എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും
സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ, പറക്കലിന് തയാറാക്കൽ, മാർഷലിങ്, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികളാണ് എയ്‌സലലിലെ കരാർ ജീവനക്കാരായ ഇവർ ചെയ്യുന്നത്. എയർ ഇന്ത്യക്കു വേണ്ടി ഈ ജോലികൾ ചെയ്യുന്നവരിൽ 60 ശതമാനവും എയ്‌സൽ ജീവനക്കാരാണ്.
ശമ്പളം പരിഷ്‌കരിക്കുക, തൊഴിൽ കരാർ പുതുക്കുക, ഡിയർനസ് അലവൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്. ‘തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാനത്തുള്ള ശമ്പളമാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങൾ ചെയ്യുന്ന േേജാലികളും ഞങ്ങളുടെ യോഗ്യതകളും എയർ ഇന്ത്യയിലെ സർവീസ് എഞ്ചിനീയർമാരുടേതിന് തുല്യമാണ്. അവർക്ക് ലഭിക്കുന്ന ശമ്പളം ഞങ്ങൾക്കും ലഭിക്കണം.’ – പണിമുടക്കിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങളുടെ ശമ്പളം 25,000 രൂപയാണ്. ജനുവരിയിലെ ശമ്പളമായി പലർക്കും ലഭിച്ചത് 21,444 രൂപ മാത്രമാണ്.’ ജീവനക്കാരൻ പറയുന്നു.
എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കി ജീവനക്കാർ എയ്‌സലിന് കത്തുനൽകിയിരുന്നു. അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയെ തുടർന്ന് ഇത് മാറ്റിവെച്ചു. എന്നാൽ, പിന്നീട് മാനേജ്‌മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതായും ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ജീവനക്കാർ വ്യക്തമാക്കി.
,ജനുവരി 26-നാണ് വൻ സാമ്പത്തിക നഷ്ടത്തിലുള്ള എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. 18,000 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. വിമാനക്കമ്പനിയെ പുനരുദ്ധരിക്കുന്നതിനായി അടുത്ത അഞ്ചുവർഷത്തിൽ ടാറ്റ 37,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിമാനക്കമ്പനിയോടൊപ്പം 12,085 ജീവനക്കാരെ കൂടിയാണ് സർക്കാർ ടാറ്റയ്ക്ക് കൈമാറിയത്. ജീവനക്കാരെ കുറഞ്ഞത് ഒരു വർഷമെങ്കിലും നിലനിർത്തണമെന്ന് കൈമാറ്റ വ്യവസ്ഥയിലുണ്ട്. ഇവരുടെ ഗ്രാറ്റുവിറ്റി, പ്രൊവിഡണ്ട് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ തന്നെയാണ് വഹിക്കുന്നത്. നിലവിൽ 7,453 എയർ ഇന്ത്യ ജീവനക്കാർക്ക് ഇ.പി.എഫ് കവറേജുണ്ട്. ഒരു വർഷത്തിനു ശേഷം ജീവനക്കാരെ നിലനിർത്തുന്നില്ലെങ്കിൽ ടാറ്റ ഗ്രൂപ്പ് ഇവരെ വോളണ്ടറി റിട്ടയർമെന്റ് സ്‌കീം (വി.ആർ.എസ്) അനുവദിച്ച് പിരിച്ചുവിടുമെന്നാണ് സൂചന.