39 ഭാര്യമാർ, 94 മക്കൾ; ലോകത്തെ വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ അന്തരിച്ചു
ഐസോൾ∙ ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. 39 ഭാര്യമാറും 94 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് സിയോണയുടെ കുടുംബം. മിസോറം മുഖ്യമന്ത്രിയാണ് സിയോണയുടെ മരണം ട്വിറ്റിറിലൂടെ ലോകത്തെ അറിയിച്ചത്. സിണോയയുടെ ‘വലിയ കുടുംബം’ വിനോദസഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടമാക്കി ഭക്തവാന്ഗ് ഗ്രാമത്തെയും മിസോറമിനെയും മാറ്റിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തലസ്ഥാന നഗരയായ ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് അന്ത്യം. ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ അംഗമാണ് സിയോൺ. 400 കുടുംബങ്ങൾ അംഗങ്ങളായുള്ള ചന പാൾ ക്രിസ്ത്യൻ അവാന്തര വിഭാഗമാണിത്. 33 പേരക്കുട്ടികളും സിയോണിനുണ്ട്. മലനിരകൾക്കിടയിൽ 4 നിലകളിലായി 100 മുറികളുള്ള വീട്ടിൽ കൂട്ടുകുടുംബമായാണ് ഇവർ കഴിഞ്ഞിരുന്നത്.
1945 ജൂലൈ 21നാണ് സിയോണയുടെ ജനനം. 2011ൽ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു.17 വയസ്സിൽ 3 വയസ്സ് മൂത്ത സ്‌ത്രീയെ വിവാഹം ചെയ്‌താണു സിയോൺ വിവാഹ പരമ്പരയ്‌ക്കു തുടക്കമിട്ടത്. ഒരു വർഷത്തിനിടെ 10 സ്‌ത്രീകളെ വിവാഹം ചെയ്‌തു. പിന്നീടു വിവാഹം തുടർക്കഥയായി. അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്.
ഭാര്യമാര്‍ക്കെല്ലാം ഡോര്‍മറ്ററി സൗകര്യമാണുള്ളത്. എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ട്. മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിലാണ് ഈ ‘മെഗാകുടുംബം’ കഴിയുന്നത്. ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ.
ഈ കുടുംബത്തിനു ആവശ്യമായ ആഹാരം ഉണ്ടാക്കുന്നതും രസകരമാണ്. 99 കിലോ വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ഒരു നേരത്തെ ആഹാരത്തിനു 30 കോഴികളെ വരെ കറി വയ്ക്കേണ്ടി വരാറുണ്ട്. 59 കിലോ കിഴങ്ങാണ് വൈകിട്ടത്തെ ആഹാരത്തിനു വേണ്ടി മാത്രം വേണ്ടി വരിക. ഭക്ഷണകാര്യത്തിൽ ഈ കുടുംബം ഏറെക്കുറെ സ്വയംപര്യാപ്തമാണ്. അതിനായി വീടിനോട് ചേർന്നുള്ള വിശാലമായ കൃഷിത്തോട്ടത്തിൽ പച്ചക്കറികൃഷി ചെയ്യുന്നു. കോഴി, പന്നി വളർത്തൽ എന്നിവയുമുണ്ട്.
കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. ഇവർക്കായി വീടിനോട് ചേര്‍ന്നുതന്നെ മരപ്പണിശാലകളും കുട്ടികൾക്കായി സ്‌കൂളും കളിക്കാൻ മൈതാനവുമുണ്ട്. ഒരു വര്‍ഷത്തില്‍ പത്ത് വിവാഹം കഴിച്ച് സിയോൺ നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു. ബഹുഭാര്യാത്വം അനുവദിക്കുന്ന ‘കാന’ എന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്