Thursday, January 9, 2025
Top News

പക്ഷിപ്പനിയെ കുറിച്ചറിയാം

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പക്ഷിപ്പനിയുടെ ആശങ്കയിലാണ്. കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതിനെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോഴികൾ അസാധാരണമായി ചത്തൊടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ ടൈപ്പ് എ എന്ന വൈറസാണ് ഏവിയൻ ഇൻഫ്ലുവൻസ എന്ന പേരിലും അറിയപ്പെടുന്ന പക്ഷിപ്പനിക്ക് കാരണം. മറ്റ് വൈറസുകളെ അപേക്ഷിച്ച് വളരെ പെട്ടന്ന് രോഗവ്യാപനം നടത്താൻ ഇൻഫ്ലുവൻസ വൈറസിനാകും. കോഴി, തറാവ്, ടർക്കി കോഴി തുടങ്ങിയ പക്ഷികളിലാണ് പൊതുവെ ഈ രോഗം കണ്ടുവരുന്നത്. ഇൻഫ്ലുവൻസ വൈറസിന്റെ ചില വകഭേദങ്ങൾ മുട്ടയുൽപ്പാദനം കുറയുന്നത് പോലുള്ള അനന്തരഫലങ്ങളാണ് പക്ഷികളിൽ ഉണ്ടാക്കുന്നതെങ്കിൽ മറ്റ് ചില വകഭേദങ്ങൾ മരണകാരണം വരെ അകാറുണ്ട്.

മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

രോഗബാധയുള്ള പക്ഷിയുമായി അടുത്തിടപഴകുന്നത് വഴി പക്ഷിപ്പനി പിടിപെടാം. നാഷണൽ ഹെൽത്ത് സയൻസിൽ നിന്നുള്ള വിവരം അനുസരിച്ച് രോഗബാധയുള്ള പക്ഷിയെ തൊടുക, അവയുടെ വിസർജ്യമോ വാസസ്ഥലമോ സ്പർശിക്കുക, രോഗബാധയുള്ള പക്ഷിയെ കൊന്ന് ഭക്ഷിക്കുക എന്നിവ വഴി രോഗം മനുഷ്യരിലേക്ക് പടരും. ഭാഗികമായി വേവിച്ച ഇറച്ചിയോ മുട്ടയോ കഴിക്കുന്നത് വഴിയും രോഗം പടരും.ജീവനുള്ള പക്ഷികളെ വിൽക്കുന്ന ചന്തയിൽ നിന്നും രോഗം പടരാം.

ലക്ഷണങ്ങൾ

മനുഷ്യരിൽ ചുമ,ജലദോഷം, പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പക്ഷിപ്പനിക്ക് ഉണ്ടാകുക. രോഗം ഗുരുതരമായാൽ അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രത്തിനും ചിലപ്പോൾ ശ്വാസകോശത്തിൽ ദ്രവങ്ങൾ അടിഞ്ഞുകൂടുന്നതിന് വരെയും പക്ഷിപ്പനി കാരണമാകും. പക്ഷേ അത്ര എളുപ്പത്തിൽ ഈ വൈറസ് മനുഷ്യരിലേക്ക് പടരില്ല എന്നതാണ് ആശ്വാസം നൽകുന്ന കാര്യം. രോഗം പിടിപെട്ട പക്ഷികളുമായി വളരെ അടുത്ത് ഇടപഴകിയവർക്ക് മാത്രമാണ് ഇതുവരെ എച്ച്5എൻ1 പക്ഷിപ്പനി പിടിപെട്ടിട്ടുള്ളു.

സാധാരണഗതിയിൽ ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ശരിയായി പാകം ചെയ്ത ഇറച്ചിയും മുട്ടയും കഴിച്ചാലും പക്ഷിപ്പനി പടരുമെന്നതിന് ഒരു തെളിവുമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. ഉയർന്ന താപനിലയിൽ വൈറസ് ചത്ത് പോകാനിടയുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

രോഗം വരാതിരിക്കാൻ എന്ത് ചെയ്യണം

  • രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകാതിരിക്കുക
  • കൈകളുടെ ശുചിത്വം പാലിക്കുക, പച്ചയിറച്ചി തൊട്ടതിന് ശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈ കഴുകുക
  • പച്ചയായ മാംസത്തിനും പാകം ചെയ്തതിനും വേറെ വേറെ പാത്രങ്ങൾ ഉപയോഗിക്കുക
  • ജീവനുള്ള പക്ഷികളുമായി അടുത്തിടപഴകാതിരിക്കാൻ ശ്രമിക്കുക

ഇറച്ചി ശരിയായി പാകം ചെയ്ത് കഴിക്കുക, പച്ചമുട്ടയും കഴിക്കുന്നതും പാതി വേവിച്ച മുട്ടയും ഇറച്ചിയും കഴിക്കുന്നതും ഒഴിവാക്കുക

Leave a Reply

Your email address will not be published. Required fields are marked *