Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳സംസ്ഥാനത്തു കോവിഡ് വ്യാപനം അതിതീവ്രമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതു ശതമാനം കവിഞ്ഞു. ഇന്നലെ 18,123 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 59,314 സാമ്പിളുകളാണു പരിശോധിച്ചത്. എല്ലാ ജില്ലകളിലും ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന. ആശുപത്രികളില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 1,03,864 പേരാണു കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

🔳ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വാക്സിന്‍ നല്‍കും. 15 വയസും അതിനുമുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണു വാക്സിന്‍ നല്‍കുക.

🔳കൈക്കൂലി കേസില്‍ ഗെയില്‍ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റു ചെയ്തു. രംഗനാഥന്‍ അടക്കം ആറു പേരാണ് അറസ്റ്റിലായത്. ഗെയിലിന്റെ പെട്രോ- കെമിക്കല്‍ ഉത്പന്നങ്ങള്‍ വില കുറച്ചുനല്‍കാന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിലായ നാലാം പ്രതിയും മലയാളിയുമായ രാമകൃഷ്ണന്‍ നായരാണ് ഇടനിലക്കാരില്‍നിന്ന് പണം വാങ്ങിയത്. രംഗനാഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടിച്ചെടുത്തു.

🔳കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഒരാളെയും കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കും. എതിര്‍ക്കുന്നവര്‍ക്കു പിന്നില്‍ കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം ആരോപിച്ചു.

🔳അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നല്‍കിയതിനാലാണ് കെ റെയിലിന്റെ വിശദ പദ്ധതിരേഖയായ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡിപിആറിലെ അപകടങ്ങള്‍ പുറത്തറിഞ്ഞാല്‍ ജനരോഷമുണ്ടാകുമെന്നു ഭയന്നാണ് ഇത്രയുംകാലം ഡിപിആര്‍ രഹസ്യമാക്കി സൂക്ഷിച്ചത്. സുധാകരന്‍ പറഞ്ഞു.

🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസാണ് പിടിയിലായത്. നാലാം പ്രതിയാണ് നിതിന്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അഞ്ചാം പ്രതിയെകൂടി പിടികൂടാനുണ്ട്.

🔳ധീരജിന്റെ കൊലപാതകത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്റെ അറിവോടെ നടന്ന കൊലപാതകമാണെന്ന് സുധാകരന്‍ തന്നെയാണ് പറയുന്നത്. ഇരന്നു വാങ്ങിയ കൊലപാതകമെന്ന് സുധാകരന്‍ പറഞ്ഞെന്നും കോടിയേരി.

🔳സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനും പൊതുസമ്മേളനം ഉണ്ടാകില്ല. എന്നാല്‍ വെര്‍ച്വല്‍ സമ്മേളനം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും കുറച്ചു. 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം.

🔳തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും തെക്കുംകരയില്‍ നൃത്തം അവതരിപ്പിച്ചവര്‍ ന്യൂട്രോണ്‍ ബോംബുണ്ടാക്കിയിട്ടില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

🔳തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിനു മുന്നോടിയായി നടത്തിയ തിരുവാതിരക്കളിയില്‍ ക്ഷമചോദിച്ച് സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ എസ്. അജയന്‍. ധീരജ് കൊല്ലപ്പെട്ട ദിവസം തിരുവാതിര നടത്തിയതും പാട്ടിലെ വരികളും സഖാക്കള്‍ക്കു വേദനയുണ്ടാക്കിയതായി മനസിലാക്കുന്നുവെന്ന് സമ്മേളനത്തില്‍ നന്ദി പറയവേ അജയന്‍ പറഞ്ഞു.

🔳പത്തനംതിട്ട അങ്ങാടിക്കലില്‍ സിപിഎം – സിപിഐ സംഘര്‍ഷം. നിയന്ത്രിക്കാന്‍ എത്തിയ കൊടുമണ്‍ പോലീസ് എസ്ഐ മഹേഷ്‌കുമാറിനു പരിക്ക്. ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

🔳ഇന്നലെ രാവിലെ ടിക്കറ്റെടുത്ത പെയിന്റിംഗ് തൊഴിലാളിക്ക് 12 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഭാഗ്യശാലി. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. ശെല്‍വല്‍ എന്ന ലോട്ടറി വില്‍പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ‘ഒരുപാട് കടമുണ്ട് അതെല്ലാം തീര്‍ക്കണം. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.’ സദന്‍ പറഞ്ഞു.

🔳കമ്മീഷന്‍ അടിച്ചു മാറ്റാന്‍ സിപിഎം ഉണ്ടാക്കിയ ഉടായിപ്പു പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പു പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കാനിടയില്ലെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടല്ല കെ റെയിലിന്റെ ഡിപിആര്‍ രഹസ്യമാക്കി വച്ചത്. ഇപ്പോള്‍ പുറത്തുവിട്ടത് ജനങ്ങളെ ഭയന്നാണ്. അദ്ദേഹം പറഞ്ഞു.

🔳ശബരിമല തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മുന്‍കൂട്ടി ബുക്ക് ചെയ്താണ് ദര്‍ശനത്തിന് എത്തുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും. സ്പോട്ട്ബുക്കിംഗ് തുടരുകയാണ്. ഈ മാസം 19 വരെ ദര്‍ശനം തുടരും.

🔳താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നതു വെറുതേയാണെന്ന് നടി പത്മപ്രിയ. നടിയെ ആക്രമിച്ച സംഭവത്തിനു പിറകേ പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം. പുതിയ അപേക്ഷ നല്‍കണമെന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും പത്മപ്രിയ. കോഴിക്കോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പത്മപ്രിയ.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയും. എട്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

🔳കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികള്‍ക്കെതിരെ പൊലീസ് കേസ്. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കും എതിരെയാണ് കേസ്. കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

🔳മലപ്പുറം താനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അര്‍ഷിദാ(19)ണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്.

🔳പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

🔳രാജ്യത്തെ മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇലക്ട്രോണിക് വോട്ടു യന്ത്രത്തിനെതിരേ ആദ്യം പ്രചാരണം നടത്തിയത് മതതീവ്രവാദികളാണ്. പിറകേ രാഷ്ട്രീയപാര്‍ട്ടികള്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു തുടക്കം. ജെഎന്‍യുവിലെ ഇടത് -ജിഹാദി മുന്നണി പൊളിച്ചപ്പോള്‍ അവര്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളെ താവളമാക്കിയെന്നും സുരേന്ദ്രന്‍.

🔳കോട്ടയം പാലായില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ അറസ്റ്റു ചെയ്തു. സംക്രാന്തി സ്വദേശി തുണ്ടിപ്പറമ്പില്‍ അഫ്സല്‍ എന്ന മുപ്പതുകാരനാണ് പിടിയിലായത്. ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി എബിനേയും അറസ്റ്റു ചെയ്തു.

🔳മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍തൃസഹോദരന്റെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തു. എസ്റ്റേറ്റിലെ വീടിനു സമീപം നിര്‍ത്തിയിട്ട കാറാണ് രാത്രിയില്‍ തല്ലിതകര്‍ത്തത്. യുഡിഎഫില്‍നിന്നും കൂറുമാറി എല്‍ഡിഎഫിലേക്കുപോയി പ്രസിഡന്റായ പ്രവീണകുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിനു സമീപം നൂറുദിന റിലേ സമരം ആരംഭിച്ചിരുന്നു.

🔳വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്കു വിലക്ക്. ഓണ്‍ലൈനിലൂടെ ബുക്കു ചെയ്തവര്‍ക്കു പണം തിരിച്ചുനല്‍കും. കോവിഡ് വ്യാപനംമൂലമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

🔳ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരില്‍നിന്നു രാജിവച്ച മൂന്നാമത്തെ മന്ത്രി ദാരാസിംഗ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അപ്നാദള്‍ എംഎല്‍എ ആര്‍.കെ. വര്‍മയും രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

🔳കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ്. ബസി പത്താന മണ്ഡലത്തിലാണ് മത്സരിക്കുക. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു സ്ഥാനാര്‍ഥിത്വം എന്ന മാനദണ്ഡമനുസരിച്ചാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്.

🔳ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിനെതിരെ യുപി പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യുപിയിലെ നോയിഡയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതിനാണ് കേസ്.

🔳സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ താക്കൂറിനെ പൊലീസെത്തി പിന്തിരിപ്പിച്ചു.

🔳ബിഹാറിലെ നളന്ദയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 11 മരണം. സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയണമെന്ന് ഹിന്ദുസ്ഥാനി യുവമോര്‍ച്ച നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി ആവശ്യപ്പെട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

🔳ഹരിയാനയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 125 കോടി രൂപ തട്ടിയെടുത്ത ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് 14 കോടി രൂപ കണ്ടെടുത്തു. ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഏഴ് ആഡംബര കാറുകളും പിടിച്ചെടുത്തു. ഗുരുഗ്രാം മനേസറിലെ എന്‍എസ്ജി ആസ്ഥാനത്തെ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ യാദവാണു തട്ടിപ്പുകേസില്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മമതയേയും അറസ്റ്റു ചെയ്തിട്ടുണ്ട്.

🔳ഹരിദ്വാറില്‍ ധരം സന്‍സദില്‍ മുസ്ലീം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തില്‍ യതി നരസിംഹാനന്ദനെതിരേ കേസെടുത്തത് സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിച്ചെന്ന് ആരോപിച്ച്. ജാമ്യം ലഭിക്കാന്‍ എളുപ്പമാകാനാണ് പോലീസ് ഇങ്ങനെ സഹായിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ വിദ്വേഷ പ്രസംഗത്തിന് ഇയാള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു പോലീസ്.

🔳ഇന്ത്യയിലെ കോവിഡ് വാക്സിനേഷന്‍ യജ്ഞം വിജയകരമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാര്‍ഡ്യം കൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളും സര്‍ക്കാരും ഒന്നിച്ചുനിന്ന് മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

🔳അറേബ്യന്‍ ഗള്‍ഫില്‍ ചെറിയ ഭൂചലനം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന് 4.5 ആണ് തീവ്രത രേഖപ്പെടുത്തിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍-ബെംഗളുരു എഫ്‌സി മത്സരവും മാറ്റിവെച്ചിരുന്നു.

🔳ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാതെ തോല്‍വി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ 146 റണ്‍സിന് വിജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 59,314 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 30.55. സംസ്ഥാനത്തെ ആകെ മരണം 50,832. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299.

🔳രാജ്യത്ത് ഇന്നലെയും രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 41,327 കര്‍ണാടക- 34,047 തമിഴ്നാട്- 23,975 പശ്ചിമബംഗാള്‍- 14,938 ഉത്തര്‍പ്രദേശ്- 17,185 ഡല്‍ഹി- 18,286.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ഫ്രാന്‍സ്- 2,78,129, ഇറ്റലി- 1,49,512, അര്‍ജന്റീന- 65,241, ആസ്ട്രേലിയ- 86,060, ഇംഗ്ലണ്ട്- 70,924. ഇതോടെ ആഗോളതലത്തില്‍ 32.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.44 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,827 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 271, റഷ്യ- 686, ഇറ്റലി -248. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.57 ലക്ഷമായി.

🔳ത്രാസിയോ ഹോള്‍ഡിംഗ്സ് ഇന്ത്യയിലേക്ക് എത്തുന്ന്ു. ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണി തന്നെയാണ് ത്രാസിയോയുടെയും ലക്ഷ്യം. ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ലൈഫ്ലോങ് ഓണ്‍ലൈനെ ത്രാസിയോ ഏറ്റെടുത്തു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ബ്രാന്‍ഡുകളുമായി സഹകരിച്ച് അവരുടെ വിപണി വര്‍ധിപ്പിക്കുകയാണ് ത്രാസിയോ ചെയ്യുന്നത്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിന് ഇന്ത്യയില്‍ 3750 കോടി രൂപയാണ് ത്രാസിയോ ചെലവഴിക്കുക.

🔳പേയ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍ എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസ് 2022ലെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സീസണ്‍ ജനുവരി 19-ന് ആരംഭിക്കും. ഐപിഒയ്ക്ക് 166-175 രൂപയുടെ പ്രൈസ് ബാന്‍ഡ് സ്ഥാപനം നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 21 ന് ഇഷ്യു അവസാനിക്കും. ഫെബ്രുവരി 1 ന് കമ്പനി എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഐപിഒ വലുപ്പം 800 കോടിയില്‍ നിന്ന് 680 കോടിയായി കമ്പനി കുറച്ചിട്ടുണ്ട്.

🔳സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’ ജനുവരി 21 ന് തിയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

🔳അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ കൂട്ടുകെട്ടിലുള്ള കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരാല്‍’. തിരക്കഥ – അനൂപ്മേനോന്‍. കണ്ണന്‍ താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘വരാല്‍ ‘. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ഇത്. ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍രാമകൃഷ്ണന്‍, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിന്‍, കൊല്ലം തുളസി, സുധീര്‍, നിത പ്രോമി, മന്‍രാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

🔳ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഹിലക്സ് പിക്കപ്പിനെ ജനുവരി 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയതായും ഡീലര്‍ഷിപ്പ് അനുസരിച്ച് 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ബുക്കിംഗ് തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോഞ്ചിന് ശേഷം രാജ്യത്തെ ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കുകളുടെ പ്രധാന വിഭാഗത്തിലേക്ക് ടൊയോട്ട ഹിലക്സ് ഇടംപിടിക്കും. ഏകദേശം 30 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നത്.

🔳നാം പരിചയിച്ച സഞ്ചാര സാഹിത്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നവാഗത എഴുത്തുകാരന്‍ അനീഷ് എം കൂട്ടായി ”സര്‍ക്കീട്ട്” എന്ന പുസ്തകത്തിലൂടെ മലയാളത്തിന് സമര്‍പ്പിക്കുന്നത് . ഇരുചക്രവാഹനത്തില്‍ ഭാരതത്തിന്നപ്പുറം നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള തന്റെ പ്രയാണത്തിന്റെ രസകരമായ അനുഭവങ്ങളാണ് ഈ കൃതിയില്‍ അനീഷ് പങ്കുവെയ്ക്കുന്നത്. എ. അജയഘോഷ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 247 രൂപ.

🔳കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒരു വ്യക്തിയില്‍ രണ്ട് തവണ ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍. ആദ്യത്തെ ഒമിക്രോണ്‍ അണുബാധ പ്രതിരോധ സംവിധാനത്തെ വേണ്ടത്ര ഉത്തേജിപ്പിക്കാത്ത ഒരു ‘ലോ-ഡോസ്’ ആണെങ്കില്‍ തീര്‍ച്ചയായും ഒരു ഒമിക്രോണ്‍ റീഇന്‍ഫെക്ഷന്‍ സാധ്യമാണ്. പുതിയ ഒമിക്രോണ്‍ റീഇന്‍ഫെക്ഷനുകളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്ന് വരികയാണ്. ഒമിക്രോണ്‍ അതിവേഗത്തില്‍ പകരുന്നു. മാത്രമല്ല ഇത് അതിശയകരമായ സംരക്ഷണ പ്രതിരോധശേഷി ഉണ്ടാക്കുന്നില്ല. ഒമിക്രോണിന് മറ്റ് അണുബാധകള്‍ ഉള്ളവരെ ബാധിക്കാമെന്നും ഇത് കുറച്ച് പ്രതിരോധശേഷിയുള്ള ചിലരില്‍ നേരിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണ്‍ വേരിയന്റ് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയിലധികം കൂടുതലാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നു. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്തവരിലും ബൂസ്റ്റര്‍ ഡോസ് എടുത്ത് കഴിഞ്ഞവരിലും ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

*ശുഭദിനം*

രണ്ടു സുഹൃത്തുക്കള്‍ സംസാരിച്ചിരിക്കുകയായിരുന്നു. അതില്‍ ഒരാള്‍ മറ്റൊരാളോട് ചോദിച്ചു : നീ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടോ ? അപ്പോള്‍ സുഹൃത്ത് പറഞ്ഞു: പുനര്‍ജന്മം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം എനിക്കറിയാം. മനസ്സുവെച്ചാല്‍ ഏതു നിമിഷവും തിരുത്താനും മാറാനും പുനരാരംഭിക്കാനും ആര്‍ക്കും കഴിയും! പുനര്‍ജന്മം മരണത്തിന് ശേഷം സാധ്യമാകുന്ന ഒന്നാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ മരിച്ചതിന് സമം ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാനാകും. പക്ഷേ, അവരെ സംസ്‌കരിക്കുന്നത് വാര്‍ദ്ധ്യക്യത്തിലാണെന്ന് മാത്രം. ശ്വാസം നിലക്കുമ്പോള്‍ മരിക്കുന്നതല്ല, ശ്വാസോച്ഛ്വാസം നിലനില്‍ക്കുമ്പോള്‍ തന്നെ നിര്‍ജ്ജീവമാകുന്നതാണ് കൂടുതല്‍ ഭയാനകം. ജീവിച്ചിരിപ്പുണ്ട് എന്നതിനു തെളിവായി നാഡീസ്പന്ദനം മാത്രം പോരാ. അത് വെന്റിലേറ്ററിലുള്ളവര്‍ക്കുമുണ്ട്. ഇന്നലത്തേതിനേക്കാള്‍ മെച്ചപ്പെടുത്തി ഇന്നെന്താണ് ചെയ്തത്. എന്നില്‍ മാറ്റാന്‍ ശ്രമിച്ച ദുശ്ശീലം എന്താണ് , ഇന്ന് എന്തു പുതിയ കാര്യമാണ് ചെയ്യാന്‍ ശ്രമിച്ചത് തുടങ്ങിയവയ്ക്ക് അനുകൂല മറുപടിയാണെങ്കില്‍ നാം പുനര്‍ജീവനത്തിന്റെ പാതയിലാണ് എന്ന് നിസ്സംശയം പറയാം. സ്വയം നവീകരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിയാത്തവരായി ആരും ഇല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എത്ര തവണ പുനര്‍ജ്ജനിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ജീവിതത്തിന്റെ പുതുമയും സൃഷ്ടിപരതയും. ഒന്നും തുടച്ചുനീക്കാതെയും കൂട്ടിച്ചേര്‍ക്കാതെയുമുള്ള ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉളളത്… നമുക്ക് ഓരോ ദിവസവും പുനര്‍ജനിക്കാന്‍ ശ്രമിക്കാം

 

Leave a Reply

Your email address will not be published. Required fields are marked *