ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവം; നാല് പേർ കൂടി അറസ്റ്റിൽ
ഉദ്ഘാടനം കഴിയുന്നതിന് മുമ്പേ കൊച്ചി-വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിട്ട് നഗരത്തിൽ ഗതാഗത കുരുക്കുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ കൂടുതൽ അറസ്റ്റ്. തമ്മനം സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി എന്നിവരാണ് അറസ്റ്റിലായത്.
വി ഫോർ കേരള എന്ന സംഘടനയുടെ പ്രവർത്തകരാണ് സാമൂഹ്യവിരുദ്ധ പ്രവർത്തിക്ക് പിന്നിൽ. ഇതിന്റെ നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. നാല് പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
്ശനിയാഴ്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വി ഫോർ കേരളയെന്ന ഈ സംഘടനയുടെ പ്രവൃത്തി. പാലത്തിന് ഒന്നര ലക്ഷം രൂപക്ക് മുകളിൽ ഇവർ കാരണം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നഷ്ടത്തിന്റെ കണക്ക് ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പാലം പണി പൂർത്തിയായെങ്കിലും വൈദ്യൂതികരണവും അവസാന വട്ട മിനുക്ക് പണികളും പൂർത്തിയാകുന്നതേയുണ്ടായിരുന്നുള്ളു. ഇത് കൂടി കണക്കിലെടുത്താണ് ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചത്. ഇതിനിടയിലാണ് പാലത്തിന് തന്നെ നാശനഷ്ടമുണ്ടാക്കിയ സംഭവമുണ്ടായത്.