പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കരയുടെ കത്ത് ; മാപ്പ് പറയണമെന്ന് എം ബി രാജേഷ്
ലൈഫ് മിഷൻ കേസ് അനിൽ അക്കരയ്ക്ക് മറുപടിയുയമായി മന്ത്രി എം ബി രാജേഷ്.മുൻ എംഎൽഎയ്ക്കും പ്രതിപക്ഷ നേതാവിനും നന്ദിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കരയുടെ കത്ത്. കത്തിൽ ലൈഫ് മിഷനോ സർക്കാരിനോ ബന്ധമില്ലെന്ന് പറയുന്നു. കത്തിൽ പറഞ്ഞത് തന്നെയാണ് സർക്കാർ വാദം.
പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ‘പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങളുടെ സംസ്‌കാരം അവര്‍ തന്നെ നടത്തി. കത്ത് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതുകൊണ്ട് വിവാദം അവസാനിക്കുന്നില്ല. വെളിപ്പെടുത്തലിൽ അനില്‍ അക്കര ഉറച്ചുനില്‍ക്കുന്നുണ്ടോ?’, എം ബി രാജേഷ് ചോദിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായാണ് മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു നിയമലംഘനം നടന്നതെന്നായിരുന്നു ആരോപണം. ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ നിന്നാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.