ആഭ്യന്തര കലാപം: ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെയുടെ രാജി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അന്ന് രജപക്‌സെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റെനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. മുന്‍പ് 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആഭ്യന്തര കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയ്ക്കും ഉടന്‍ രാജിവയ്‌ക്കേണ്ടിവന്നേക്കുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധ അനുദിനം വഷളായതോടെ നില്‍ക്കക്കള്ളിയില്ലാതായ ജനം കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളിലും മറ്റും കുളിച്ച് ഉല്ലസിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ പുറത്ത് വന്നിരുന്നു.
: