിവാസികളുണ്ടെന്നാണ് കണക്ക്.

🔳അടിയും തിരിച്ചടിയുമായി ബെംഗലൂരു എഫ് സിയും എടികെ മോഹന്‍ബഗാനും കളം നിറഞ്ഞ ഐഎസ്എല്ലിലെ വീറുറ്റ പോരാട്ടത്തിനൊടുവില്‍ ആവേശ സമനില. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചിരുന്നു.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായഭിന്നതയില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പരമ്പരക്കൊരുങ്ങുന്ന സമയത്ത് ആര്‍ക്കെങ്കിലും എതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നും പരസ്യമായ വിഴുപ്പലക്കല്‍ നിര്‍ത്തി വിരാട് കോലിയും സൗരവ് ഗാംഗുലിയും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു. ബിസിസിഐ പ്രസിഡന്റെന്നത് വലിയ പദവിയാണ്. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനവും. അതുകൊണ്ട് ഇവര്‍ രണ്ടുപേരും പൊതുവേദിയില്‍ പരസ്യമായ വിഴുപ്പലക്കിന് മുതിരുന്നത് അത്ര നല്ല കാര്യമല്ലെന്നും വിരാട് കോലി കുറച്ചു കൂടി സംയമനത്തോടെ പ്രതികരണങ്ങള്‍ നടത്തണമെന്നും കപില്‍ദേവ് പറഞ്ഞു.

🔳ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെച്ചൊല്ലി വിരാട് കോലിയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതിന് പിന്നാലെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ഗാംഗുലി. ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയാണ് ഏറ്റവും അനുയോജ്യനെന്ന് ഒരഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.

🔳ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ഒമ്പതാം സീഡ് ചോച്ചുവോങിനെ വീഴ്ത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 56,580 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,946 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 199 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4145 പേര്‍ രോഗമുക്തി നേടി. ഇതോടെ 34,171 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74.

🔳ആഗോളതലത്തില്‍ ഇന്നലെ 6,88,397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,24,248 പേര്‍ക്കും ഇംഗ്ലണ്ടില്‍ 88,376 പേര്‍ക്കും റഷ്യയില്‍ 28,486 പേര്‍ക്കും ഫ്രാന്‍സില്‍ 60,866 പേര്‍ക്കും ജര്‍മനിയില്‍ 53,057 പേര്‍ക്കും സ്പെയിനില്‍ 28,900 പേര്‍ക്കും ഇറ്റലിയില്‍ 26,109 പേര്‍ക്കും പോളണ്ടില്‍ 22,097 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 24,785 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.31 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.25 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,005 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 767 പേരും റഷ്യയില്‍ 1,133 പേരും ജര്‍മനിയില്‍ 479 പേരും പോളണ്ടില്‍ 592 പേരും ഉക്രെയിനില്‍ 355 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.51 ലക്ഷമായി.

🔳ക്ലിയര്‍ടാക്സുമായി സഹകരിച്ചു കൊണ്ട് സിഎസ്ബി ബാങ്ക് തങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ആദായ നികുതി ഇ-ഫയലിംഗ് സൗകര്യം അവതരിപ്പിച്ചു. കുറഞ്ഞ സമയത്തില്‍ ലളിതമായി നികുതി റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ ഇതു സഹായിക്കും. സ്വന്തമായി ഇ ഫയല്‍ ചെയ്യുന്നത് ഇതിലൂടെ സൗജന്യമാണ്. സിഎസ്ബി ബാങ്കിന്റെ ഇന്ത്യയില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും. സ്വയം ഇ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യം ബാങ്കിന്റെ വെബ്സൈറ്റില്‍ എന്‍ആര്‍ഐ/പേഴ്സണല്‍ ബാങ്കിങ് വിഭാഗത്തില്‍ ലഭ്യമാണ്.

🔳റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാര്‍ജ് ചെയ്താല്‍ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നല്‍കിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുക.

🔳ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഷെയ്ന്‍ നിഗം രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനമാണിത്. ‘രാ താരമേ’ എന്ന ഗാനം മനോഹരമായ മെലഡിയാണ്. ഒരു ചിത്രത്തിനുവേണ്ടി ഷെയ്ന്‍ ആദ്യമായി സംഗീതം പകരുന്ന ഗാനമാണിത്. നിര്‍മ്മാണത്തിലും ഷെയ്ന്‍ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳’ബിഗ് ബി’ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവതരിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് അണിയറക്കാര്‍. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ്. അജാസ് എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ് ചിത്രങ്ങളിലെ ട്രേഡ് മാര്‍ക്ക് ഷോട്ട് ആയ കഥാപാത്രം മഴയത്തു നില്‍ക്കുന്ന രംഗമാണ് പോസ്റ്ററില്‍. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

🔳ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ടിവിഎസ് മോട്ടോഴ്സും ബിഎംഡബ്ല്യൂ മോട്ടോര്‍റാഡും ഒന്നിക്കുന്നു. നിലവില്‍ 500 സിസിയില്‍ താഴെയുള്ള ഇരുചക്രങ്ങള്‍ നിര്‍മിക്കാന്‍ ഇരു കമ്പനികളും സഹകരിക്കുന്നുണ്ട്. ഇത് ഇവി മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമാണ് ബിഎംഡബ്ല്യൂ മോട്ടോര്‍റാഡ്. ടിവിഎസ്-ബിഎംഡബ്ല്യൂവിന്റെ ആദ്യ ഇരുചക്രവാഹനം 24 മാസത്തിനുള്ളില്‍ വിപണിയിലെത്തും. ആഗോള വിപണി ലക്ഷ്യമിട്ടുള്ള ഇവികളാവും ടിവിഎസുമായിചേര്‍ന്ന് കമ്പനി നിര്‍മിക്കുക.

🔳നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കി പെട്ടെന്നത് അപ്രത്യക്ഷമാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജൂണ്‍ മാസം ഇതേ പുഴയിലൂടെ തലയില്ലാത്ത ഒരു ശരീരം ഒഴുകിവരുന്നു. പല കാലങ്ങളില്‍ നടന്ന മരണങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങള്‍. ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ. ‘നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്’. ശ്രീജേഷ് ടി.പി. ഡിസി ബുക്സ്. വില 161 രൂപ.

🔳കൗമാരക്കാരിലും ചെറുപ്പക്കാരിലും മാത്രമല്ല സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവരിലും വിഷാദവും നിരാശയുമൊക്കെ കാണപ്പെടാറുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ടിക്ടോക്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, സ്‌നാപ്ചാറ്റ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ മധ്യവയസ്‌കരില്‍ വിഷാദത്തിന് കാരണമാകുന്നുണ്ടെന്നാണ് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. ശരാശരി 56 വയസ്സ് പ്രായമായ 5395 പേരിലാണ് 2020 മെയ്ക്കും 2021 മെയ്ക്കും ഇടയില്‍ സര്‍വേ പഠനം നടത്തിയത്. കോവിഡ് മഹാമാരിയെ മധ്യവയസ്‌കര്‍ എങ്ങനെയാണ് നേരിടുന്നതെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് സമൂഹ മാധ്യമ ഉപയോഗം മാനസികാരോഗ്യത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നു ഗവേഷകര്‍ നിരീക്ഷിച്ചത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാത്ത മുതിര്‍ന്നവരെ അപേക്ഷിച്ച് ഫെയ്സ്ബുക്ക്, ടിക്ടോക്, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുന്ന മധ്യവയസ്‌കര്‍ തങ്ങള്‍ വിഷാദത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സര്‍വേയില്‍ രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളില്‍ ചെലവിടുന്ന സമയത്തെ കുറിച്ച് മുതിര്‍ന്നവരും ജാഗ്രതയോടെ ഇരിക്കണമെന്ന് സര്‍വേയുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. മഹാമാരിക്ക് മുന്‍പ് അമേരിക്കയിലെ മുതിര്‍ന്നവരില്‍ 8.5 ശതമാനമായിരുന്നു വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇതിന് ശേഷം ഇത് 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

*ശുഭദിനം*

രാജാവിന് ഒരാള്‍ വിശിഷ്ടമായ രണ്ട് തത്തകളെ സമ്മാനമായി നല്‍കി. രാജാവ് തത്തകള്‍ക്കായി തന്റെ ഉദ്യാനത്തില്‍ ഏല്ലാ സൗകര്യങ്ങളും ചെയ്യ്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഒപ്പം അവയെ പരിശീലിപ്പിക്കാന്‍ ഒരു പരിശീലകനേയും ഏര്‍പ്പാടാക്കി. ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം പരിശീലകന്‍ രാജാവിനെ കാണാന്‍ എത്തി. അയാള്‍ പറഞ്ഞു: ‘ മഹാരാജന്‍, തത്തകളില്‍ ഒരെണ്ണം നന്നായി പറക്കുന്നുണ്ട്. പക്ഷേ, രണ്ടാമത്തെ തത്ത ആ മരക്കൊമ്പില്‍ ഇരിക്കുന്നതല്ലാതെ, പറക്കുന്നില്ല. എന്നെക്കൊണ്ട് കഴിയും വിധമെല്ലം ഞാന്‍ ശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം’ ഇത് കേട്ട് രാജാവിന് സങ്കടമായി. തത്തയെ പറപ്പിക്കാന്‍ നിരവധി ആളുകളെ കൊണ്ടുവന്നവെങ്കിലും ഫലം നിരാശയായിരുന്നു. തത്തയെ പറപ്പിക്കുന്നവര്‍ക്ക് രാജാവ് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു. ധാരാളം പേര്‍ വന്നുവെങ്കിലും എല്ലാവരും നിരാശരായി മടങ്ങി. ഒരു ദിവസം ഉറക്കമുണര്‍ന്ന രാജാവ് കാണുന്നത് അദ്ദേഹത്തിന്റെ രണ്ട് തത്തകളും ആകാശത്ത് പറക്കുന്നതാണ്. തത്തയെ പറക്കാന്‍ പഠിച്ച ആളിനെ കാണാന്‍ രാജാവെത്തി. അതൊരു പാവം കര്‍ഷകനായിരുന്നു. രാജാവ് ചോദിച്ചു: നിങ്ങള്‍ എങ്ങിനെയാണ് എന്റെ തത്തയുടെ അസുഖം മാറ്റിയത്’ കര്‍ഷകന്‍ പറഞ്ഞു: ഞാന്‍ തത്തയ്ക്ക് ഒരു മരുന്നും നല്‍കിയില്ല. തത്തകള്‍ ഇരുന്ന മരത്തിന്റെ കൊമ്പുകള്‍ എല്ലാം ഞാന്‍ മുറിച്ചുകളഞ്ഞു. ഇരിക്കാനും വിശ്രമിക്കാനും സ്ഥലം നഷ്ടപ്പെട്ടപ്പോള്‍ അത് ആകാശത്തേക്ക് പറന്നുയര്‍ന്നു.. ആശ്രയബോധമാണ് പലരെയും അലസരും കഴിവുകെട്ടവരുമാക്കുന്നത്. താങ്ങാന്‍ ആളുണ്ടെങ്കിലേ തളര്‍ച്ചയുണ്ടാകൂ എന്ന പഴഞ്ചൊല്ലുപോലെ.. ചെറുപ്പം മുതലേ സ്വയം പര്യാപ്തത ശീലിക്കാന്‍ നമുക്കാകട്ടെ .. സ്വയം പര്യാപ്തനായ വ്യക്തിയെ ഒരു പ്രതിസന്ധിക്കും തകര്‍ക്കാനാകില്ല. നമുക്ക് തീയില്‍ ചവുട്ടി നടക്കാന്‍ ശീലിക്കാം, വലിയൊരു വേനല്‍ വന്നാലും വാടാതെയിരിക്കാന്‍

Leave a Reply

Your email address will not be published. Required fields are marked *