ശ്വാസകോശത്തിലെ അണുബാധ: ഈ മുന്നറിയിപ്പുകള്‍ കരുതിയിരിക്കാം
മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാക്കിക്കൊണ്ടാണ് കോവിഡ് മഹാമാരി കടന്നു വന്നത്. എന്നാല്‍ കൊറോണ പോലത്തെ വൈറസ് മാത്രമല്ല പലതരം ബാക്ടീരിയകളും ഫംഗസുമെല്ലാം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാക്കാം. ഏറ്റവും പൊതുവായി കാണപ്പെടുന്നതും യുവാക്കളെയും കുട്ടികളെയും പോലും മരണത്തിലേക്ക് തള്ളി വിടുന്നതുമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. സാധാരണ ശ്വാസകോശ അണുബാധ പോലും കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ സങ്കീര്‍ണമായി മരണത്തിലേക്ക് നയിക്കാം.
ഇതിനാല്‍ ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെയും മുന്നറിയിപ്പുകളെയും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ ചികിത്സ തേടാന്‍ മറക്കരുത്.
1. കഫത്തോടു കൂടി തുടര്‍ച്ചയായ ചുമ
ശ്വാസകോശ അണുബാധയുടെ പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കഫത്തോടു കൂടിയുള്ള ചുമ. നിറമില്ലാത്തതോ, മഞ്ഞ കലര്‍ന്ന ചാരനിറത്തിലോ, പച്ചനിറത്തിലോ, വെള്ളനിറത്തിലോ കഫം ചുമയ്ക്കൊപ്പം പുറത്തു വരാം. ചില സമയത്ത് കഫത്തില്‍ രക്തത്തിന്‍റെ അംശവും കാണാം. ആഴ്ചകളോളം ഈ തരത്തിലുള്ള ചുമ തുടരാം.
2. ശ്വാസംമുട്ടല്‍, നെഞ്ചു വേദന
ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും നെഞ്ചിന് വേദന വരുന്നതും ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളാകാം. ശ്വാസകോശ അണുബാധയുടെ മാത്രമല്ല ഹൃദയാഘാതത്തിന്‍റെയും സൂചനയായി നെഞ്ച് വേദന വരാമെന്നതിനാല്‍ ഈ ലക്ഷണം നിസ്സാരമായി എടുക്കരുത്.
3. വലിവ്
അണുബാധ ഉണ്ടാക്കുന്ന നീര്‍ക്കെട്ട് മൂലം ശ്വാസനാളിയുടെ വിസ്താരം കുറയുന്നത് വലിവുണ്ടാക്കാം. ശ്വാസം പുറത്തേക്ക് വിടുമ്പോൾ വലിയ ശബ്ദത്തോടു കൂടിയ വലിവ് അനുഭവപ്പെടാം.
4. പനി, കുളിര്‍, ക്ഷീണം
ഏതു തരം അണുബാധയും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ശരീരത്തിനുണ്ടാക്കാം. ശ്വാസകോശ അണുബാധയുടെ കാര്യവും വ്യത്യസ്തമല്ല. പനി, കുളിര്‍, ക്ഷീണം തുടങ്ങിയുള്ള പ്രശ്നങ്ങള്‍ ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്നതാണ്. ശരീരം അണുബാധയെ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നില്‍.
ചികിത്സ
ബാക്ടീരിയല്‍ അണുബാധയ്ക്ക് ആന്‍റിബയോട്ടിക്കുകളും ഫംഗല്‍ അണുബാധകള്‍ക്ക് ആന്‍റിഫംഗല്‍ മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ വൈറസ് മൂലം ശ്വാസകോശത്തിനുണ്ടാകുന്ന അണുബാധയ്ക്ക് ഇവ സഹായകമാകില്ല.
ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിനൊപ്പം ചില വീട്ടു പൊടിക്കൈകളും വേഗത്തില്‍ രോഗമുക്തിക്ക് സഹായിക്കും.
വളരെയധികം വെള്ളം ഈ ഘട്ടത്തില്‍ കുടിക്കേണ്ടതാണ്. നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും രോഗമുക്തിക്ക് സഹായിക്കും. ഇടയ്ക്കിടെ ആവി പിടിക്കുന്നതും ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതും ആശ്വാസം പകരും. ഈ അവസ്ഥയില്‍ പുകവലി ഒഴിവാക്കേണ്ടതും പുകവലിക്കാരുടെ സാമീപ്യം ഒഴിവാക്കേണ്ടതുമാണ്. കിടക്കുമ്പോൾ തല അല്‍പം ഉയര്‍ത്തി വച്ച് കിടക്കുന്നതും സ്ഥിതി മെച്ചപ്പെടുത്തും.