പ്രതിപക്ഷം ജനാധിപത്യ മര്യാദ കാണിച്ചില്ല’; നഗരസഭയിലെ പ്രതിഷേധത്തില്‍ ഡി.ആര്‍ അനില്‍
തിരുവനന്തപുരം നഗരസഭയിലെ പ്രതിഷേധത്തിനിടെ പ്രതിപക്ഷം ജനാധിപത്യ മര്യാദ കാണിച്ചില്ലെന്ന് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍. കത്ത് വിവാദത്തിലെ ദുരൂഹത നീക്കാനാണ് യോഗം വിളിച്ചത്. എന്നാല്‍ ജനാധിപത്യ മര്യാദ കാണിക്കാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും ഡി ആര്‍ അനില്‍ പറഞ്ഞു.
ഡി ആര്‍ അനിലിനെതിരായ കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ യോഗം അവസാനിപ്പിച്ച മേയര്‍, എന്തിനാണ് ഭയക്കുന്നതെന്നും മേയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി.
അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കാന്‍ ബിജെപി ആവശ്യപ്പെട്ടത് 22നാണ്. എന്നാല്‍ ഇന്നലെ മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് യുഡിഎഫ് കത്ത് നല്‍കി. ആരോപണം തെളിയിക്കാത്ത പക്ഷം കൗണ്‍സില്‍ യോഗം വിളിക്കാന്‍ അധികാരം മേയര്‍ക്കാണ്. നഗരസഭയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ചര്‍ച്ച നടത്താതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ എല്ലാം അറിയട്ടെ എന്നാണ് തന്റെ നിലപാട്. ഡി ആര്‍ അനിലിനെതിരായ കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. തന്റെ ഭാഗം കോടതി കേള്‍ക്കണമെന്ന് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളില്ല. ക്രൈംബ്രാഞ്ച് കൃത്യമായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്’.മേയര്‍ കൂട്ടിച്ചേര്‍ത്തു.