മുല്ലപ്പൂവിന് പൊന്നുംവില; ഒരു കിലോയ്ക്ക് നാലായിരം രൂപ
മുല്ലപ്പൂവിന് പൊന്നും വില. വീട്ടു മുറ്റത്ത് നമ്മൾ വളർത്തിയിരുന്ന മുല്ലപ്പൂവിന്റെ ഓണക്കാലത്തെ വില കേട്ടാൽ ഞെട്ടിപ്പോകും. ഒരു കിലോഗ്രാം മുല്ലപ്പൂവിന് ഇന്നലത്തെ വില 4000 രൂപയാണ്. ഒരു മുഴത്തിന് നൂറ് രൂപയും. ഓണാഘോഷം തുടങ്ങിയതോടെയാണ് പൂവിന് വില ഇത്രയും വർദ്ധിച്ചത്. ചിങ്ങമാസം ആയതോടെ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെയായി. മാത്രവുമല്ല പുറത്തുനിന്നാണ് ഇവിടേക്ക് ഓണത്തിനുള്ള പൂക്കൾ എത്തിക്കുന്നത്.
നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്. ഇത്തവണ കേരളത്തോടൊപ്പം തന്നെ തമിഴ്നാട്ടിലുംകനത്ത മഴയായതോടെ പലയിടങ്ങളിലും പൂക്കൃഷി നശിച്ചു. ഇതെല്ലാം മുല്ലപ്പൂവിന്റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. ദിവസങ്ങളുടെ വ്യത്യാസത്തിലാണു മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയിൽനിന്നു 4000 രൂപയിലേക്ക് വിലയെത്തിയത്.
തമിഴ്‌നാട്ടിൽ നിന്ന് പാലക്കാട് വഴിയാണ് ഇവിടേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. അവിടെ ഉല്പാദനം കുറഞ്ഞതും മഴയിൽ പൂ കൃഷി നശിച്ചതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കൃഷി നശിച്ചതിനാൽ പൂവിന്റെ ലഭ്യതക്കുറവുണ്ട്. മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്ന് ചീയുന്നതും തിരിച്ചടിയാണ്. വരുന്ന മുല്ലപ്പൂ പിഞ്ചായതിനാൽ കെട്ടാനും പ്രയാസമാണ്.