കൊവിഡിന്റെ ഉറവിടം വവ്വാലുകളിൽ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന; പുതിയ വെളിപ്പെടുത്തൽ
കൊവിഡിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളാണെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷക സംഘം. കൊവിഡ് ആദ്യം സ്ഥിരീകരിച്ച വുഹാനിൽ കൊവിഡിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താനെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ശാസ്ത്രജ്ഞനായ പീറ്റർ ഡസാക് അറിയിച്ചു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകൾ താവളമാക്കിയ ഗുഹകളിൽ കൂടുതൽ ഗവേഷണം നടത്തും. കൊവിഡ് വ്യാപനത്തിൽ യു എസ് അടക്കമുള്ള രാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ പുതിയ പഠനഫലം
കൊവിഡിന്റെ ഉത്ഭവത്തിന് വവ്വാൽ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസാക് പറയുന്നു. യഥാർഥ ഉറവിടം കണ്ടെത്തിയാൽ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.