ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് ഇന്ന് അത്തം ഒന്ന്
ഇന്ന് അത്തം, ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് പൂക്കളമൊരുക്കാന്‍ തുടങ്ങുന്നത്. ഇത്തവണ എന്നാല്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞ സ്ഥിതിയാണ്. കോവിഡ് കാലത്തെ ഓണാഘോഷങ്ങള്‍ ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താനാണ് ഔദ്യോഗിക തീരുമാനങ്ങള്‍.
പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. സമാധാനവും, ഐശ്വര്യവും നിറഞ്ഞ തന്റെ ഭരണകാലത്തിന്റെ ഓര്‍മ്മ പുതുക്കാനനും തന്റെ പ്രജകളെ നേരില്‍ കാണാനുമായി കേരളം വാണിരുന്ന മഹാബലി ചക്രവര്‍ത്തി വരുന്ന ദിവസമാണ് ഓണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. ഓണക്കാലം മലയാളികള്‍ക്ക് വിളവെടുപ്പുകാലം കൂടിയാണ്.
വിശ്വാസമനുസരിച്ച് പൂക്കളമൊരുക്കിത്തുടങ്ങുന്ന ആദ്യ ദിനമായ അത്തം നാളില്‍ ഒരു നിരയില്‍ മാത്രമേ പൂവ് ഇടാന്‍ പാടുള്ളൂ. ചുവന്ന നിറത്തിലുള്ള പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം നാളില്‍ രണ്ടിനം പൂവുകള്‍, മൂന്നാം നാള്‍ മൂന്നിനം പൂവുകള്‍ എന്നിങ്ങനെ അടുത്ത ദിവസങ്ങളില്‍ പൂക്കളത്തിന്റെ വലിപ്പം കൂടിക്കൂടി വരുന്നു.
ചോതി നാള്‍ മുതലാണ് ചുവന്ന നിറത്തിലുള്ള പൂക്കള്‍ പൂക്കളങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. ഇവയില്‍ ചെത്തിയും ചെമ്പരത്തിയുമാണ് സാധാരണയായി ഉപയോഗിക്കാറ്. ചെമ്പരത്തി ഇതളുകള്‍ അടര്‍ത്തിയും ചെത്തിപ്പൂവ് കുലയില്‍ നിന്ന് അടര്‍ത്തിയും ഉപയോഗിക്കുന്നു. പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത് ഒന്നാം ഓണനാളായ ഉത്രാട ദിവസമാണ്. മൂലം നാളില്‍ ചതുരാകൃതിയില്‍ വേണം പൂക്കളം ഒരുക്കാന്‍ എന്നും പറയപ്പെടുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് 30,31 സെപ്റ്റംബര്‍ 1,2 തീയതികളിലായണ് ഓണം. ഓഗസ്റ്റ് 30ന് ഉത്രാട നാളില്‍ ഒന്നാം ഓണം, 31ന് തിരുവോണം, സെപ്റ്റംബര്‍ 1ന് അവിട്ടം നാളില്‍ മൂന്നാം ഓണം, 2ന് ചതയം നാളില്‍ നാലാം ഓണം എന്നിങ്ങനെ ആഘോഷിക്കുന്നു.
തൊടിയിലെ പൂവുകള്‍ വെറും ഓര്‍മ്മകള്‍ ഇന്നത്തെ കാലത്ത് മലയാളിക്ക് ഓണത്തിന് ആശ്രയം അന്യനാട്ടിലെ പൂക്കള്‍ തന്നെ. ജമന്തിയും ചെണ്ടുമല്ലിയുമൊക്കെയായി വഴിയോരങ്ങള്‍ ഓണക്കാലത്ത് കച്ചവടക്കാരാല്‍ വര്‍ണാഭമായി നില്‍ക്കുമ്പോള്‍ ഇത്തവണ അതും ഓര്‍മ്മ മാത്രമാകും. കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്യസംസ്ഥത്ത് നിന്നുള്ള പൂക്കള്‍ കേരളത്തില്‍ വിപണിയില്‍ എത്തിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ ഈ വര്‍ഷം വീടുകളിലെ പൂക്കളങ്ങള്‍ പേരിനു മാത്രമായി ചുരുങ്ങുമെന്നു സാരം.
ഓണക്കോടിയാണ് ഓണാഘോഷങ്ങളുടെ മറ്റൊരു മുഖമുദ്ര. വീടുകളിലെ കുട്ടികളും മുതിര്‍ന്നവരും ഓണനാളില്‍ കോടി വസ്ത്രം ധരിക്കുന്നത് കേരളത്തിലുടനീളം കാണപ്പെടുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. അതിനാല്‍ ഓണനാളുകളുടെ ഓര്‍മ്മയിലുള്ള ആ ആഘോഷക്കാലത്തിനായി അല്‍പം കാത്തിരിക്കേണ്ടതുണ്ട്. ഇന്നുള്ള പ്രതിസന്ധികളെയെല്ലാം മറികടന്ന് ആഘോഷത്തിന്റെ പൊന്നോണക്കാലം തിരികെയെത്തുന്ന നാളുകള്‍ക്കായുള്ള മലയാളിയുടെ കാത്തിരിപ്പ് സഫലമാവട്ടെ…