Sunday, January 5, 2025
Top News

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായതിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്ന് ഉറപ്പ് നൽകി. വികസന കാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു

സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യത്തെ കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഈ മാസം അറുപത് ലക്ഷം വാക്‌സിൻ ആവശ്യമുണ്ടെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു. നേരത്തെയും ഇക്കാര്യം ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്‌സിൻ സെക്കൻഡ് ഡോസായി നൽകേണ്ടതാണ്.

 

എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കൊവിഡ് പ്രതിസന്ധി നേരിടാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു

 

തലശ്ശേരി-മൈസൂര്‍ റെയില്‍ പാതക്കും, ശബരിമല വിമാനത്താവളത്തിനും അനുമതി നല്‍കണമെന്നും ശബരി റെയില്‍പാത എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *