ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്ന് മരണം; കനത്ത മഴയിൽ ചെന്നൈ നഗരമടക്കം വെള്ളത്തിനടിയിൽ
ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചു. കടലൂരിൽ 35 വയസ്സുള്ള സ്ത്രീയും ഇവരുടെ പത്ത് വയസ്സുള്ള മകളും മരിച്ചു. വീട് തകർന്നുവീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
ചെന്നൈയിൽ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കടലൂർ, പുതുച്ചേരി തീരത്തും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
അതിതീവ്ര ന്യൂനമർദത്തിന്റെ വേഗത 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയുമാണ്. തീവ്രത കുറഞ്ഞെങ്കിലും കേരളത്തിൽ ജാഗ്രത തുടരും. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.