ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വാട്സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍
ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ , നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് അപ്രത്യക്ഷമാകും . പ്രൈവസി പോളിസികള്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. പുതിയ പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതുക്കിയ പ്രൈവസി വിവരങ്ങളുമായി ബന്ധപ്പെട്ട് ഒരു നോട്ടിഫിക്കേഷന്‍ വാട്സാപ്പ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച് തുടങ്ങിയിരിക്കുകയാണ്. വാട്സാപ്പ് തുറക്കുമ്പോള്‍ തന്നെ ഈ ഉപയോക്താക്കള്‍ക്ക് ഈ നോട്ടിഫിക്കേഷന്‍ ലഭ്യമാകും.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകളിലെയും സ്വകാര്യതാ നയങ്ങളിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ച് തുടങ്ങിയത്. പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വിവരങ്ങള്‍ നിലനിര്‍ത്തുന്നതിന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടത് നിര്‍ബന്ധമാക്കുന്നു എന്നായിരുന്നു സന്ദേശം.
ഫേസ്ബുക്ക് ഉത്പ്പന്നങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഫേസ്ബുക്കുമായി തങ്ങള്‍ എങ്ങനെ സഹകരിക്കുന്നു തുടങ്ങിയവയിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍ എഗ്രീ, നോട്ട് നൗ എന്നീ ഓപ്ഷനുകളാണുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്യാവുന്നതാണ്.
കമ്പനി ഇപ്പോള്‍ പുറത്തുവിട്ട പ്രൈവസി പോളിസി വ്യവസ്ഥകള്‍ ഫെബ്രുവരി എട്ട് മുതലാണ് നിലവില്‍ വരിക. ഈ തീയതി കഴിഞ്ഞാല്‍ വാട്സാപ്പ് സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും ഈ വ്യവസ്ഥകള്‍ അംഗീകരിക്കണണെന്ന് കമ്പനി പറയുന്നുണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് വാട്സാപ്പിന്റെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും സന്ദേശത്തില്‍ പറയുന്നു.