പ്രഭാത വാർത്തകൾ
🔳മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വിവാദ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ഒപ്പിടുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം. സര്‍വകലാശാലാ നിയമന വിവാദങ്ങളും ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായി. വിദേശസന്ദര്‍ശനത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
🔳അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടന്ന മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി എത്തിയത്. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
🔳കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നു മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ അമ്പതു ശതമാനം ജീവനക്കാരെ മാത്രമേ ജോലി ചെയ്യിച്ചിരുന്നുള്ളൂ.
🔳കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തര ഉപയോഗത്തിന് റഷ്യയുടെ സിംഗിള്‍ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന് അനുമതി. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ വാക്സീനാണ് സ്പുട്നിക് ലൈറ്റ്.
🔳പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് എഎസ്ഐയുടെ തോക്കില്‍നിന്ന് വെടിയേറ്റു. പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിനാണു കൊല്ലം പത്തനാപുരം പോലീസ് സ്റ്റേഷനില്‍ വെടിയേറ്റത്. എസ്ഐയുടെ തോക്കു പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിപൊട്ടുകയായിരുന്നെന്നു പോലീസ്. ആക്രമണത്തില്‍ എഎസ്ഐ അരുണ്‍കുമാര്‍ അടക്കം മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. പ്രതിയേയും പോലീസുകാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ വീണ്ടും പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ല. പരാതിക്കാരനെ അവഹേളിക്കുന്നതാണ് ലോകായുക്തയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ഹര്‍ജിയെന്ന് ചെന്നിത്തല പറഞ്ഞു.
🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് 228 കോടി രൂപ. സമീപവാസികളുടെ വാഹനങ്ങള്‍, കെഎസ്ആര്‍ടി ബസുകള്‍ എന്നിവയുടെ ടോള്‍ തുകയില്‍ ഏഴു കോടി രൂപമാത്രമാണു കിട്ടിയത്. 2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അനുവദിക്കുന്ന സൗജന്യ പാസുകളുടെ ടോള്‍ തുക സര്‍ക്കാര്‍ അടയ്ക്കാന്‍ ധാരണയായത്. 2013 ല്‍ ഈയിനത്തില്‍ മൂന്നര കോടി രൂപ കിട്ടി. അതിനുശേഷം പണം കിട്ടിയില്ല. ഇപ്പോള്‍ കുടിശ്ശിക 132 കോടിരൂപയാണ്. കെഎസ്ആര്‍ടിസിയുടെ ടോള്‍ തുകയില്‍ കിട്ടാനുളളത് 96 കോടി രൂപയാണെന്നും ടോള്‍ പ്ലാസ് അധികൃതര്‍ അറിയിച്ചു.
🔳പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വീട്ടിലെ ഒന്നിലേറെ വാഹനങ്ങള്‍ക്കു യാത്രാസൗജന്യം നിഷേധിച്ചത് കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയറാണെന്ന് ടോള്‍ പ്ലാസ. അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുയാണ്. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ.കെ രാമച്ചന്ദ്രന്റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ എന്‍ജിനിയര്‍ തടഞ്ഞുവച്ച അപേക്ഷകള്‍ പാസാക്കാന്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് എംഎല്‍എ ടോള്‍ പ്ലാസയിലെ സമരം അവസാനിപ്പിച്ചത്.
🔳മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയുടെ പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും. പന്നിയങ്കരയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയ്ക്കെതിരെയാണ് സമരം. സര്‍വ്വീസ് റോഡ്, മലിനജലമൊഴുക്കാനുള്ള കാന എന്നിവയുടെ പണി പൂര്‍ത്തിയായിട്ടില്ല. തദ്ദേശവാസികളുടെ സൗജന്യ പാസിലും തീരുമാനമായില്ല. ഈ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സമരം.
🔳ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്ന് റവന്യു മന്ത്രി കെ രാജന്‍. കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ പരിധിയിലുണ്ടാകും. സജീവന്റെ ഭൂമി തരം മാറ്റ അപേക്ഷയില്‍ ഉടന്‍ നടപടിയുണ്ടാകും. റവന്യു ഓഫിസിലെ ആള്‍ക്ഷാമം പരിഹരിഹരിക്കും. ആര്‍ഡിഒ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഏജന്റുമാരുടെ ഇടപെടല്‍ നിയന്ത്രിക്കും. സജീവന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
🔳ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പാലിച്ചു വേഗത്തില്‍ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണമെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു. അപേക്ഷകളില്‍ നടപടിയെടുക്കാതെ പറവൂരിലെ മല്‍സ്യത്തൊഴിലാളിയായ സജീവന്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
🔳തിരുവനന്തപുരം പേരൂര്‍ക്കട കുറവന്‍കോണത്തെ ചെടി നഴ്സറിയില്‍ യുവതി മരിച്ചനിലയില്‍. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. കഴുത്തില്‍ കുത്തേറ്റിട്ടുണ്ട്. നാലരപവന്റെ മാലയും കൈയിലുണ്ടായിരുന്ന 25,000 രൂപയും കാണാതായി. ചെടികള്‍ക്കു വെള്ളമൊഴിക്കാനാണ് നഴ്സറിയില്‍ എത്തിയത്. ചെടികള്‍ വാങ്ങാന്‍ എത്തിയവര്‍ ആരേയും കാണാതെ ഉടമയെ ഫോണില്‍ വിളിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരിയെ അയച്ചു. അങ്ങനെയാണ് നഴ്സറിയുടെ ഇടുങ്ങിയ സ്ഥലത്തു മൃതദേഹം കണ്ടെത്തിയത്.
🔳പാല കൊട്ടാരമറ്റത്ത് ബസിനുള്ളില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശി വിഷ്ണു മനോഹരനെ കോടതി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കഴിഞ്ഞ മാസം 15 നാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ കണ്ടക്ടര്‍ അഫ്സല്‍ പീഡിപ്പിച്ചത്.
🔳കോഴിക്കോട് വലിയങ്ങാടിയില്‍ പത്തു ടണ്‍ റേഷനരി പിടികൂടിയ സംഭവത്തില്‍ കടയുടമ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. 180 ചാക്ക് റേഷനരി രാത്രി ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ എ. അപ്പുക്കുട്ടന്‍, അരി സൂക്ഷിച്ചിരുന്ന സീന ട്രേഡേഴ്സിന്റെ ഉടമയും കുതിരവട്ടം സ്വദേശിയുമായ സി നിര്‍മല്‍, സഹായി പുത്തൂര്‍മഠം സ്വദേശി പിടി ഹുസൈന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
🔳കോഴിക്കോട് കോടതി വളപ്പില്‍ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പിടിച്ചുപറിക്കേസിലെ പ്രതിയെ ഒന്നര മാസത്തിനുശേഷം പിടികൂടി. കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെ(35) യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷപെടാന്‍ സഹായിച്ച മോഹന്‍ലാല്‍ എന്ന അഭിഭാഷകനെതിരെയും കേസെടുത്തിരുന്നു.
🔳റിയാദിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന മലയാളി പത്തു കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നു പരാതി. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട് സ്വദേശിയായ അല്‍താഫ് എന്നയാള്‍ എണ്‍പതോളം പേരില്‍നിന്ന് പണം കൈക്കലാക്കി മുങ്ങിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു. ഇയാള്‍ക്കെതിരെ റിയാദ് ഇന്ത്യന്‍ എംബസി, നോര്‍ക്ക, ഡിജിപി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
🔳തിരുവനന്തപുരം പാങ്ങോട് മൈലമൂട് വനത്തില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. അമ്പതു വയസുള്ളയാളുടെ അസ്ഥികൂടം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
🔳ഹരിത വിഷയത്തില്‍ എം.എസ്.എഫ് നേത്യത്വത്തിനെതിരെ പ്രതികരിച്ചതിന് കോളേജ് വിദ്യാര്‍ഥിനിക്കുനേരെ സൈബര്‍ ആക്രമണം. മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനത്തിന് നേരയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സൈബര്‍ ആക്രമണം നടത്തിയത്. വ്യാജ ഐഡിയുണ്ടാക്കി സൈബര്‍ ആക്രമണം നടത്തിയതിന് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസിനെതിരേ കേസെടുത്തു.
🔳താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
🔳മൂന്നു കിലോയിലധികം കഞ്ചാവുമായി യുവാവിനെ കൊടുവള്ളി പൊലിസ് പിടികൂടി. പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന സഫ്ദര്‍ ഹാശ്മി എന്ന ഇരുപത്തൊമ്പതുകാരനാണ് പിടിയിലായത്. 55 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മഞ്ചേരിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
🔳വിവാഹം കഴിഞ്ഞ് നവവധുവിനൊപ്പം ഒരു ദിവസം താമസിച്ചശേഷം മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുമ്പാണ് വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. മുങ്ങിയ ഇയാളെ കണ്ടെത്താനാകാതെ നവവധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
🔳നെയ്യാറ്റിന്‍കര ബിഷപ്പിനെ പരിചയമുണ്ടോയെന്ന് ആദ്യം അന്വേഷിച്ചത് ദിലീപിന്റെ സഹോദരീ ഭര്‍ത്താവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇതു വ്യക്തമാക്കുന്ന ചാറ്റ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ടു പറഞ്ഞതെന്ന ദിലീപിന്റെ വാദം തെറ്റെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
🔳ഇടുക്കി വണ്ടന്‍മേട്ടില്‍ ട്രാഫിക് എസ്ഐ മരിച്ച നിലയില്‍. വണ്ടന്‍മേട് പോലീസ് ക്വട്ടേഴ്സില്‍ താമസിച്ചിരുന്ന കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസ് ആണ് മരിച്ചത്.
🔳ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ തൊഴിലാളി സമരം. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ 1700 ജീവനക്കാരാണ് ശമ്പളവര്‍ധന ആവശ്യപ്പെട്ടു പണിമുടക്കുന്നത്. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. വിമാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കുക, ഇന്ധനം നിറയ്ക്കുക തുടങ്ങിയ ചുമതലകള്‍ ഇവര്‍ക്കാണ്.
🔳പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ഛന്നി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ലുധിയാനയില്‍ നടന്ന വിര്‍ച്വല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്തു. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നുരാഹുല്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു.
🔳ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എഐസിസി സെക്രട്ടറി സത്യനാരായണ പട്ടേലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ബല്‍റാംപൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഉള്‍പെടെ നാലു നേതാക്കളെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലാണു കൈയാങ്കളിയുണ്ടായത്.
🔳മദ്യമാണെന്നു തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച അമ്പത്തഞ്ചുകാരന്‍ മരിച്ചു. ത്രിപുര ഖൊവൈ ജില്ലയിലെ ലങ്കാപുര ഗ്രാമത്തിലെ കാര്‍ത്തിക് മോഹന്‍ ദെബ്ബര്‍മ എന്നയാളാണ് മരിച്ചത്. മദ്യപിച്ചു ലക്കുകെട്ട് വീട്ടില്‍ കിടന്നുറങ്ങിയ ഇയാള്‍ അര്‍ധരാത്രിയോടെ ഉണര്‍ന്ന് മദ്യക്കുപ്പിയെന്നു ധരിച്ച് ആസിഡ് കുപ്പി തുറന്ന് കുടിക്കുകയായിരുന്നു. റബര്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്.
🔳സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ രണ്ടു വിദേശികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ആറു മാസം ജയില്‍ ശിക്ഷയും രണ്ടു ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ധനികരെന്ന് തോന്നിപ്പിക്കാന്‍ വാഹനത്തില്‍ നിന്ന് വ്യാജ കറന്‍സികളാണ് വലിച്ചെറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബൈ മറീന ഏരിയയിലായിരുന്നു സംഭവം.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഇന്നലെ നടന്ന ചെന്നൈയിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി.
🔳വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 28 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 88,098 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 22 മരണങ്ങള്‍. ഇന്നലെ സ്ഥിരീകരിച്ച 493 മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 58,255 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🔳രാജ്യത്ത് ഇന്നലെ 79,099 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 9,666, കര്‍ണാടക- 8,425, തമിഴ്നാട്- 6,120, ഡല്‍ഹി- 1,410.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു താഴെ മാത്രം. ബ്രസീല്‍ – 59,737, ഫ്രാന്‍സ്- 1,55,439, ഇംഗ്ലണ്ട് – 54,095, റഷ്യ- 1,80,071, തുര്‍ക്കി – 87,934, ഇറ്റലി- 77,029, ജര്‍മനി-1,14,424, ജപ്പാന്‍ – 1,05,817. ഇതോടെ ആഗോളതലത്തില്‍ 39.57 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.55 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,718 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 177, ഇന്ത്യ – 897, ബ്രസീല്‍ – 324, റഷ്യ- 661, മെക്‌സികോ- 588. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.57 ലക്ഷമായി.
🔳 2022 – 23 സാമ്പത്തിക വര്‍ഷവും രാജ്യത്ത് ഐ.പി.ഒ ബൂം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. 35 കമ്പനികള്‍ക്ക് പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. 33 കമ്പനികള്‍ ഐ.പി.ഒയ്ക്കായി അപേക്ഷ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഒഫ് ഇന്ത്യന്‍ ഇക്കോണമിയുടേതാണ് റിപ്പോര്‍ട്ട്. എല്‍.ഐ.സിയാണ് ഉടന്‍ നടക്കാനിരിക്കുന്ന മെഗാ ഐ.പി.ഒ. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100ല്‍പ്പരം കമ്പനികളാണ് പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയത്. അതില്‍ പേടിഎം ഐ.പി.ഒ 183 ശതകോടി രൂപ സമാഹരിച്ച് മുന്നിലെത്തി. സൊമാറ്റോ 93.8 ശതകോടി രൂപയാണ് സമാഹരിച്ചത്.
🔳നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 90 ശതമാനത്തിന്റെ വളര്‍ച്ച. 1,027 കോടി രൂപയുടെ അറ്റാദായമാണ് മൂന്നാം പാദത്തില്‍ ബാങ്ക് നേടിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 540.72 കോടിയായിരുന്നു ബാങ്കിന്റെ ലാഭം. ആകെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,099.78 കോടിയുടെ കുറവുണ്ടായി. 11,211.14 കോടി രൂപയാണ് മൂന്നാം പാദത്തില്‍ ആകെ വരുമാനം. അറ്റ പലിശ വരുമാനം 3,739 കോടിയില്‍നിന്ന് 3,408 കോടിയായി കുറഞ്ഞു. പലിശേതര വരുമാനത്തിലും 3.26 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1,835 കോടി രൂപയാണ് മൂന്നാം പാദത്തില്‍ പലിശേതര വരുമാനമായി ബാങ്കിന് ലഭിച്ചത്.
🔳ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ച് മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ 33-ാമത്തെ ചിത്രം കൂടിയാണ് ഹേയ് സിനാമിക. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.
🔳എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള ഫാമിലി ഇമോഷണല്‍ ചിത്രം ‘പത്താം വളവി’ന്റെ ടീസര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.
🔳കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത എസ്.യു.വികളില്‍ ഒന്നാംസ്ഥാനം ചൂടി ഹ്യുണ്ടായ് ക്രെറ്റ. 32,799 ക്രെറ്റ യൂണിറ്റുകളാണ് 2021ല്‍ ഹ്യുണ്ടായ് വിദേശ വിപണികളിലെത്തിച്ചത്. 2020ലെ 25,995 യൂണിറ്റുകളേക്കാള്‍ 26.17 ശതമാനമാണ് വര്‍ദ്ധന. 2021ല്‍ ഇന്ത്യയില്‍ നിന്ന് ഹ്യുണ്ടായ് ആകെ 42,238 എസ്.യു.വികള്‍ കയറ്റുമതി ചെയ്തു. ഇതില്‍ 7,698 യൂണിറ്റുകള്‍ വെന്യൂവും 1,741 യൂണിറ്റുകള്‍ അല്‍കാസറുമാണ്. എല്ലാ ശ്രേണികളിലുമായി കഴിഞ്ഞവര്‍ഷം ഹ്യുണ്ടായ് കയറ്റുമതി ചെയ്തത് 1.30 ലക്ഷം യൂണിറ്റുകള്‍. വളര്‍ച്ച 31.8 ശതമാനം. നിലവിലെ മോഡലുകളുടെ എല്‍.പി.ജി പതിപ്പുകളും ഹ്യുണ്ടായി വിദേശത്ത് എത്തിക്കുന്നുണ്ട്.
🔳യാത്രയും ജീവിതവും സമ്മാനിക്കുന്ന സമ്മിശ്രമായ ഭാവാനുഭൂതികളിലൂടെ കടന്നു പോകുന്ന പെണ്‍ജീവിതത്തിന്റെ നേര്‍ചിത്രമാണീ നോവല്‍. ‘മറുപരിസീലനൈ’. സ്വപ്ന സി കോമ്പാത്ത്. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 130 രൂപ.
🔳ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. രാവിലെ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ദേഹത്ത് എണ്ണ തേച്ച് അല്‍പ്പം വ്യായാമം ചെയ്യുക. എന്നിട്ട് അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ പയറു പൊടി, കടലമാവ്, വീര്യം കുറഞ്ഞ സോപ്പ് എന്നിവയിലേതെങ്കിലും തേച്ച് കുളിക്കാം. എന്നാല്‍ ചൂട് കൂടിയ വെള്ളം തലയില്‍ ഒഴിക്കുന്നത് കണ്ണിനും മുടിക്കും കേടുണ്ടാക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദഹനത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ആഹാരം കഴിഞ്ഞ് ഉടനെ കുളിക്കരുത്. കൂടാതെ അസ്ഥിരോഗങ്ങളും ആസ്തമ ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുമുള്ളവര്‍ വൈകിട്ട് അഞ്ചിന് ശേഷം തല കുളിക്കുന്നത് കഴിവതും ഒഴിവാക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനെ ഒരു കാര്യം ഏല്‍പ്പിച്ചു. തന്റെ രാജ്യത്തെ കാഴ്ചയില്ലാത്തവരുടെ പട്ടിക തയ്യാറാക്കുക. ബീര്‍ബല്‍ അതിനായി ഒരാഴ്ചത്ത സമയം ആവശ്യപ്പെട്ടു. പിറ്റേദിവസം രാജവീഥിയുടെ പ്രധാന ഭാഗത്തിരുന്ന് ബീര്‍ബല്‍ ചെരുപ്പുതുന്നുവാന്‍ തുടങ്ങി. ബീര്‍ബലിനെ ചെരുപ്പുകുത്തിയുടെ വേഷത്തില്‍ കണ്ട എല്ലാവരും അമ്പരന്നു. ചിലര്‍ അടുത്തെചെന്ന് ചോദിച്ചു: താങ്കള്‍ എന്താണിവിടെ ചെയ്യുന്നത്? അത് കേട്ട് അദ്ദേഹം പുഞ്ചിരിച്ചു. ഇടയ്ക്ക് എന്തോ എഴുതുന്നുമുണ്ടായിരുന്നു. അന്ന് വൈകുന്നേരം രാജാവും ആ വഴിയെത്തി. ചെരുപ്പുതുന്നുന്ന ബീര്‍ബലിനെ കണ്ടിട്ട് അദ്ദേഹം ചോദിച്ചു: താങ്കളിവിടെ എന്താണ് ചെയ്യുന്നത്? അപ്പോഴും മറുപടിയൊന്നും പറയാതെ ബീര്‍ബല്‍ പുഞ്ചിരിച്ചു. ഒരാഴ്ച കഴിഞ്ഞ് ബീര്‍ബര്‍ കാഴ്ചയില്ലാത്തവരുടെ പട്ടിക നല്‍കി. അതില്‍ തന്റെ പേരും കണ്ട അക്ബര്‍ ചക്രവര്‍ത്തി ചോദിച്ചു: ഞാനെങ്ങനെ ഈ ലിസ്റ്റില്‍ വന്നു… ബീര്‍ബല്‍ പറഞ്ഞു: ഞാന്‍ വഴിയരുകില്‍ ഇരുന്ന് എന്താണ് ചെയ്യുന്നത് എന്ന് കണ്ടിട്ടും താങ്കള്‍ ചോദിച്ചു, ഞാനെന്താണ് ചെയ്യുന്നത് എന്ന്. അപ്പോള്‍ അങ്ങയും കാഴ്ചയില്ലാത്തവരുടെ പട്ടികയില്‍ പെടും…കാഴ്ചയെ രണ്ടുതരത്തില്‍ നമുക്ക് തരം തിരിക്കാം… ഒന്ന് കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നവര്‍, രണ്ട് കണ്ടിട്ടും കണ്ടഭാവം കാണിക്കാത്തവര്‍.. ആദ്യത്തേത് അലസതയും രണ്ടാമത്തേത് അവഗണനയുമാണ്. മടി നമുക്ക് പരിശ്രമത്തിലൂടെയോ പരിശീലനത്തിലൂടെയോ മാറ്റാം. എന്നാല്‍ അവഗണന , മനോഭാവവ്യതിയാനത്തിലൂടെ മാത്രമേ മാറ്റാനാകൂ.. കാഴ്ചയുളളവര്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ കാഴ്ചകളും കാണണം. അനാരോഗ്യകരമായ കാഴ്ചകളോട് മുഖം തിരിക്കണം. ദയനീയമായ കാഴ്ചകളെ മെച്ചപ്പെടുത്തണം, പ്രചോദനാത്മകമായ കാഴ്ചകളെ പുനരാവിഷ്‌കരിക്കണം. സംശയാസ്പദമായ കാഴ്ചകളെ മറനീക്കി പുറത്ത് കൊണ്ടുവരണം. ജന്മനാ കാഴ്ചയില്ലാത്തത് തെറ്റല്ല, പക്ഷേ, കാഴ്ചയുണ്ടായിട്ടും കാണാന്‍ തയ്യാറാകാത്തതാണ് തെറ്റ്. നമുക്കും കണ്ണ് തുറന്ന് കാണാന്‍ ശീലിക്കാം – ശുഭദിനം.