Friday, January 10, 2025
Top News

പ്രഭാത വാർത്തകൾ

 

🔳യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പട്ടാളം തയാറെടുപ്പുകള്‍ നടത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും ഒരു വിഭാഗം സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്കു തയാറാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ഫുമായി നടത്തിയ സന്ധിചര്‍ച്ചയിലാണ് പുടിന്റെ നിലപാടുമാറ്റം. എന്നാല്‍ റഷ്യ സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്നാണു നാറ്റോ പറയുന്നത്.

🔳28 ബാങ്കുകളില്‍നിന്നായി 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ എബിജി ഷിപ് യാര്‍ഡിന്റെ സിഎംഡി ഋഷി അഗര്‍വാള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാര്‍ എന്നിവരെ പിടികൂടാന്‍ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2012 നും 2017 നും ഇടയിലാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പു നടത്തിയത്. പണവും സ്വത്തുക്കളും പ്രതികള്‍ വിദേശത്തേക്കു കടത്തിയെന്നു വിവരം ലഭിച്ചിട്ടുണ്ട്.

🔳സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തും. മാര്‍ച്ച് 31 നകം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത മൂന്നാഴ്ച മാത്രമേ ശനിയാഴ്ച ക്ലാസ് ഉണ്ടാകൂ. ക്ലാസുകള്‍ പൂര്‍ണായി ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്കു ഭാരമാകുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

🔳വയനാട് തുരങ്കപാത അടക്കം സംസ്ഥാനത്തു 44 വികസന പദ്ധതികള്‍ക്കു കിഫ്ബി 6,943.37 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ നാലു പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും അനുമതി നല്‍കി. വെസ്റ്റ്കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് മൂന്നു പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ ബോര്‍ഡ് യോഗമാണു തുക അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത്.

🔳മോഷണക്കേസില്‍ പിടിയിലായയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കൊലക്കേസ്. ഒറ്റപ്പാലം പാലപ്പുറത്തെ പ്രതി ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് മദ്യപാനത്തിനിടെ സുഹൃത്ത് ആഷിക്കിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. 2015 ല്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പിടികൂടിയത്. ചങ്ങാതിയായ ആഷിക്കിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡിസംബര്‍ 17 ന് പാലപ്പുറം മിലിട്ടറിപറമ്പില്‍ കൊലപ്പെടുത്തിയ കാര്യം പറഞ്ഞത്. സ്വന്തം പെട്ടി ഓട്ടോറിക്ഷയില്‍ അഴിക്കലപ്പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിട്ടെന്നും വെളിപ്പെടുത്തി.

🔳വിമാനത്താവളത്തിലെ പ്ലസ് മാക്സ് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം അടക്കമുള്ള ഉത്പന്നങ്ങള്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് നികുതി നല്‍കാതെ പുറത്തേക്കു കടത്തിയെന്നാണ് കേസ്. 2017 ലാണ് കേസെടുത്തതെങ്കിലും ലൂക് സര്‍വീസില്‍ തുടരുകയായിരുന്നു. കേസില്‍ ഒന്‍പത് തവണ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയെങ്കിലും ഹാജരായില്ല. മറ്റൊരു കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയ ഇയാളെ പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.

🔳കണ്ണൂര്‍ തോട്ടടയിലെ കല്യാണ വീട്ടില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കേസില്‍ പൊലീസ് അന്വേഷിച്ച മിഥുന്‍ ഇന്നലെ കീഴടങ്ങിയിരുന്നു.

🔳പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 28,600 രൂപ പിടിച്ചെടുത്തു. പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.

🔳കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ വ്യാജ ചെലാന്‍ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതിയെ ചുമതലപെടുത്താന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം സിന്‍ഡിക്കറ്റ് തള്ളി.

🔳കാസര്‍കോട് ചിറ്റാരിക്കലില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2014 മാര്‍ച്ച് മുതല്‍ പ്രാര്‍ഥനയുടെ മറവില്‍ പ്രതിയുടെ വീട്ടില്‍വച്ചും പരാതിക്കാരിയുടെ വീട്ടില്‍വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

🔳അനധികൃത മണല്‍ ഖനനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സഭയുടെ 300 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തയാള്‍ താമരഭരണി നദിയില്‍നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന കേസിലാണ് ബിഷപ്പും വൈദികരും അറസ്റ്റിലായത്. മണല്‍ കടത്തിയതിന് 9.57 കോടി രൂപ ജില്ലാ ഭരണകൂടം പിഴ ചുമത്തിയിരുന്നു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ പദ്ധതിക്ക് കോടതിയുടെ അനുമതി ലഭിച്ചെന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണമാണു സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്ന് പ്രതിക്ഷനേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനു സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് സതീശന്‍ ചൂണ്ടികാട്ടി.

🔳കൊട്ടാരക്കരയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ഷമീര്‍ ആലമിനെയാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീര്‍ ആലം. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

🔳ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ . ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ വട്ടംകറക്കി പ്രതി രാജേന്ദ്രന്‍. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവല്‍ക്കിണറിലുണ്ടെന്ന രാജേന്ദ്രന്റെ മൊഴിയനുസരിച്ച് പൊലീസ് അവിടെപോയി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടില്ല.

🔳ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റവും സൈലന്‍സര്‍ മാറ്റവും വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തോടെ ചെത്തി നടക്കുന്ന വിരുതന്മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സൈലന്‍സ് എന്നു പേരിട്ട പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പരിശോധനയും വേട്ടയും ആരംഭിച്ചു. ഹോണ്‍, ഹാന്‍ഡില്‍ എന്നിവ മാറ്റിയാലും നടപടിയുണ്ടാകും. അയ്യായിരം രൂപയാണു പിഴ.

🔳വാടകയ്ക്കെടുത്ത കാറില്‍ ജിപിഎസ് ഘടിപ്പിച്ച് വിറ്റശേഷം പിന്തുടര്‍ന്ന് മോഷണം നടത്തുന്ന സംഘം അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാല്‍ (24), മുഹമ്മദ് ഫാഹില്‍ (26), ശ്യാം മോഹന്‍ (230 എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ഒഎല്‍എക്സില്‍ പരസ്യം നല്‍കിയാണ് വാഹനങ്ങള്‍ വിറ്റിരുന്നത്.

🔳യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിച്ച ഖുര്‍ആന്‍ കോപ്പികള്‍ അവരെത്തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന് കെ.ടി. ജലീല്‍. കോപ്പികള്‍ എന്തുചെയ്യണമെന്ന് കസ്റ്റംസിനോട് ചോദിച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ജലീല്‍.

🔳കാപെക്സ് എംഡി ആര്‍. രാജേഷിനെ സസ്പെന്‍ഡു ചെയ്തു. തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

🔳സിപിഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിച്ചു. ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി ആസ്ഥാനത്തു സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് നിയമനകാര്യം പുറത്തുവിട്ടത്.

🔳ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതായാലോ ഫോണ്‍ നമ്പര്‍ മാറ്റിയാലോ ബാങ്കില്‍ വിവരം അറിയിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം നഷ്ടമാകും. കൊല്ലത്തെ വീട്ടമ്മയുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട വിശേഷം ചൂണ്ടിക്കാട്ടി പോലീസാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. ഉപയോഗിക്കാതിരുന്ന മൊബൈല്‍ നമ്പര്‍ മൊബൈല്‍ കമ്പനി റദ്ദാക്കി മറ്റൊരാള്‍ക്ക് നല്‍കി. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ക്കാണ് കൊല്ലത്തെ വീട്ടമ്മയുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചത്. ഒടിപി നമ്പരും വന്നു. ഇവ ഉപയോഗിച്ചാണ് വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് പണം അപഹരിച്ചത്.

🔳കെഎസ്ഇബിയില്‍ ചെയര്‍മാനും സിഐടിയു അടക്കമുള്ള യൂണിയനുകളും തമ്മിലുള്ള തുറന്ന പോരാട്ടം അവസാനിപ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തുന്നു. നാളെ ഉച്ചയ്ക്കു രണ്ടിനു മന്ത്രിയുടെ വസതിയില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.

🔳മുള്ളമ്പാറ റോഡില്‍ ജഡ്ജിയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ മോഷണം. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടില്‍നിന്ന് 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. വീട്ടില്‍ ജഡ്ജി ഒറ്റക്കാണ് താമസിക്കുന്നത്. വെള്ളിയാഴ്ച നോര്‍ത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയി ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

🔳വാഹന മോഷ്ടാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ സുന്ദരപുരം കാമരാജ് നഗര്‍ സ്വദേശി ഷമീറി (42)നെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട പിക് അപ് മോഷ്ടിച്ചയാളെയാണ് ആലത്തൂര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്കു കടത്താന്‍ ശ്രമിക്കവെ വാളയാറില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി മുപ്പതിലധികം പിക് അപ്പുകള്‍ ഒന്നര മാസത്തിനിടയില്‍ ഇയാള്‍ മോഷ്ടിച്ചെന്നു പോലീസ് പറഞ്ഞു.

🔳നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിലെ പരാതിക്കാരിക്കെതിരേ ഒളിവിലുള്ള പ്രതി അഞ്ജലി. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം. എന്നാല്‍, അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്നും വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി.

🔳ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച പ്രാദേശിക അവധി. നാളെയാണ് പൊങ്കാല.

🔳കരാറുകാരന് ഡെപ്പോസിറ്റ് തുക കൈമാറാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറാണു പിടിയിലായത്.

🔳വീടിനോടു ചേര്‍ന്ന് സെപ്റ്റിക് ടാങ്ക് പണിയാന്‍ അനുമതി നല്‍കാതെ വട്ടംകറക്കിയ കുടുംബത്തിന് ഒടുവില്‍ കൊല്ലം കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഉദ്യോഗസ്ഥരുടെ ദുര്‍നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അനുമതി നല്‍കിയത്. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. കൊല്ലം കടവൂര്‍ സ്വദേശി ബിനുവിനും കുടുംബത്തിനും ഒടുവില്‍ നീതിയെത്തിയത്.

🔳റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 950 അസിസ്റ്റന്റ് ഒഴിവുകള്‍. രജിസ്‌ട്രേഷന്‍ നാളെ മുതല്‍. അവസാന തീയതി മാര്‍ച്ച് എട്ട്.

🔳ഈയിടെ പദ്മശ്രീ പൂരസ്‌കാരം നിഷേധിച്ച പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു. 90 വയസായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

🔳പഞ്ചാബി നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ഡല്‍ഹിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു.

🔳ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്കു കാര്‍ ഇടിച്ചുകയറ്റി കര്‍ഷകരടക്കം എട്ടുപേര്‍ മരിച്ച കേസില്‍ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്ര ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങി. ജയിലിന്റെ പിന്‍ഗേറ്റിലൂടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മൂന്ന് ജാമ്യക്കാരും മൂന്നു ലക്ഷം രൂപ കെട്ടിവെച്ചുമാണ് ജാമ്യം നേടിയത്.

🔳ഏഴു സംസ്ഥാനങ്ങളില്‍നിന്നു 14 ഭാര്യമാര്‍. വ്യാജ ഡോക്ടര്‍ ചമഞ്ഞ് കല്യാണം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളും പണവും തട്ടിയെടുത്ത ഒഡീഷ സ്വദേശി രമേഷ് സൈവന്‍ എന്ന ബിന്ദു പ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തു. മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് ഇയാള്‍ കല്യാണം നടത്തിയിരുന്നത്. ഇയാള്‍ അവസാനം വിവാഹം കഴിച്ച ഡല്‍ഹി സ്വദേശിനിയായ അധ്യാപിക കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

🔳ജാര്‍ഖണ്ഡ് ദുംകയില്‍ 42 ലക്ഷം രൂപ ചെലവാക്കി മുസ്ലിം വ്യവസായി ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ചു. നൗഷാദ് ഷെയ്ഖ് എന്നയാളാണ് കൃഷ്ണക്ഷേത്രം നിര്‍മിച്ചത്. ദൈവം ഒന്നേയുള്ളൂവെന്നും ക്ഷേത്രത്തിലും പള്ളിയിലും ചര്‍ച്ചിലും പ്രാര്‍ഥിച്ചാല്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

🔳മതപഠനത്തിനായി സ്ഥാപിച്ച ബോര്‍ഡിംഗ് സ്‌കൂളില്‍ 13 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും എട്ടുപേരെ ഗര്‍ഭിണിയാക്കുകയുംചെയ്ത കേസില്‍ ഇന്തോനേഷ്യന്‍ അധ്യാപകന് ജീവപര്യന്തം ശിക്ഷ. പടിഞ്ഞാറന്‍ ജാവയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനാണ് ബാന്‍ദുംഗ് കോടതിയിലെ മൂന്നംഗ ബെഞ്ച് ശിക്ഷ വിധിച്ചത്.

🔳ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് എടികെ മോഹന്‍ ബഗാന്‍. ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചു. മന്‍വീര്‍ സിങ് ഇരട്ട ഗോളുമായി തിളങ്ങി.15 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്.

🔳കേരളത്തില്‍ ഇന്നലെ 71,411 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 20 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 284 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,681 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,027 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,23,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109.

🔳രാജ്യത്ത് ഇന്നലെ 29,898 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,831, കര്‍ണാടക- 1,405, തമിഴ്‌നാട്- 1,325, ഡല്‍ഹി- 756.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,17,921, റഷ്യ- 1,66,631, തുര്‍ക്കി – 94,730, ജര്‍മനി – 1,77,515. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.57 കോടിപേര്‍ക്ക്. നിലവില്‍ 7.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,436 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1871, ഇന്ത്യ – 515, ബ്രസീല്‍ – 776, റഷ്യ- 704. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.54 ലക്ഷമായി.

🔳ബിസിനസ് ലോകത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്തമാതൃകയുമായി ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക്. 5.7 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന 50,44,000 ഓഹരികളാണ് ലോകത്തിലെ കാര്‍ നിര്‍മാതാക്കളില്‍ വമ്പനായ ഇലോണ്‍ മസ്‌ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയത്. 2021 നവംബര്‍ 19 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായാണ് ഇത്രയും ഓഹരികള്‍ സംഭാവന നല്‍കിയതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ചില്‍ കമ്പനി സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നവംബര്‍ 18 ലെ ഓഹരി വില അനുസരിച്ച് സംഭാവനയായി നല്‍കിയ ഓഹരികളുടെ മൂല്യം 5.74 ബില്ല്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

🔳സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വായ്പകളുടെയും സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെയും വളര്‍ച്ചയില്‍ പൊതുമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബാങ്ക് ഒഫ് മഹാരാഷ്ട്ര. പൂനെ ആസ്ഥാനമായ ബാങ്ക് 2021-22 ഒക്ടോബര്‍, ഡിസംബര്‍ കാലയളവില്‍ മൊത്ത അഡ്വാന്‍സുകളില്‍ 22.9 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 1,29,006 കോടി രൂപയായി. ചില്ലറ, കാര്‍ഷിക, ചെറുകിട സൂക്ഷ്മ വ്യവസായ വിഭാഗം എന്നിവയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കായ 18.06 ശതമാനം രേഖപ്പെടുത്തി. 75,927 കോടി രൂപ. നിക്ഷേപമായി 80,815 കോടി രൂപ നേടി 18.33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം അഡ്വാന്‍സുകളുടെ 4.73 ശതമാനമാണ് മൊത്ത നിഷ്‌ക്രിയ ആസ്തികള്‍. ഡിസംബര്‍ അവസാനത്തോടെ ബിസിനസ് 18.27 ശതമാനം വര്‍ദ്ധിച്ച് 3,15,620 കോടി രൂപയിലെത്തി. അറ്റാദായം 325 കോടി രൂപയായി ഉയര്‍ന്നു.

🔳വിജയ് നായകനാകുന്ന ചിത്രമാണ് ‘ബീസ്റ്റ്’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘ബീസ്റ്റിലെ’ ആദ്യ ഗാനം ഓണ്‍ലൈനില്‍ ഗാനം തരംഗമായി മാറി. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ ‘ഹലമിതി ഹബീബോ’ എന്ന വരികള്‍ക്ക് നായിക പൂജ ഹെഗ്ഡെ വീണ്ടും ചുവടുകള്‍ വെച്ച് രംഗത്ത് എത്തി. ‘അറബിക് കുത്ത്’ പാട്ടാണ് ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ ആണ് ഗാനരചന. സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന് പാടിയിരിക്കുന്നു. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.

🔳മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആറാട്ടിന്റെ തീം സോംഗ് പുറത്തെത്തി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോ യും ചേര്‍ന്നാണ്. ഫെജോയും ബി കെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മാസ് അപ്പീലില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വെള്ളിയാഴ്ചയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.

🔳ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക്ക് തുടങ്ങിയ പ്രീമിയം എസ്യുവികളോട് മത്സരിക്കാനെത്തുന്ന പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് ജീപ്പ് ഇന്ത്യ. ഈ വര്‍ഷം തന്നെ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. മൂന്നു നിര സീറ്റോടെ, ഇന്ത്യന്‍ വിപണിയില്‍ മെര്‍ഡിയന്‍ എന്നും രാജ്യാന്തര വിപണിയില്‍ കമാന്‍ഡര്‍ എന്നും പേരിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക. മെറിഡിയന്‍ എന്ന പേരില്‍ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്യുവിയിലെ ബോഡി പാനലുകളടക്കം കോംപസില്‍ നിന്നു കടം കൊണ്ടവയാകും. വില സംബന്ധിച്ച സൂചനകളൊന്നുമില്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്യുവിയെ വികസിപ്പിച്ചത്.

🔳തീ തുപ്പുന്ന പന്തിന്റെ മാന്ത്രികതയാല്‍ ക്രിക്കറ്റ് പിച്ചുകളെ ത്രസിപ്പിച്ച ശങ്കര്‍ എന്ന കൊച്ചിക്കാരന് യുവ ക്രിക്കറ്റ് താരത്തിന്റ് ജീവിതം പറയുന്ന നോവല്‍. കളത്തിനു പുറത്തെ മായികലോകത്തില്‍ അഭിരമിച്ചപ്പോള്‍ ശങ്കറിന് നഷ്ടമായത് ജീവശ്വാസം പോലെ അവന്‍ കൈപ്പിടിയിലൊതുക്കിയ സ്വപ്നങ്ങളാണ്. ‘ബൗണ്‍സര്‍’. കെ.എന്‍. രാഘവന്‍. ഡിസി ബുക്സ്. വില 189 രൂപ.

🔳രക്തം കട്ടപിടിക്കാതിരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹെപാരിന്‍ മരുന്ന് ശ്വസിക്കുന്നത് കോവിഡ് രോഗികളില്‍ ശ്വാസകോശത്തിന്റെ ക്ഷതം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് അണുബാധ നിയന്ത്രിക്കാനും വില കുറഞ്ഞ ഈ മരുന്ന് സഹായകമാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13 രാജ്യങ്ങളില്‍ ഹെപാരിന്‍ ഡോസ് ശ്വസിപ്പിച്ച കോവിഡ് രോഗികളെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. കോവിഡ് രോഗികളില്‍ 70 ശതമാനത്തിനും ഹെപാരിന്‍ ഡോസ് ശ്വസിച്ചതിന് ശേഷം ഓക്സിജന്‍ തോത് മെച്ചപ്പെട്ടതായും അവരുടെ ലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. സാധാരണ ഗതിയില്‍ കുത്തിവയ്പ്പായി നല്‍കാറുള്ള ഹെപാരിന്‍ രക്തം കട്ടപിടിച്ച് ക്ലോട്ട് ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ ശ്വസനത്തിലൂടെ അകത്ത് ചെല്ലുന്ന ഹെപാരിന് ആന്റിവൈറല്‍ ഗുണങ്ങളുണ്ടെന്നും ഇവ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനുമായി ഒട്ടിപിടിച്ച് വൈറസിന്റെ വ്യാപനം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ശരീരം ആവശ്യത്തിലും അധികമുള്ള പ്രതികരണം വൈറസിനെതിരെ അഴിച്ചു വിട്ടാല്‍ ശരീരത്തെ ശാന്തമാക്കാനും ഈ ആന്റി ഇന്‍ഫ്ളമേറ്ററി മരുന്ന് ഉപകരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് രോഗബാധ സങ്കീര്‍ണമാകുന്ന രോഗികളില്‍ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹെപാരിന്‍ സഹായിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വാക്സിനേഷന്‍ വേഗത കുറഞ്ഞതും വാക്സീന്‍ ഡോസ് ലഭ്യത കുറഞ്ഞതുമായ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണ മാര്‍ഗമായും ഹെപാരിന്‍ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

*ശുഭദിനം*
*കവിത കണ്ണന്‍*
1963 ല്‍ തമിഴ്‌നാട്ടിലാണ് ചന്ദ്രു ജനിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം. എന്തൊക്കെ പ്രതിസന്ധികള്‍ വന്നുപെട്ടാലും അത് പഠനത്തെ ബാധിക്കാതിരിക്കാന്‍ ചന്ദ്രു ശ്രദ്ധിക്കുമായിരുന്നു. തിരുച്ചിറപ്പിള്ളി റീജണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം നേടിയശേഷം ചെറിയ ചെറിയ ജോലികള്‍. അങ്ങിനെ 1987 ല്‍ ചന്ദ്രു എന്ന ചന്ദ്രശേഖരന് ടിസിഎസില്‍ ജോലി ലഭിച്ചു. ടിസിഎസിലെ ഒരു സാധാരണ ജീവനക്കാരാനായായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റയും നീണ്ട 30 വര്‍ഷങ്ങള്‍. 30 വര്‍ഷം കൊണ്ട് ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയിലെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പ് ഒരു പടയോട്ടം തന്നെയാണ് നടത്തുന്നത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ടാറ്റാ ഗ്രൂപ്പ്, ഇനിയും ഒരു 100 വര്‍ഷം പ്രസക്തിയോടെ നിലനില്‍ക്കാനുള്ള സംരംഭങ്ങള്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ വ്യവസായ ലോകത്ത് ഇദ്ദേഹത്തിന് ഒരു വിളിപ്പേരുണ്ട്. മാരത്തോണ്‍ മാന്‍. മാരത്തോണിലെ സ്ഥിരം സാന്നിധ്യമാണ് ചന്ദ്രശേഖരന്‍, അദ്ദേഹത്തിന്റെ ജീവിതവും ഈ വിളിപ്പേരുപോലെ തന്നെ മാരത്തോണിന് സമം.. ഓരോ നിമിഷവും പുതുജീവന്‍ ആര്‍ജ്ജിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ കീഴില്‍ ടാറ്റാ കുതിക്കുകയാണ്. 30 വര്‍ഷം ടാറ്റയ്‌ക്കൊപ്പം, താഴെ തട്ടില്‍ നിന്നും പടവുകള്‍ കയറി തലപ്പത്തെത്തി നില്‍ക്കുന്ന അദ്ദേഹത്തിന് രാജ്യം ഒരു ആദരവ് സമ്മാനിച്ചു. പത്മഭൂഷന്‍ എന്‍ ചന്ദ്രശേഖര്‍. എവിടെ വിദ്യാഭ്യാസം തുടങ്ങുന്നു എന്നതിലല്ല.. അതിനെ പരിപോഷിപ്പിച്ച് നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നു എന്നതിലാണ് ജൈത്രയാത്രകള്‍ തുടരുന്നത്… – ശുഭദിനം.

Leave a Reply

Your email address will not be published. Required fields are marked *