മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം തടവുശിക്ഷ
കോട്ടയം മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത മകളെ 5 വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. മൂന്ന് വ്യത്യസ്ത വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു എന്നാണ് കേസ്. അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കേസിൽ ഇടപെടുകയും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.