കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു; ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങുന്നു
ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു.
ആയുധങ്ങളുമായി നീങ്ങിയ ബോട്ട് കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തന്ത്രപ്രധാന മേഖലകളിലെല്ലാം ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ബോട്ടിലുള്ളത് ആരാണെന്നുള്ള കൃത്യമായ വിവരങ്ങൾ ഇതുവരേയ്ക്കും ലഭ്യമായിട്ടില്ല. തമിഴ്നാടിന്റെ തീരദേശമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയുധങ്ങൾ ആരാണ് എത്തിക്കുന്നതെന്നോ, എന്താണ് അവരുടെ ലക്ഷ്യമെന്നോ യാതൊരുവിധ അറിയിപ്പും ഇതേവരേയ്ക്കും ലഭ്യമായിട്ടില്ല.
സുരക്ഷ അധികരിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് തീരങ്ങളില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ പെട്രോളിങ് ബോട്ടുകള്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നാവിഗേഷന്‍ കപ്പലുകൾ കടലില്‍ വിന്യസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, തീവ്രവാദം തടയുന്നതിനായി കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. കേന്ദ്ര നിര്‍ദേശ പ്രകാരമാണു പ്രത്യേക സെല്‍ രൂപീകരിക്കുന്നത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷനില്‍ പൊലീസുകാരെ നിയോഗിക്കുന്നതിനു പുറമേ സെല്ലിനു വേണ്ടി പ്രത്യേക റിക്രൂട്ട്‌മെന്റുകളും നടത്തും. ഇതിനുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിക്കും. ഈ ശ്രമങ്ങള്‍ നടക്കവേയാണ് തീരദേശ മേഖലയില്‍ നിന്നും ഇത്തരത്തിൽ ഒരു തീവ്രവാദ ഭീഷണി.