പ്രഭാത വാർത്തകൾ
🔳കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്നലെ സിങ്കുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമെടുത്തില്ല. ഇന്നും കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാകും സമരം പിന്‍വലിക്കണമോ, സമരരീതി മാറ്റണമോ എന്നതില്‍ തീരുമാനമെടുക്കുകയുള്ളു എന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതില്‍ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്നലെ ചേര്‍ന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂര്‍ വിഷയത്തിന്മേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. അതേ സമയം കര്‍ഷകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം കത്ത് നല്‍കിയത് കര്‍ഷക വിജയമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.
🔳കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടികായത്തിന്റെ പ്രതികരണം.
🔳പാര്‍ലമെന്റിലെ ഹാജര്‍ നില, മണ്ഡലത്തിലെ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാണിച്ച് ബിജെപി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം വിലയിരുത്തി പ്രവര്‍ത്തിക്കാന്‍ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മാറുന്നില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളാനും അദ്ദേഹം എം.പിമാരെ ഓര്‍മിപ്പിച്ചു.
🔳സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. അഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ മുന്‍നിര്‍ത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു സമ്മേളനത്തിനിടെ സംസാരിച്ച പ്രതിനിധികളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം. തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിര്‍ത്തിയത് എന്തിനാണെന്നും വിമര്‍ശനമുണ്ടായി.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
🔳സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. പിജി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ – അക്കാദമിക് റെസിഡന്റ് ഡോക്ടര്‍മാരെ നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ 2 ദിവസത്തിനുള്ളില്‍ നിയമിക്കും എന്ന ഉറപ്പാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
🔳വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതെന്നും അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ലീഗിനു മീതെ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
🔳മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിള്‍ സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു. സാമ്പിള്‍ സര്‍വേ സമഗ്രമല്ലെന്നും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ യഥാര്‍ഥ ജീവിതാവസ്ഥ പുറത്തുവരില്ലെന്നുമാണ് വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്‍.
🔳കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. അമൂല്യമെന്നും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്റെ സിംഹാസനവും ശിവന്റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വര്‍ഷത്തെ പോലും പഴക്കമില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
🔳അടുത്തിടെ തിയറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ‘മരക്കാറി’നും സുരേഷ് ഗോപിയുടെ ‘കാവലി’നുമെതിരെ ആസൂത്രിത നീക്കങ്ങള്‍ നടന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ച സിനിമകളെ തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോഴും കേരളത്തിലെ സാംസ്‌കാരിക നായകരോ മുഖ്യമന്ത്രിയോ പ്രതികരിച്ചില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
🔳ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
🔳തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്റെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്.
🔳2024-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎയെക്കുറിച്ചുള്ള മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവുത്തിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടതെന്നും രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികള്‍ ഉണ്ടാകുന്നതുകൊണ്ട് അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
🔳അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
🔳സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഖിലേഷ് സ്ഥിരമായി ധരിക്കാറുള്ള ചുവന്ന തൊപ്പിയെ ചൂണ്ടിയാണ് മോദിയുടെ വിമര്‍ശനം. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
🔳ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ജോത്സ്യനായതുകൊണ്ടാകാം അദ്ദേഹം കോണ്‍ഗ്രസിന്റെ സീറ്റ് പ്രവചിക്കുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു.
🔳അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീല്‍ പിന്നിലാകുന്നത്. കോവിഡ് മഹാമാരി ചരക്കുനീക്കത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ്-ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.
🔳ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 32 ആയി. കിടുയി കൗണ്ടിയിലെ എന്‍സുയി നദിയിലാണ് ശനിയാഴ്ച അപകടം നടന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച 15 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് ആദ്യജയം. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ തോല്‍പ്പിച്ചത്. ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള്‍ ഗോവയുടെ വിജയത്തില്‍ നിര്‍ണായകമായി.
🔳കേരളത്തില്‍ ഇന്നലെ 67,437 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 106 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,902 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5180 പേര്‍ രോഗമുക്തി നേടി. ഇതോടെ 40,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88.
🔳ആഗോളതലത്തില്‍ ഇന്നലെ 5,45,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 76,736 പേര്‍ക്കും ഇംഗ്ലണ്ടില്‍ 45,691 പേര്‍ക്കും റഷ്യയില്‍ 31,096 പേര്‍ക്കും തുര്‍ക്കിയില്‍ 22,687 പേര്‍ക്കും ഫ്രാന്‍സില്‍ 59,019 പേര്‍ക്കും ജര്‍മനിയില്‍ 51,592 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.12 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,805 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1075 പേരും റഷ്യയില്‍ 1,182 പേരും ജര്‍മനിയില്‍ 448 പേരും പോളണ്ടില്‍ 504 പേരും ഉക്രെയിനില്‍ 467 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.85 ലക്ഷമായി.
🔳രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഗതി സൂചിപ്പിക്കുന്ന 22 സൂചികകളില്‍ 19 എണ്ണവും കോവിഡിനു മുന്‍പത്തെ നിലയെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. രാജ്യം കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളി മറികടന്നതിന്റെ തെളിവാണിത്. 19 സൂചികകള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 2019ലെ സമാന മാസങ്ങളിലെ നിലയെക്കാള്‍ കാര്യമായ വര്‍ധന നേടിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് ടോള്‍ പിരിവ് 157% ഉയര്‍ന്ന് ഒക്ടോബറില്‍ 108 കോടിയായി. യുപിഐ പണമിടപാടുകള്‍ നാലിരട്ടിയായി. ഇവേ ബില്‍ ഇരട്ടിയായി 7.4കോടി എത്തി. കല്‍ക്കരി ഖനനം 131% ഉയര്‍ന്ന് 114 മില്യന്‍ ടണ്‍ ആയി.
🔳ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2021 അനുസരിച്ച് ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്. 2020നേക്കാളും പോയിന്റുകളില്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആകെയുള്ള പോയിന്റില്‍ 2020നെ അപേക്ഷിച്ച് രണ്ട് പോയിന്റാണ് ഇന്ത്യക്ക് കുറവ് വന്നത്. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് പോയിന്റുകളില്‍ കുറവ് വന്നിട്ടുള്ളത്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്‌കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
🔳അല്ലു അര്‍ജുന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പുഷ്പ’യുടെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു. അല്ലു അര്‍ജുനാണ് ട്രെയ്ലര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. ട്രെയിലറിലെ ഫഹദിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
🔳അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ അഭിനയിച്ച നാച്ച്വര്‍ ഡോക്യുമെന്ററി ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഗന്ധാഡഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമോഘവര്‍ഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. പുനീത് രാജ്കുമാറിന്റെ സ്വപ്ന പദ്ധതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഗന്ധാഡഗുഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുനീതിനൊപ്പം സംവിധായകന്‍ അമോഘവര്‍ഷയും ചിത്രത്തിലുണ്ട്. കര്‍ണാടകയിലെ കാടുകള്‍, മനോഹര ബീച്ചുകള്‍, ജലാന്തര്‍ഭാഗത്തെ കാഴ്ചകള്‍ എന്നിവയാണ് ഡോക്യുമെന്ററിയിലൂടെ അനാവരണം ചെയ്യുന്നത്.
🔳സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ 125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത്. ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡ്രം അലോയിക്ക് 78,725 രൂപയും,ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡിസ്‌ക് വേരിയന്റിന് 82,280 രൂപയുമാണ് ദില്ലി എക്സ്-ഷോറൂം വില.
🔳ലോകം മുഴുവന്‍ എക്കാലത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘പഞ്ചതന്ത്രം കഥകള്‍’. മഹിളാരോപ്യം എന്ന രാജ്യത്തെ രാജാവായ അമരശക്തിയുടെ മണ്ടന്മാരും ദുര്‍ബുദ്ധികളും അഹങ്കാരികളുമായ മൂന്നു പുത്രന്മാരെ ബുദ്ധിയും നീതിനിഷ്ഠയും സാമര്‍ഥ്യവും ഉള്ളവരാക്കാന്‍ വിഷ്ണുശര്‍മ എന്ന ആചാര്യബ്രാഹ്‌മണന്‍ രചിച്ച അദ്ഭുതകഥകളാണ് അഞ്ചു തന്ത്രങ്ങളിലായി പറയുന്നത്. വിഷ്ണുശര്‍മ. പുനരാഖ്യാനം: കെ. രാധാകൃഷ്ണന്‍. കുട്ടികള്‍ക്ക് എന്നും പ്രിയങ്കരമായ ക്ലാസിക് കൃതിയുടെ മാതൃഭൂമി പതിപ്പ്. വില 240 രൂപ.
🔳ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചു മുതല്‍ പത്തൊന്‍പതു വയസ്സു വരെയുള്ളവരുടെ വിഭാഗത്തിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. കോവിഡിന്റെ കഴിഞ്ഞ മൂന്ന് തരംഗത്തേക്കാളും അതിവ്യാപനശേഷിയാണ് ഈ വകഭേദത്തിനുള്ളത് എന്നാണ് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നത്. ആദ്യ രണ്ടു തരംഗത്തിലും കുട്ടികളും കൗമാരക്കാരും ഇത്രയധികം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതാണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍. 6 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ആദ്യ വിഭാഗം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹത ഇല്ലാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്കില്‍ വര്‍ധനവുണ്ടാവുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
*ശുഭദിനം*
ആ രാജ്യത്ത് പുതിയ കലാമണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മണ്ഡപത്തെ അലങ്കരിക്കാന്‍ നല്ല ചിത്രങ്ങള്‍ വേണം. രാജ്യത്തെ മികച്ച ചിത്രകാരന്മാരെ അതിനായി രാജാവ് ക്ഷണിച്ചു. അവരുടെ ആവശ്യപ്രകാരം പ്രത്യേകം അളവെടുത്ത് മുറിച്ചു നല്‍കിയ മരപ്പലകകളും എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. അതില്‍ വേണം ചിത്രം വരയ്ക്കാന്‍. അയല്‍ നാട്ടിലെ മികച്ച ചിത്രകാരനായിരുന്നു അയാള്‍. അയാളും ഇവിടെ ചിത്രം വരയ്ക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ ചിത്രംവരയ്ക്കാന്‍ തന്റെ മുറിയിലെത്തിയ അയാള്‍ ആകെ സങ്കടപ്പെട്ടു. തന്റെ മരപ്പലകയില്‍ ആരോ കുറെ തുളകള്‍ ഇട്ടിരിക്കുന്നു. പുതിയ മരപ്പലക ആവശ്യപ്പെട്ടാല്‍ രാജാവ് ദേഷ്യപ്പെട്ടാലോ എന്നോര്‍ത്ത് ആ തീരുമാനം മാറ്റി. അയാളുടെ കഴിവ് അറിയുന്ന അതില്‍ അസൂയ മൂത്ത ആരോ ചെയ്ത വേലയാണ്. ചിത്രങ്ങള്‍ കാണാന്‍ രാജാവ് എത്തുന്ന ദിവസം എത്തി. എല്ലാവരും ചിത്രങ്ങള്‍ രാജാവിന് കാഴ്ചവെച്ചു. പക്ഷേ, രാജാവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അയാളുടെ ചിത്രമായിരുന്നു. കാരണം അതില്‍ ഉള്ള ഓരോ തുളയും ചിത്രത്തിന്റെ ഭാഗമാക്കി അയാള്‍ മാറ്റിയിരുന്നു. പ്രത്യേക രീതിയില്‍ ചെയ്ത ആ ചിത്രം കണ്ട് രാജാവ് അയാള്‍ക്ക് ധാരാളം സമ്മാനങ്ങള്‍ കൊടുത്തു! നമ്മുടെ ജീവിതവും പലപ്പോഴും ഇങ്ങനെത്തന്നെയാണ്. അപ്രതീക്ഷിത തടസ്സങ്ങള്‍ ധാരാളം കടന്നുവരും. പക്ഷേ, ഏത് തടസ്സത്തേയും തനിക്ക് അനുകൂലമാക്കി മാറ്റുന്നവരെയാണ് വിജയത്തിന്റെ കീരീടം കാത്തിരിക്കുക. –