Saturday, January 4, 2025
Top News

പ്രഭാത വാർത്തകൾ

 

🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു 17,183 കോടി രൂപയുടെ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 1557 പദ്ധതികളാണു നടപ്പാക്കുക. 4,64,714 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും. ഉന്നത നിലവാരമുള്ള 53 സ്‌കൂളുകള്‍, ലൈഫ് മിഷന്‍ വഴി 20,000 വീടുകള്‍, വാതില്‍പ്പടി സംവിധാനം, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍, 15,000 പേര്‍ക്ക് പട്ടയം, കെ ഫോണ്‍, ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ, 10,000 ഹെക്റ്ററില്‍ ജൈവ കൃഷി, 23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്കു തറക്കല്ലിടും, വേമ്പനാട് കായലില്‍ ബണ്ടു നിര്‍മ്മാണം, കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും, ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ്. പ്രഖ്യാപിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടവ ഇവയെല്ലാമാണ്.

🔳ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിയ്ക്കെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനായ ആര്‍,എസ് ശശികുമാറാണു ഹര്‍ജിക്കാരന്‍.

🔳സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. കേസന്വേഷണം സിബിഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. സ്വപ്നയുടെ സംഭാഷണം പുറത്തുവിട്ടതിനു പിന്നില്‍ ശിവശങ്കറിന്റെ ഗൂഡാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.

🔳വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ മോഡല്‍ പരീക്ഷ അടക്കമുള്ള എല്ലാ പരീക്ഷകളും കൃത്യസമയത്തുതന്നെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 14 ന് ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും തുറക്കും. 12 നു മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി.

🔳സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടര്‍ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കും.

🔳പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. വായ്പാ പലിശ കുറയ്ക്കുകയും ചെയ്തു. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ചു ശതമാനമാണു പലിശ. നേരത്തെ 4.75 ശതമാനമായിരുന്നു. മൂന്നു മാസം വരെയുള്ളവയ്ക്ക് അഞ്ചര ശതമാനമാക്കി. ആറു മാസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനം. ഒരു വര്‍ഷം വരെയുള്ളവയ്ക്ക് 6.25 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തിനു മുകളിലുള്ളവയ്ക്ക് ഏഴു ശതമാനമുണ്ടാകും. വിവിധ വായ്പകളുടെ പലിശ നിരക്ക് അര ശതമാനം വരെ കുറച്ചു.

🔳മലമ്പുഴയിലെ മലയിടുക്കില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ഇസിജി ഉള്‍പ്പടെയുള്ള പരിശോധനാ ഫലം സാധാരണഗതിയിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടു രാത്രിയും രണ്ട് പകലും പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷിച്ചത്.

🔳ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സഹോദരന്‍ അനൂപും സുരാജും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കാനാണ് പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.

🔳സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച യുവതിയില്‍നിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ യുവതിയില്‍നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇന്നലെയും മൊഴിയെടുത്തത്.

🔳കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. നിലമ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ തെക്കില്‍ ഷബാദ്, ആരിഫ്, റനീസ്, സുനില്‍, ജിന്‍സണ്‍ വര്‍ഗീസ്, ഹാരിസ് ബാബു സക്കീര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

🔳കോവിഡ് മഹാമാരിയുടെ ആദ്യതരംഗത്തില്‍ തൊഴിലില്ലാതേയും കടബാധ്യതമൂലവും രാജ്യത്ത് 8,761 പേര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2018 നും 2020 നും ഇടയില്‍ സാമ്പത്തിക പ്രതിസന്ധിമൂലം 25,251 പേര്‍ ജീവനൊടുക്കി. അദ്ദേഹം അറിയിച്ചു.

🔳പുസ്തകം എഴുതാന്‍ ശിവശങ്കറിന് അനുമതി നല്‍കിയോയെന്നു ചോദ്യം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നു മറുപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്. താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കര്‍ എഴുതിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വര്‍ഗീയത നമ്മുടെ നാട്ടില്‍ എന്തെല്ലാം ആപത്തുണ്ടാക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്‌കുളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ നീക്കമാണ് ഷാരുഖിനെതിരെയുണ്ടായത്. മത നിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗ്ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

🔳ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്നു നിയമോപദേശം ലഭിച്ചതനുസരിച്ചാണു ഭേദഗതി വരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു സാധാരണ നടപടി മാത്രമാണ്. സിപിഐയുടെ എതിര്‍പ്പിനെക്കുറിച്ച് അവരുമായി ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳മീഡിയാവണ്‍ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. രാജ്യസുരക്ഷയെ ബാധിക്കുന്ന എന്താണ് മീഡിയാവണ്‍ ചെയ്തതെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🔳കെ സ്വിഫ്റ്റില്‍ നിയമനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. എം പാനല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന വേണ്ട. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.

🔳സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് എല്ലാം അറിയാമെന്ന സ്വപ്നയുടെ വാക്കുകളില്‍നിന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എല്ലാം അറിയാമെന്നാണു വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍.

🔳അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഉള്‍പ്പടെ ആറു വൈദികരുടെ ജാമ്യാപേക്ഷ തിരുനെല്‍വേലി മജിസ്ട്രേറ്റ് കോടതി തള്ളി. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്തിനു സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയെന്നാണു കേസ്. സഭയുടെ സ്ഥലം പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്നാണു കേസ്. സ്ഥലമുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. മൂന്നു വര്‍ഷമായി കേസന്വേഷണം നടന്നുവരികയായിരുന്നു.

🔳കൈക്കൂലി വാങ്ങിയ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. റവന്യൂ ഇന്‍സ്പെക്ടറും തിരുവല്ല സ്വദേശിയുമായ ജയരാജാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ നഗരസഭാ ഓഫീസിലെത്തിയയാളോട് കോഴയായി ആവശ്യപ്പെട്ട പതിനായിരം രൂപയില്‍ 2,500 രൂപ കൈമാറുമ്പോഴാണ് പിടികൂടിയത്.

🔳പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഡിജിപി. അപേക്ഷകരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താതെത്തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

🔳പെരുമ്പാമ്പുമായി മദ്യലഹരിയില്‍ യുവാവിന്റെ സ്‌കൂട്ടര്‍ സവാരി. കോഴിക്കോട് കൊയിലാണ്ടിയില്‍ വഴിയില്‍ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് സാഹസിക യാത്ര നടത്തിയത്. പാമ്പിനെ ഇയാള്‍ നാട്ടുകാര്‍ക്ക മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നതോടെ വനം വകുപ്പ് അന്വേഷണം തുടങ്ങി.

🔳കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവര്‍ക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആര്‍. ഹുസൈനാണ് 80 ലക്ഷത്തിന്റെ ഭാഗ്യം. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈനുതന്നെ ലഭിച്ചു.

🔳ഒരു മാസംമുമ്പ് കോഴിക്കോട് കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ബിജിഷ എന്ന യുവതി ഒരു കോടി രൂപയുടെ ബാങ്കിടപാടുകള്‍ നടത്തിയതിനെക്കുറിച്ച് അന്വേഷണം. ബിജിഷയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 35 പവന്‍ വീട്ടുകാര്‍ അറിയാതെ പണയപ്പെടുത്തുകയും ചെയ്തിരുന്നു. ഗൂഗിള്‍പേ പോലുള്ള യുപിഎ ആപുകള്‍ വഴിയാണു പണമിടപാടു നടത്തിയത്. അന്വേഷണവുമായി പോലീസ് രംഗത്തുണ്ട്.

🔳ഊഷ്മളമായ സ്വീകരണമാണ് യുഎഇയില്‍ ലഭിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരികള്‍ക്കും പ്രവാസികള്‍ക്കും നന്ദി അറിയിക്കുന്നു. യുഎഇയിലെ വ്യവസായികള്‍ കേരളത്തില്‍ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വീടിന്റെ ആഢംബര നികുതി നിര്‍ണയിക്കാനെത്തിയ തൃശൂര്‍ ഡെപ്യൂട്ടി കളക്ടറും അടാട്ട് വില്ലേജ് ഓഫീസറും അടക്കമുള്ളവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് വീട്ടുടമ അറസ്റ്റിലായി. തൃശൂര്‍ ജില്ലയിലെ അടാട്ട് സാന്റോയല്‍ ബില്‍ഡേഴ്സ് ഉടമയുമായ രോഹിണി ഭവനില്‍ സഞ്ജുദാസ് എന്ന മുപ്പത്തൊമ്പതുകാരനെയാണ് അറസ്റ്റ് ചെയ്തത്.

🔳സിനിമയില്‍ അഭിനയിപ്പിക്കാമെന്നും ജോലിതരാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന കൈചെയിന്‍ വാങ്ങി കടന്നുകളഞ്ഞ വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. കുറ്റിപ്പുറം, ബംഗ്ളാംകുന്നില്‍, മേലേതില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി (47) യെയാണ് തൃശൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

🔳സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഹിജാബ് ധരിക്കുന്നതു വ്യക്തി സ്വാതന്ത്ര്യമാണ്. മുസ്ലിം പെണ്‍കുട്ടികളുടെ വേഷവിധാനങ്ങളോടുള്ള അസഹിഷ്ണുത അവരെ ഭയപ്പെടുത്താനാണെങ്കില്‍ വഴങ്ങാത്ത ആത്മധൈര്യമുണ്ടെന്ന് സംഘപരിവാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

🔳ഹരിപ്പാട് ആറാട്ടുപുഴ നല്ലാണിക്കല്‍ അഞ്ചുമനക്കല്‍ ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ മാലയും താലികളും നഷ്ടപ്പെട്ടു. കാണിക്ക വഞ്ചിയടക്കം കുത്തിപ്പൊളിച്ച് മോഷണം നടത്തി.

🔳ഹിജാബ് വിവാദത്തില്‍ ഉഡുപ്പി കോളജിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിശാല ബഞ്ചിനു വിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ കൂട്ടംകൂടുന്നതു രണ്ടാഴ്ചത്തേക്കു കോടതി വിലക്കിയിട്ടുണ്ട്.

🔳കര്‍ണാടകയ്ക്കു പിറകേ, ഹിജാബ് നിരോധന നീക്കവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത ഭയന്ന് കര്‍ണാടകയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബിന്റെ പേരില്‍ സത്രീകളെ ദ്രോഹിക്കരുതെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

🔳സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി രാജ്യ സഭയില്‍. ദേശിയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019- ല്‍ സ്ത്രീകള്‍ക്കെ തിരേ 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2020- ല്‍ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

🔳ഉത്തര്‍പ്രദേശ് ഇന്നു പോളിംഗ് ബൂത്തിലേക്ക്. ആദ്യഘട്ടത്തില്‍ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഭരണം തുടരുമെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപി. കര്‍ഷക പ്രതിഷേധത്തിന്റെ പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് സമാജ്വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെങ്കിലും പ്രിയങ്കാഗാന്ധി ചെറിയൊരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

🔳അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ രണ്ടു ചെക്കന്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒന്നിച്ചുണ്ടായിരുന്നു. എന്നാല്‍ അവരുടെ അഹങ്കാരത്തിന് യുപി മറുപടി നല്‍കി. ഇത്തവണയും കുടുംബ രാഷ്ട്രീയത്തിനെതിരെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

🔳ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയ്ക്കു പകരം ഭാവിയില്‍ കാവിക്കൊടി ദേശീയ പതാകയാവുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

🔳പറന്നുയരുന്നതിനിടെ വിമാന എന്‍ജിന്റെ മൂടി പറന്നു താഴേയ്ക്കു പതിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് 70 പേരുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട അലയന്‍സ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

🔳ചൂതാട്ടത്തിനായി 6.23 കോടി രൂപ മോഷ്ടിച്ചെന്ന കുറ്റത്തിന് കന്യാസ്ത്രീയെ ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കാലിഫോര്‍ണിയയില്‍ മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന എണ്‍പതുകാരിയാണ് ശിക്ഷിക്കപ്പെട്ടത്. സെന്റ് ജെയിംസ് കാത്തലിക് സ്‌കൂളില്‍ പ്രിന്‍സിപ്പലായിരിക്കെ പലപ്പോഴായി പണം അപഹരിച്ചു ചൂതാട്ടം നടത്തിയെന്നാണു കേസ്.

🔳പാക്കിസ്താനിലെ പെഷവാറില്‍ ആണ്‍കുഞ്ഞിനെ കിട്ടുമെന്നു വിശ്വസിപ്പിച്ച് ഗര്‍ഭിണിയുടെ തലയോട്ടിയില്‍ വ്യാജസിദ്ധന്‍ ആണി അടിച്ചിറക്കി. രക്തം വാര്‍ന്നതിനെത്തുടര്‍ന്ന് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ആണി പിഴുതെടുത്തു. ആണി തറഞ്ഞുകേറിയ തലച്ചോറിന്റെ എക്‌സ്‌റേ ഇമേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വ്യാജസിദ്ധനു വേണ്ടി പാക് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.

🔳ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവ, ചെന്നൈയിനെ തകര്‍ത്തുവിട്ടത്. ഹാട്രിക്ക് നേടിയ ജോര്‍ജ് ഓര്‍ട്ടിസിന്റെ മികവാണ് ഗോവയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

🔳രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 44 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ മത്സരം ജയിച്ചിരുന്ന ഇന്ത്യ ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി . മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയമാണിത്.

🔳കേരളത്തില്‍ ഇന്നലെ 84,919 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 29 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 825 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 60,793 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379.

🔳രാജ്യത്ത് ഇന്നലെ 65,286 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 7,142, കര്‍ണാടക- 5,339, തമിഴ്‌നാട്- 3,971.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,78,814, ഇംഗ്ലണ്ട് – 68,214, റഷ്യ- 1,83,103, തുര്‍ക്കി – 1,08,563, ഇറ്റലി- 81,367, ജര്‍മനി-2,38,410, ജപ്പാന്‍ – 95,945. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 40.33 കോടിപേര്‍ക്ക്. നിലവില്‍ 7.48 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,404 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,861, ഇന്ത്യ – 1,241, ബ്രസീല്‍ – 1,180, റഷ്യ- 669. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.93 ലക്ഷമായി.

🔳വികസിത രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. 2022 ല്‍ ഇതുവരെ 5.8 ശതകോടി ഡോളര്‍ വിലക്കുള്ള ഓഹരികള്‍ വിറ്റഴിച്ചു കഴിഞ്ഞു. ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 10.5 ശതകോടി ഡോളര്‍. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഈ വര്‍ഷം 0.7 ശതമാനം താഴ്ന്നുവെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബര്‍ മുതല്‍ 9 ശതകോടി ഡോളര്‍ വിപണിയില്‍ ഇറക്കിയത് ഓഹരി സൂചികകള്‍ക്ക് താങ്ങായി.

🔳കൊവിഡ് മൂന്നാം തരംഗത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2022 ജനുവരിയില്‍ 43 ശതമാനം ഇടിഞ്ഞ് 64 ലക്ഷമായി. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ വിമാനയാത്രയില്‍ നിന്ന് യാത്രക്കാരെ അകറ്റി. 2021 ജനുവരിയില്‍ ആഭ്യന്തര വിമാനക്കമ്പനികളുടെ പ്രാദേശിക റൂട്ടുകളിലൂടെ സഞ്ചരിച്ച 77 ലക്ഷം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 17 ശതമാനം കുറവുണ്ടായി. കൂടാതെ, 2022 ജനുവരിയില്‍ എയര്‍ലൈനുകളുടെ ശേഷിയില്‍ 7 ശതമാനം ഇടിവുണ്ടായി. 2021ലെ അനുബന്ധ മാസത്തില്‍ രേഖപ്പെടുത്തിയ 67,877 സര്‍വീസുകളില്‍ നിന്ന് 62,979 സര്‍വീസുകളായി ചുരുങ്ങി. ജനുവരിയിലെ സര്‍വീസുകളുടെ എണ്ണം 27 ശതമാനം കുറവാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

🔳നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയനി’ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്. ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳വിജയ് സേതുപതിയെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. നയന്‍താര, സാമന്ത എന്നിവരാണ് നായികമാരായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. നയന്‍താര ‘കണ്‍മണി’യായും സാമന്ത ‘ഖദീജ’യായും എത്തുന്നു.

🔳ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്നുള്ള ഇടത്തരം സെഡാനായ മാരുതി സുസുക്കി സിയാസിന് നാല് പുതിയ എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുകള്‍ ലഭിച്ചു. ഇപ്പോള്‍, 2022 മാരുതി സിയാസ് മോഡല്‍ ലൈനപ്പ് സാധാരണ പ്രൈം ഡിഗ്നിറ്റി ബ്രൗണ്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ട്ടിക് വൈറ്റ് ഷേഡുകള്‍ക്കൊപ്പം പുതിയ ഒപ്പുലന്റ് റെഡ്, സെലസ്റ്റിയല്‍ ബ്ലൂ, ഗ്രാന്‍ഡ്യൂര്‍ ഗ്രേ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ നിറങ്ങളില്‍ വരുന്നു. നെക്‌സ ബ്ലൂ, സാംഗ്രിയ റെഡ്, മാഗ്മ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകള്‍ കമ്പനി നീക്കം ചെയ്തിട്ടുണ്ട്. സെഡാനില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

🔳1921 ലെ മലബാര്‍ കലാപത്തിന്റെ ദേശങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ ശേഷിപ്പുകള്‍ അന്വേഷിക്കുകയാണ്ഈ യാത്രികന്‍. ‘1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍’. പി സുരേന്ദ്രന്‍. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 499 രൂപ.

🔳അമിതവണ്ണമുള്ളവരില്‍ ഒരു വിഭാഗം പേരില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. അമിതവണ്ണമുള്ള എല്ലാവരിലും ആരോഗ്യകാര്യങ്ങള്‍ ഇങ്ങനെയാകണമെന്നില്ല. എന്നാല്‍ അനാരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ കൊഴുപ്പ് അടിയാനും അതുമൂലം പല തരത്തിലുള്ള അസുഖങ്ങളിലേക്കുമെത്താന്‍ ഒരു വിഭാഗം പേരില്‍ സാധ്യത കൂടുതല്‍ തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ വണ്ണമില്ലാതെ, പെട്ടെന്ന് ഒരു സമയം മുതല്‍ തൂക്കം കൂടിയവരിലാണ് ഈ സാധ്യതകള്‍ അധികവും കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ അമിതവണ്ണമുള്ള ഒരു വിഭാഗം പേരില്‍ മലാശയ സംബന്ധമായ ക്യാന്‍സറിനും സാധ്യത കാണുന്നുവെന്നാണ് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അമിതവണ്ണമുള്ളവരില്‍ ചിലരില്‍ മലാശയത്തിലോ അനുബന്ധ ഭാഗങ്ങളിലോ അപകടകാരിയല്ലാത്ത മുഴയോ വളര്‍ച്ചയോ വന്നേക്കാമെന്നും ഇത് ഭാവിയില്‍ മലാശയ സംബന്ധമായ അര്‍ബദുത്തിലേക്ക് വഴിയൊരുക്കാമെന്നുമാണ് പഠനം പറയുന്നത്. 46 ശതമാനത്തോളമാണ് ഈ സാധ്യതയെന്നും പഠനം അവകാശപ്പെടുന്നു. അമിതവണ്ണം ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങളിലേക്ക് വരെ നയിക്കാവുന്ന ‘ലൈഫ്‌സ്റ്റൈല്‍’ പ്രശ്‌നമായാണ് ഇന്ന് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജസ്ഥാനിലെ ബനസ്തലി സര്‍വ്വകലാശാലയില്‍ നിന്നും 2019 ല്‍ ബിബിഎ ബിരുദം നേടിയാണ് അനുവ കക്കര്‍ ഗുരുഗ്രാമിലേക്ക് വണ്ടികയറിയത്. അവിടത്തെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവിതചിലവുകള്‍ക്ക് തികയാതെ വന്നപ്പോള്‍ പഠിച്ചകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാലോ എന്ന ചിന്ത ആദ്യം വന്നത്. അങ്ങനെ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ്. മനോഹരമായ പോസ്റ്റ് കാര്‍ഡുകള്‍! തിരക്കുപിടിച്ച ഈ ജിവതത്തില്‍ പോസ്റ്റ് കാര്‍ഡുകള്‍ അതിപ്പോ കളറുള്ളതായാലും അല്ലാത്തതായാലും ആര്‍ക്കാണ് വേണ്ടത്? അങ്ങനെ അനുവയുടെ ബിസിനസ്സ് എട്ടുനിലയില്‍ പൊട്ടി. പക്ഷേ അതില്‍ നിന്നും അവള്‍ മറ്റൊരു കാര്യം പഠിച്ചു. എങ്ങനെ പ്രശ്‌നങ്ങളെ തിരിച്ചറിയാമെന്നും എങ്ങനെ അവ പരിഹരിക്കുന്നതിനായി ശ്രമിക്കണം എ്ന്നും. ഒരു സ്റ്റാര്‍ട്ടപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തത്വം അവള്‍ നന്നായി പഠിച്ചത് പൊട്ടിപൊളിഞ്ഞ ആദ്യ ബിസിനസ്സില്‍ നിന്നുമായിരു.ന്നു അങ്ങനെയിരിക്കെ ഒരു പാതിരാത്രി അവര്‍ക്ക് ഒരു ഹോട്ട് ചോക്ലേറ്റ് കഴിക്കാന്‍ ആഗ്രഹം തോ്ന്നി. പക്ഷേ, മിതമായ നിരക്കില്‍ ഹോട്ട് ചോക്ലേറ്റ് മിക്‌സുകളുടെ ക്ഷാമം ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. ചായ, കാപ്പി, ഐസ്‌ക്രീ എന്നതുപോലെ തന്നെ ഹോട്ട് ചോക്ലേറ്റുകളും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന പുതുചിന്ത ഒരു പുതിയ ആശയത്തിലേക്ക് അവരെ എത്തിച്ചു. മടിപിടിച്ചുകിടന്നിരുന്ന അവരിലെ സംരംഭക വീണ്ടും ഉണര്‍ന്നു. 5 ലിറ്ററിന്റെ ഒരു സ്റ്റീല്‍ പാത്രവും 3 ലിറ്റര്‍ പാലും ഉപയോഗിച്ച് വളരെ ചെറിയ രീതിയില്‍ അനുവ അങ്ങനെ തന്റെ രണ്ടാമത് സംരംഭജീവി തത്തിന് തുടക്കമിട്ടു. ഗുഡ്ഗാവിലെ ഒരു മെട്രോ സ്റ്റേഷന് പുറത്ത് ഒരു ചെറിയ കടയും തട്ടിക്കൂട്ടി. 21 വയസ്സുള്ള ഒരു പെണ്‍കുട്ടി തെരുവില്‍ വില്‍പനനടത്തുന്നതിന്റെ എല്ലാ വെല്ലുവിളികളും അവളെ തേടിയെത്തി. എന്നാല്‍ 52 മിനിറ്റുനുള്ളില്‍ 30 കപ്പ് ചൂടുള്ള ചോക്ലേറ്റ് വിറ്റുതീര്‍ന്നു. അത് അവള്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കി. പിന്നീട് അവര്‍ മെട്രോ കിയോസ്‌കുമായി പങ്കാളിയായി. ആ സമയത്താണ് കോവിഡ് വില്ലനായി മാറിയത്. അവിടെയും അവര്‍ തോല്‍ക്കാന്‍ തയ്യാറായില്ല. 35000 രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ ഡി2സി സ്‌പെയ്‌സില്‍ തന്റെ ആശയം അവര്‍ പ്രാവര്‍ത്തികമാക്കി. ടിഗിള്‍ എന്ന ബ്രാന്റഡ് ചോക്ലേറ്റ്‌സ് ഓണ്‍ലൈന്‍ വിപണികളില്‍ തരംഗമായി മാറി.. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 14000 ത്തിലധികം ഉപഭോക്താക്കളുടെ ഇടയിലേക്ക് ഏകദേശം രണ്ടരലക്ഷത്തിലധികം കപ്പ് ഹോട്ട് ചോക്ലേറ്റുകള്‍ എത്തിക്കാന്‍ ടിഗിളിന് സാധിച്ചു. തോല്‍വികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് , തിരുത്തേണ്ടവയെ തിരുത്തി, പഠിക്കേണ്ടവയെ പഠിച്ച് മുന്നോട്ട് പോകുമ്പോഴാണ് വിജയത്തിന്റെ പുഞ്ചിരി നമ്മുടെ മുഖത്ത് വിരിയുന്നത്. ഓരോ തോല്‍വികളേയും വിലയിരുത്തി തിരുത്തലുകള്‍ വരുത്തി വിജയത്തിലേക്കു നടക്കുവാന്‍ നമുക്കും സാധിക്കട്ടെ –

Leave a Reply

Your email address will not be published. Required fields are marked *