പ്രഭാത വാർത്തകൾ
🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്.
🔳നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നതുവരെ വിചാരണ വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്ന് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാനിരിക്കേയാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു.
🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ആദ്യ ദിവസം ചോദ്യംചെയ്തത് പതിനൊന്ന് മണിക്കൂര്‍. ദിലീപ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ്.പി മോഹനചന്ദ്രന്‍. അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും എസ്പി പറഞ്ഞു.
🔳കൊല്ലാന്‍ ശ്രമിച്ചെന്ന പോലീസിന്റെ ആരോപണം ദിലീപ് നിഷേധിച്ചു. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല. കോടതിയില്‍ അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അതു കാണേണ്ടെന്ന് പറഞ്ഞു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഒരു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
🔳ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നു നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസ്. ദിലീപുമായും ബാലചന്ദ്ര കുമാറുമായും ബന്ധമില്ലെന്നും വിവാദങ്ങളില്‍ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും നെയ്യാറ്റിന്‍കര രൂപതയുടെ പത്രക്കുറിപ്പ്.
🔳ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 145 വിവാഹങ്ങള്‍. 162 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ മാറ്റിവച്ചു. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു. മൂന്നു മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്കു പ്രവേശനം നല്‍കിയത്.
🔳വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറന്‍സി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സന്‍ അബ്ദുല്ലയില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. ഡോളര്‍, ദിനാര്‍, റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
🔳വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പു കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഷാര്‍ജയ്ക്കു പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്.
🔳വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
🔳മകന്‍ ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി. മങ്കടയിലെ സഹകരണ ബാങ്ക് മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്ന് താനറിയാതെ പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ക്കും മങ്കട പൊലീസിനും പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവിലാണു മകന്റെ ഓണ്‍ലൈന്‍ ഗെയിംകളിയാണ് കാരണമെന്ന് കണ്ടെത്തിയത്. പിതാവിന്റെ എടിഎം നമ്പര്‍ ഫോണില്‍ സെറ്റ് ചെയ്ത് ഗെയിം കളിച്ചതോടെ 14 തവണകളായി 7123 രൂപയാണ് നഷ്ടപ്പെട്ടത്.
🔳പ്രധാനമന്ത്രിയുടെ പേരിലുളള കേന്ദ്ര സര്‍ക്കാരിന്റെ പിഎംഇജിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപവരെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി പ്രേമജക്കെതിരെ പൊലീസ് കേസെടുത്തു. സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് നാല്‍പ്പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് യുവതി തട്ടിയെടുത്തത്.
🔳യുട്യൂബ് ചാനലില്‍ പാട്ടു പാടാന്‍ കൂട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍ (55), ഒസാമ (47), വേങ്ങൂര്‍ സ്വദേശി ടൈലര്‍ ഉമ്മര്‍ (36) എന്നിവരെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.
🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിലെ മൂന്നു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി നിഖില്‍ പൈലി, നാലാം പ്രതി നിതിന്‍ ലൂക്കോസ്, ആറാം പ്രതി സോയിമോന്‍ സണ്ണി എന്നിവരെ കസ്റ്റഡിയില്‍ കിട്ടണമെന്നാണ് ആവശ്യം. പ്രധാന തെളിവായ കത്തി കണ്ടെത്താനായില്ല.
🔳കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ പിതാവ് എഴുതിയ കവിത ചര്‍ച്ചയാകുന്നു. ‘ഒരച്ഛന്റെ നൊമ്പരം’ എന്ന തലക്കെട്ടോടെയാണ് കവിത. ഖദറിട്ട കാട്ടാളനാം കൊലയാളീ… നിന്‍ കത്തിമുനയാല്‍… എന്‍ കുഞ്ഞിന്റെ ഹൃദയം കുത്തിക്കീറിയില്ലേ എന്ന് രാജേന്ദ്രന്‍ കവിതയിലൂടെ ചോദിക്കുന്നു. എസ്എഫ്ഐ പ്രസിഡന്റ് വി.പി. സാനുവാണ് കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
🔳പാതയോരങ്ങളില്‍നിന്നു കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്കു താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ എന്നിവരാണ് പിടിയിലായത്.
🔳തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳കൊല്ലം ചിതറയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെയും അമ്മയെയും നടുറോഡിലിട്ട് മര്‍ദ്ദിച്ച ഗുണ്ടാ നേതാവ് അറസ്റ്റില്‍. വധശ്രമ കേസുകളിലടക്കം പ്രതിയായ കൊട്ടോടി നിസാമിനെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
🔳ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്. ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെത്തന്നെ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
🔳പശ്ചിമ ബംഗാളിനോട് നിങ്ങള്‍ക്കെന്താ അലര്‍ജിയെന്ന് കേന്ദ്രത്തോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റിപ്പബ്ളിക് ദിന പരേഡില്‍ ബംഗാളിന്റെ ഫ്ളോട്ടിനു വിലക്ക് ഏര്‍പ്പെടുത്തി. ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ നേതാജിയുടെ പ്രതിമ നിര്‍മിച്ചു സ്ഥാപിച്ചത്. മമത പറഞ്ഞു.
🔳സ്വാതന്ത്രത്തിനു ശേഷം പല തെറ്റുകളും രാജ്യം ചെയ്തെന്നും ആ തെറ്റുകള്‍ തിരുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 അടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമ ഇന്ത്യാ ഗേറ്റിലുണ്ടാകും.
🔳ജെഎന്‍യു കാമ്പസില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാള്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡല്‍ഹിയിലെ ബിക്കാജി കാമ പ്ലസില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്നയാളാണ് പ്രതി.
🔳അരുണാചല്‍ അതിര്‍ത്തിയില്‍ കാണാതായ പതിനേഴുകാരനെ കണ്ടെത്തിയതായി ചൈന. ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ നടപടി തുടങ്ങിയെന്നും ചൈന അറിയിച്ചു.
🔳ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിനു തുല്യമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍തന്നെയാണെന്നു സൂചന നല്‍കിയശേഷം പ്രിയങ്കഗാന്ധി പിന്നോട്ടുപോയത് പരാജയഭയംകൊണ്ടാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
🔳’വൈ ഐ കില്‍ഡ് ഗാന്ധി'(ഞാനെന്തിനു ഗാന്ധിയെ കൊന്നു) എന്ന സിനിമ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്ന സിനിമയ്ക്കെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. ഈ മാസം 30 ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
🔳ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. വിജയത്തിനടുത്തെത്തിയ ശേഷം വെറും നാലു റണ്ണിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍ഔട്ടായി. ഒരു ഘട്ടത്തില്‍ ഏഴിന് 223 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ 34 പന്തുകളില്‍ 54 റണ്‍സെടുത്ത് വിജയത്തിനടുത്തെത്തിച്ചത് ദീപക് ചാഹറാണ്.
🔳ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി – എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഡൈലാന്‍ ഫോക്‌സ് 41-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ചപ്പോള്‍ 61-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ ബെംഗളൂരു എഫ്‌സിക്ക് സമനില സമ്മാനിക്കുകയായിരുന്നു.
🔳സയിദ് മോദി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി.വി സിന്ധു ചാമ്പ്യന്‍. ഫൈനലില്‍ മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു തോല്‍പിച്ചു. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്റെ ആദ്യ കിരീടമാണിത് എന്ന സവിശേഷതയുമുണ്ട്.
🔳കേരളത്തില്‍ ഇന്നലെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 44.88. സംസ്ഥാനത്ത് ഇന്നലെ 38 മരണം. ആകെ മരണം 51,816. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേര്‍ രോഗമുക്തി നേടി. 2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630.
🔳രാജ്യത്ത് ഇന്നലെ മൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 40,805, കര്‍ണാടക- 50,210, തമിഴ്‌നാട്- 30,580, ഗുജറാത്ത് – 16,617, ആന്ധ്രപ്രദേശ്-14,440, ഉത്തര്‍പ്രദേശ്- 13,830, ഡല്‍ഹി- 9,197.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിമൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ഇംഗ്ലണ്ട്- 74,799, ഫ്രാന്‍സ്- 3,01,614, ഇറ്റലി- 1,38,860, ജര്‍മനി-75,280, അര്‍ജന്റീന- 69,884. ഇതോടെ ആഗോളതലത്തില്‍ 35.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.65 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,194 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 364, റഷ്യ- 679, മെക്സിക്കോ- 364. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.13 ലക്ഷമായി.
*ശുഭദിനം*
അന്ന് അവിടെ നായ്ക്കളുടെ ഓട്ടമത്സരം നടക്കുകയാണ്. സംഘാടകര്‍ ഒരു ചീറ്റപ്പുലിയെക്കൂടി ആ മത്സരത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഓട്ടം തുടങ്ങിയപ്പോള്‍ ചീറ്റ തന്റെ സ്ഥാനത്തുതന്നെ അനങ്ങാതെ നിന്നു ആ മത്സരം ആസ്വദിച്ചു. ആ മത്സരത്തില്‍ വിജയിച്ച നായ ചീറ്റയോട് ചോദിച്ചു: നീ എന്താണ് മത്സരത്തില്‍ പങ്കെടുക്കാതിരുന്നത്… ചീറ്റപറഞ്ഞു: നിങ്ങളോടൊപ്പം ഞാന്‍ ഓടിയാല്‍ ഞാന്‍ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. എന്നിട്ടും ഞാന്‍ പങ്കെടുത്താല്‍ അതെനിക്ക് അപമാനമാണ്… എല്ലാ മത്സരങ്ങളും എല്ലാവര്‍ക്കും വേണ്ടിയുളളതല്ല. കാണികളുള്ള സ്ഥലങ്ങളിലെല്ലാം ഗോദയിലിറങ്ങുക എന്നതല്ല, നല്ലൊരു മത്സരാര്‍ത്ഥിയുടെ ലക്ഷണം. ഈ മത്സരം എന്നെ വളര്‍ത്തുമോ? എന്റെ കഴിവ് പ്രകടിപ്പിക്കാന്‍ മാത്രം നിലവാരമുളളതാണോ എന്ന ചോദ്യങ്ങള്‍ ഓരോ മത്സരത്തിലും പങ്കെടുക്കുമ്പോള്‍ സ്വയം ചോദിക്കണം. നമ്മളേക്കാള്‍ ശേഷി കുറഞ്ഞവരുടെ മത്സരങ്ങളില്‍ ഭാഗമായി വിജയിക്കുന്നതില്‍ എന്ത് സാഹസികതയാണ് ഉള്ളത്.. ഏറ്റവും അവസാനസ്ഥാനത്തെത്തിയാലും പുതിയ അനുഭവങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത്തരം മത്സരങ്ങളാണ് ഒരാളെ വളര്‍ത്തുന്നത് എന്ന് പറയാം. ഒരാള്‍ പങ്കെടുക്കുന്ന മത്സരങ്ങളേതൊക്കെയെന്ന് ശ്രദ്ധിച്ചാല്‍ അയാളുടെ വളര്‍ച്ചാതാല്‍പര്യം മനസ്സിലാകും. ജയിക്കുമെന്ന് ഉറപ്പുള്ള മത്സരങ്ങളില്‍ എല്ലാവരും പങ്കെടുക്കും.. എന്നാല്‍ തോല്‍ക്കാന്‍ സാധ്യതയുളള മത്സരവേദികളില്‍ കയറണമെങ്കില്‍ പരാജയഭീതി അതിജീവിക്കാനുള്ള മനക്കരുത്തുണ്ടാകണം.. നമ്മെ വളര്‍ത്തുന്നതാകട്ടെ നാം പങ്കെടുക്കുന്ന ഓരോ മത്സരങ്ങളും