പ്രഭാത വാർത്തകൾ
🔳സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ സ്പെഷ്യല്‍ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി. ബാങ്ക് നിക്ഷേപങ്ങള്‍ പലിശ നഷ്ടം വരുത്തി പിന്‍വലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും കിഫ്ബി പദ്ധതികളുടെ കാലതാമസവും ദൈനംദിന ചെലവുകളിലെ വീഴ്ചകളും സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. കിഫ്ബി സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
🔳സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണവുമായി കിഫ്ബി. സ്പെഷ്യല്‍ ഓഡിറ്റില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. സ്പെഷ്യല്‍ ഓഡിറ്റിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി സിഎജിക്ക് മറുപടി നല്‍കിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യല്‍ ഓഡിറ്റില്‍ സിഎജിക്ക് നല്‍കിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
🔳കെ റെയില്‍ കേരളത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്നും നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
🔳മുല്ലപ്പെരിയാര്‍ മരംമുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് സുധാകരന്‍ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാല് ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
🔳സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആശുപത്രികള്‍ക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങള്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ വെച്ച് സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നാണ് പുതിയ നിര്‍ദ്ദേശം. അവയവദാന നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്.
🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സംഭവം പ്രതിഷേധാര്‍ഹമാണെന്നും വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസില്‍ പ്രതികളെ പിടികൂടുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലപാതകികള്‍ക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നും വിഡി സതീശന്‍ ആരോപിച്ചു.
🔳ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ദേശീയതലത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണം. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
🔳കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയും ശൂരനാട് രാജശേഖരനും തമ്മില്‍ മത്സരം നടക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി ഇന്നലെ നേതാക്കള്‍ക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന്‍ ഇന്ന് പത്രിക നല്‍കും. ഈ മാസം 29നാണ് വോട്ടെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് ജയം ഉറപ്പാണ്.
🔳വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യത്തിലും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ഒരു കാരണം സി.പി.എമ്മിന്റെ സംഘടനാസംവിധാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍. അതേസമയം യു.ഡി.എഫിന്റെ പരാജയം ദയനീയമല്ലെന്നും തുച്ഛമായ വോട്ട് വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നും ആര്‍ക്കും നമ്മളെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഹസ്സന്‍ പറഞ്ഞു.ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും യുദ്ധതന്ത്രംപോലെ തന്ത്രങ്ങള്‍ മെനഞ്ഞ് രംഗത്തിറങ്ങുമെന്നും മുന്നണിസംവിധാനം ഒരു പാര്‍ട്ടിപോലെ മുന്നോട്ടുപോകണമെന്നും അക്കാര്യത്തില്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നടക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
🔳ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇരുവരുടേയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു. ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂര്‍ണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎന്‍എ നടപടികള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
🔳മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. അതിനു ശേഷം ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. വൃശ്ചികം ഒന്നായ ഇന്ന് രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്.
🔳കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ,പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം നാളത്തോടെ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടും. എന്നാല്‍ ഈ ന്യൂനമര്‍ദ്ദം കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.
🔳താമരശേരി അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കളുടെ ഉടമ റോഷനെ പോലീസ് ജാമ്യം അനുവദിച്ചു. അതേസമയം വളര്‍ത്തു നായകളുടെ ആക്രമണത്തില്‍നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ പോലിസ് കേസെടുത്തു. തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
🔳അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാന്‍സ്പ്ളാന്റിന് അപേക്ഷനല്‍കുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാന്‍സ്പ്ളാന്റിന് അനുമതി തേടിയുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വൃക്കരോഗികള്‍ക്കായി വൃക്കകൈമാറാന്‍ അനുമതിതേടി നല്‍കിയ അപേക്ഷ ഓതറൈസേഷന്‍ കമ്മിറ്റി തള്ളിയതിനെതിരേ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. നാഗരേഷിന്റെ ഉത്തരവ്.
🔳മുംബൈയിലെ സാംസങ് സര്‍വീസ് സെന്ററില്‍ വന്‍തീപിടുത്തം. മുംബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഞ്ജുമാര്‍ഗിലെ സര്‍വീസ് സെന്ററില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
🔳മദ്യനിരോധനത്തിന് ശേഷം ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എവിടെ കുറ്റകൃത്യം നടന്നാലും അധികൃതര്‍ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ ദിവസങ്ങളില്‍ നടന്ന ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
🔳കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുമെന്നും സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്രധാന റോഡരികിലെ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ മാംസാഹാരം പൂര്‍ണമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.
🔳ഓസ്‌ട്രേലിയയില്‍ മഹാത്മാഗാന്ധിയുടെ കൂറ്റന്‍ വെങ്കല പ്രതിമ തകര്‍ത്ത നിലയില്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന് ഇന്ത്യ സമ്മാനമായി നല്‍കിയ പൂര്‍ണകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപലപിച്ചു. പ്രതിമ തകര്‍ത്ത സംഭവം ഞെട്ടലുളവാക്കിയെന്നും രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളിയാഴ്ച റോവില്ലെയിലെ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഓസ്്‌ട്രേലിയക്ക് ഇന്ത്യ പ്രതിമ സമ്മാനിച്ചത്.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലക പദവി ഒഴിഞ്ഞ രവി ശാസ്ത്രിക്ക് പുതിയ ചുമതല. അടുത്തവര്‍ഷം തുടങ്ങുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണര്‍ ആയി ശാസ്ത്രിയെ നിയമിച്ചു. വിരമിച്ച കളിക്കാര്‍ മത്സരിക്കുന്ന ലീഗ്, ജനുവരിയില്‍ ഗള്‍ഫിലാകും നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
🔳ട്വന്റി 20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ഐസിസി ടീമിന്റെയും ക്യാപ്റ്റന്‍. ഇന്ത്യയില്‍ നിന്നാരും ടീമില്‍ ഇല്ല. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍. ബാബര്‍ അസം വണ്‍ഡൗണായി എത്തുന്ന ടീമില്‍ ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് നാലാം നമ്പറില്‍. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി എന്നിവരാണ് മധ്യനിരയില്‍. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും ഓസീസിന്റെ ആഡം സാംപയും സ്പിന്നര്‍മാരായി ടീമിലെത്തി.ഓസീസ് താരം ജോഷ് ഹെയ്സല്‍വുഡ്, ന്യുസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ട്യ, എന്നിവരാണ് പേസര്‍മാര്‍.
🔳സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സ്പെയിന്‍ ലോകകപ്പിന് യോഗ്യത തേടി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ലൂയിസ് എന്റികയുടെ ടീം ഖത്തറിലേക്ക് പോകുന്നത്. റഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഖത്തര്‍ ലോകകപ്പിന് ടിക്കറ്റെടുത്തു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍മേനിയക്കെതിരെ ജര്‍മ്മനിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ 4 ഗോളിനാണ് ജര്‍മ്മനിയുടെ ജയം. ജര്‍മ്മനി നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 50,638 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 70 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,877 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6866 പേര്‍ രോഗമുക്തി നേടി. ഇതോടെ 64,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46.
🔳ആഗോളതലത്തില്‍ ഇന്നലെ 3,57,560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 37,799 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,705 പേര്‍ക്കും റഷ്യയില്‍ 38,420 പേര്‍ക്കും തുര്‍ക്കിയില്‍ 23,852 പേര്‍ക്കും ജര്‍മനിയില്‍ 30,483 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 19,197 പേര്‍ക്കും ഹംഗറിയില്‍ 21,060 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,526 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 201 പേരും റഷ്യയില്‍ 1,211 പേരും ഉക്രെയിനില്‍ 442 പേരും ഹംഗറിയില്‍ 304 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.20 ലക്ഷമായി.
🔳രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. സെപ്റ്റംബറില്‍ 10.66 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 12.54 ശതമാനമായി ഉയര്‍ന്നു. ഒരൊറ്റ വര്‍ഷത്തിനിടെ വലിയ കുതിപ്പാണ് മൊത്തവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പ നിരക്കില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1.31 ശതമാനമായിരുന്നു മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക്.
🔳വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംബോ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’.
🔳കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് വിവിധ ഭാഷാ സിനിമകളില്‍ നിന്നും ഹിറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തമിഴിലെ ആദ്യ വിജയം ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ ആയിരുന്നുവെങ്കില്‍ ബോളിവുഡില്‍ അത് അക്ഷയ് കുമാറിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘സൂര്യവന്‍ശി’യാണ്. ഈ മാസം അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 26.29 കോടിയായിരുന്നു. ഇപ്പോഴിതാ 150 കോടിയോട് അടുക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം. 100 കോടി ക്ലബ്ബിലെത്തുന്ന അക്ഷയ് കുമാറിന്റെ 15-ാം ചിത്രമാണിത്.
🔳ഹമ്മര്‍ ഇലക്ട്രിക് വാഹനത്തെ അടിസ്ഥാനമാക്കി സൈനികാവശ്യത്തിനുള്ള ഒരു പ്രോട്ടോടൈപ്പ് വാഹനം നിര്‍മ്മിക്കാന്‍ ജനറല്‍ മോട്ടോഴ്‌സിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്. 2022ല്‍ ഇത്തരമൊരു വാഹനം നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇലക്ട്രിക് ലൈറ്റ് റിക്കണൈസന്‍സ് വെഹിക്കിള്‍ ഹമ്മര്‍ ഇവി പോലെയായിരിക്കില്ല എന്നും എന്നാല്‍ മിലിട്ടറി പ്രോട്ടോടൈപ്പില്‍ ഇലക്ട്രിക് വാഹനത്തിന്റെ ചില വശങ്ങള്‍ ഉപയോഗിക്കും എന്നുമാണ് റിപ്പോര്‍ട്ട്.
🔳യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനില്‍ക്കും. ‘അഗ്നിസമാനമായ വചനങ്ങള്‍’. ഓഷോ. സൈലന്‍സ് ബുക്സ്. വില 298 രൂപ.
🔳വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നുവച്ച് ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 47 ഗ്രാം കാലറിയും 87 ഗ്രാം വെള്ളവും 0.9 ഗ്രാം പ്രോട്ടീനും 11.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 9.4 ഗ്രാം പഞ്ചസാരയും 2.4 ഗ്രാം ഫൈബറും വൈറ്റമിന്‍ സിയുടെ 76 ശതമാനം പ്രതിദിന മൂല്യവും ഉണ്ടെന്ന് കണക്കാക്കുന്നു. ഇത്രയധികം പോഷണങ്ങളുണ്ടെങ്കിലും ഇത് മിതമായ തോതില്‍ കഴിക്കേണ്ട ഒരു പഴമാണ്. ദിവസം നാലും അഞ്ചും ഓറഞ്ച് തിന്നുന്നത് ഫൈബര്‍ അമിതമായി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് വയര്‍വേദന, പേശീവലിവ്, അതിസാരം, വായുകോപം, മനംമറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. വൈറ്റമിന്‍ സി അമിതമായി കഴിക്കുന്നത് നെഞ്ചിരിച്ചിലിനും ഛര്‍ദ്ദിക്കും ഉറക്കക്കുറവിനും ഹൃദയാഘാതത്തിനും വരെ കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ലക്സ് ഡിസീസ് അഥവാ ജെര്‍ഡ് എന്ന അവസ്ഥ നേരിടുന്നവര്‍ ഓറഞ്ചുകള്‍ കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷം മാത്രമാകണം. പൊട്ടാസ്യം തോത് കൂടുതലുള്ളവരും ഓറഞ്ച് കഴിക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കാരണം ഇത്തരക്കാരില്‍ ഉയര്‍ന്ന പൊട്ടാസ്യം തോതുള്ള ഓറഞ്ച് ഹൈപര്‍കലീമിയ എന്ന രോഗാവസ്ഥ ഉണ്ടാക്കും. ദിവസം ഒന്നോ രണ്ടോ ഓറഞ്ചില്‍ കൂടുതല്‍ ഒരാള്‍ കഴിക്കരുതെന്നും ഡയറ്റീഷന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കൊട്ടാരത്തിന്റെ മധ്യത്തില്‍ ഒരു മാര്‍ബിള്‍ പ്രതിമയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ പ്രതിമ കാണാനെത്തിയിരുന്നു. ആ പ്രതിമയിലേക്കുള്ള നടപ്പാതയും മാര്‍ബിള്‍ കൊണ്ടാണ്. ഒരു ദിവസം നടപ്പാതയിലെ മാര്‍ബിള്‍ പ്രതിമയോട് ചോദിച്ചു: ഇതെന്തു ന്യായം? നമ്മള്‍ രണ്ടുപേരും മാര്‍ബിള്‍ തന്നെ. പക്ഷേ, നിന്നെയാണ് ആളുകള്‍ കാണാന്‍ വരുന്നതും, ബഹുമാനിക്കുന്നതും. അപ്പോള്‍ പ്രതിമ പറഞ്ഞു: നമ്മള്‍ രണ്ടുപേരും വന്നത് ഒരേ സ്ഥലത്തു നിന്നാണ്. നിന്നെയാണ് ശില്പി ആദ്യം തിരഞ്ഞെടുത്തതും. ശില്‍പിയുടെ ഉളികൊണ്ടുള്ള പ്രഹരമേറ്റപ്പോള്‍ എതിര്‍ത്തുമാറിയതുകൊണ്ടല്ലേ അദ്ദേഹം എന്നെ എടുത്തത്. നിര്‍മ്മാണഘട്ടത്തിലെ വേദന മുഴുവന്‍ സഹിച്ചു ഞാന്‍ ശില്‍പമായി. വഴങ്ങാതിരുന്നതുകൊണ്ട് നീ നടപ്പാതയിലും കിടക്കുന്നു. ഉരുകാതെ ആരും ഉദിച്ചുകയറില്ല. കൊളുത്തപ്പെടുന്ന ഓരോ തിരിനാളവും ആദ്യമൊന്നു പതുങ്ങും. ശരീരം ഉരുകിത്തുടങ്ങുമ്പോള്‍ അതു ജ്വലിച്ചുതുടങ്ങും. തഴച്ചുവളരുന്ന എന്തിന്റെയും മറുവശത്തു ചില നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇലപൊഴിയുന്നാണ്ടാകും, ചില്ലകളൊടിയുന്നുണ്ടാകും, വേരുകള്‍ വരളുന്നുണ്ടാകും, അവയെല്ലാം ഒളിപ്പിച്ചുവെച്ചിട്ടാകും ഓരോന്നും തലയെടുപ്പോടെ നില്‍ക്കുന്നത്. മികവിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ സഞ്ചരിക്കേണ്ട ചില വഴികളുണ്ട്. ആയിത്തീരേണ്ട അവസ്ഥയെക്കുറിച്ച് അവബോധവും അവിടേക്കെത്താനുള്ള അധ്വാനവും ഉണ്ടാകണം. സ്വയം വളരുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ഓരോ നേട്ടവും ഓരോരുത്തരും നല്‍കിയ സ്വയം ബഹുമാനത്തിനു ലഭിച്ച പ്രതിഫലം കൂടിയാണ്. തീവ്രാഭിലാഷവും നിരന്തരശ്രമവും കാത്ത് സൂക്ഷിക്കുന്നവരെ ഒരു നേട്ടത്തിനും മാറ്റിനിര്‍ത്താനാകില്ല. ഉരുകാതെ ഒന്നും ഉദിച്ചുകയറാറില്ല – ശുഭദിനം.