ഐഎഫ്എഫ്കെ മാർച്ച് 18 മുതൽ 25 വരെ
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം മാര്‍ച്ച് 18 ന് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേള നടക്കുക.
എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നിവ ഇത്തവണത്തെ മേളയിലുണ്ട്.
അന്തരിച്ച നടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.