Wednesday, January 8, 2025
Health

ചർമസംരക്ഷണം; എത്രയും പെട്ടെന്ന് ആരംഭിക്കുന്നോ അത്രയും നല്ലത്

 

എത്രയും പെട്ടെന്ന് ആരംഭിക്കുന്നോ അത്രയും നല്ലത്– ചർമസംരക്ഷണം തുടങ്ങുന്നതിനെക്കുറിച്ചു പൊതുവേ വിദഗ്ധർ പറയുന്നത് ഇങ്ങനെ. ചർമസംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിയാലേ എന്തെങ്കിലും മാറ്റം കാണൂ. വല്ലപ്പോഴും മാത്രം എന്തെങ്കിലും മുഖത്തു തേച്ചു പിടിപ്പിച്ച് ഫലം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ചർമസംരക്ഷണത്തിന്റെ മൂന്ന് അടിസ്ഥാന ഘട്ടങ്ങളാണ് മുഖം വൃത്തിയാക്കലും നല്ല മോയ്സ്ചുറൈസറും സൺസ്ക്രീനും ഉപയോഗിക്കലും. മറ്റു ഘട്ടങ്ങൾ നമ്മുടെ താൽപര്യത്തിനനുസരിച്ച് ആകാം.

∙ ക്ലെൻസർ

ദേഹത്തുപയോഗിക്കുന്ന സോപ്പോ ബോഡിവാഷോ മുഖത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. അവനവന്റെ ചർമത്തിനു ചേർന്ന ഒരു ഫെയ്സ്‌വാഷ് തിരഞ്ഞെടുക്കാം. ദിവസത്തിൽ ഒരു തവണ മാത്രം ക്ലെൻസർ ഉപയോഗിച്ചാൽ മതിയാകും– രാത്രി. മുഖത്ത് എണ്ണമയമൊന്നും ഇല്ലെന്നു തോന്നുന്നവർക്കു രാവിലെ വെറുതേ വെള്ളം കൊണ്ടു കഴുകിയാലും മതി. എണ്ണമയമുള്ള ചർമമാണെങ്കിൽ ഓയിൽ ഫ്രീ ഫെയ്സ്‌വാഷ് തിരഞ്ഞെടുക്കാം. വരണ്ട ചർമമാണെങ്കിൽ ജെൽ ഫെയ്സ്‌വാഷ് പരീക്ഷിക്കാം. ആൽക്കഹോളും ഫ്രേഗ്രൻസും ഇല്ലാത്ത ഉൽപന്നമാകും ഇത്തരക്കാർക്കു കൂടുതൽ സുരക്ഷിതം.

ചർമസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനഘട്ടമാണ് ക്ലെൻസിങ്. പകൽ സൺസ്ക്രീനോ അല്ലെങ്കിൽ മേക്കപ്പോ ഉപയോഗിക്കുന്നവർ മുഖം പൂർണമായും വൃത്തിയാക്കി എന്നുറപ്പാക്കിയിട്ടേ കിടക്കാൻ പോകാവൂ. അല്ലെങ്കിൽ മുഖക്കുരുവോ മറ്റു പ്രശ്നങ്ങളോ ഉറപ്പ്. ഫെയ്സ്‌വാഷ് മാത്രം ഉപയോഗിച്ചതുകൊണ്ടു മേക്കപ്പ് പോകില്ല. ക്ലെൻസിങ്ങിന്റെ ആദ്യഘട്ടമായി ഒരു ഓയിൽ ക്ലെൻസർ ഉപയോഗിക്കാം. ശേഷം ഫെയ്സ്‌വാഷ് കൊണ്ടും കഴുകണം. എണ്ണമയമുള്ള ചർമക്കാർക്ക് ഓയിൽ ക്ലെൻസറിനു പകരം മൈസലാർ വാട്ടർ ഉപയോഗിക്കാം.

∙ ടോണർ

നമ്മുടെ ചർമത്തിന്റെ പിഎച്ച് നിരക്ക് ഏകദേശം 5.5 ആണ്. ഈ ഒരു നിരക്കിനോട് ചേർന്നു വരുന്ന പിഎച്ചുള്ള ഫെയ്സ്‌വാഷാണ് ചർമത്തിനു നല്ലത്. പിഎച്ച് ബാലൻസ്ഡ് ഫെയ്സ്‌വാഷ് അല്ല ഉയോഗിക്കുന്നതെങ്കിൽ അതിനുശേഷം പിഎച്ച് ബാലൻസിങ് ടോണർ ഉപയോഗിക്കണം. ഹൈഡ്രേറ്റിങ് ടോണർ ആണെങ്കിൽ അതു ചർമത്തെ കൂടുതൽ മൃദുവാക്കുകയും ചെയ്യും.

∙ സ്കിൻ എസൻസ്

കൊറിയൻ സ്കിൻകെയർ ആണ് എസൻസിനെ പരിചയപ്പെടുത്തിയത്. മോയ്സ്ചുറൈസറിനേക്കാൾ കട്ടികുറഞ്ഞ, സീറത്തോടു സാമ്യമുള്ളവയാണ് എസൻസ്. ടോണറിനെപ്പോലെ തന്നെ ഹൈഡ്രേഷനാണ് എസൻസിന്റെയും ധർമം. പ്രോബയോട്ടിക്സ്, സ്നെയിൽ മ്യൂസിൻ അങ്ങനെ ഏതെങ്കിലുമൊരു സ്റ്റാർ ഇൻഗ്രീഡിയന്റുള്ള എസൻസുകൾക്കാണ് കൂടുതൽ ആരാധകർ

∙ സീറം

മോയ്സ്ചുറൈസറിനേക്കാൾ കട്ടി കുറഞ്ഞവയാണ് സീറം. നിങ്ങളുടെ ചർമത്തിന് എന്താണ് ആവശ്യം അതനുസരിച്ച് സീറം തിരഞ്ഞെടുക്കാം. വരണ്ട ചർമമുള്ളവർക്ക് ഹയ്‌ലുറോണിക് ആസിഡ്, മുഖം തിളങ്ങാനും പാടുകൾ അകലാനും വിറ്റാമിൻ സി, ചർമത്തിന് അകാലത്തിൽ പ്രായമാകുന്നതിനെ തടഞ്ഞുനിർത്താൻ ആന്റിഓക്സിഡന്റ്സ്, എണ്ണമയം കൂടുതലുള്ളവർക്കു നയസിനമൈഡ്, പാടുകൾ മാറാൻ ആൽഫാ ആർബുട്ടിൻ, ട്രാൻസ്എക്സാമിക് ആസിഡ്…. അങ്ങനെ തിരഞ്ഞെടുക്കാനേറെയുണ്ട്.

∙ മോയ്സ്ചുറൈസർ

ചർമം വരണ്ടതാകുന്നതിനെ മോയ്സ്ചുറൈസർ തടയുന്നു. മുഖം അൽപം നനവോടെ ഇരിക്കുമ്പോൾ തേക്കുന്നതാണ് ഏറ്റവും നല്ലത്. ചർമം യുവത്വത്തോടെ ഇരിക്കാനും ചുളിവുകൾ തടയാനുമെല്ലാം മോയ്ചുറൈസർ സഹായിക്കും. എണ്ണമയമുള്ള ചർമക്കാർക്കു ജെൽ മോയ്സ്ചുറൈസറും വരണ്ട ചർമക്കാർക്ക് അൽപം കട്ടിയുള്ള ക്രീമും ഉപയോഗിക്കാം.

∙ ഫെയ്സ്ഓയിൽ

മോയ്സ്ചുറൈസറിനു ശേഷം ചർമസംരക്ഷണത്തിന്റെ അവസാനത്തെ പടിയാണ് ഫെയ്സ്ഓയിൽ. മുഖത്തിന് എണ്ണ യോജിക്കാത്തവർക്ക് ഇത് ഒഴിവാക്കാം. ജലാംശം മുഖത്തു ലോക്ക് ചെയ്യുന്നതിനു ഫെയ്സ്ഓയിൽ സഹായിക്കും. മുഖം മൃദുവാകാനും തിളങ്ങാനും ഫെയ്സ്ഓയിലിന്റെ സ്ഥിരമായുള്ള ഉപയോഗം കാരണമാകും. രാത്രിയിൽ ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.

∙ എക്സ്ഫോളിയേഷൻ

ചർമത്തിൽ നിന്ന് ഡെഡ് സ്കിൻ സെൽസ് നീക്കുന്നതാണ് എക്സ്ഫോളിയേഷൻ. മുഖക്കുരു കുറയാനും മുഖം മങ്ങിപ്പോകുന്നതു തടയാനും ഇതു സഹായിക്കും. ദീർഘകാലത്തെ ഉപയോഗം കൊണ്ടു ചുളിവുകളിലും മാറ്റം വരും. എല്ലാ ദിവസവും ചെയ്യേണ്ടതല്ല ഇത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാം. സ്ക്രബ് ഒരു എക്സ്ഫോളിയന്റ് ആണ്. പക്ഷേ ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ ഇടയുണ്ട്. കൂടുതൽ പേരും തിരഞ്ഞെടുക്കാറ് കെമിക്കൽ എക്സ്ഫോളിയന്റ് ആണ്. ആൽഫാ ഹൈഡ്രോക്സി ആസിഡ്, ബീറ്റാ ഹൈഡ്രോക്സി ആസിഡ്, റെറ്റിനോയ്ഡ്സ് തുടങ്ങിയവയാണ് കെമിക്കൽ എക്സ്ഫോളിയന്റുകൾ.

∙ സൺസ്ക്രീൻ

പകൽസമയങ്ങളിൽ സ്ഥിരമായി ഉപയോഗിക്കേണ്ടവയാണ് സൺസ്ക്രീൻ. മഴയാണെങ്കിലും വെയിൽ ആണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ചുളിവുകളുണ്ടാകാനും ചർമത്തിനു പെട്ടെന്നു പ്രായമാകാനും കാരണമാകുന്ന പ്രധാന വില്ലനാണ് യുവി കിരണങ്ങൾ. രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും തേക്കുന്നത് മികച്ച സംരക്ഷണം ഉറപ്പാക്കും. ചർമസംരക്ഷണത്തിനായി മറ്റെന്തൊക്കെ ചെയ്തിട്ടും സൺസ്ക്രീൻ ഉപയോഗിച്ചില്ലെങ്കിൽ ഫലമുണ്ടാകില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *