Sunday, April 13, 2025
Top News

ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷം; നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി

ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷം. ഇന്നലെ മുതൽ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ശക്തമായ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി.

മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകളുടെ ശക്തിയിൽ മീറ്ററുകളോളം കടൽപ്പാറകളുടെ കൂറ്റൻ കഷ്ണങ്ങൾ കരയിലേക്ക് ഒലിച്ചുപോയി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 5 ,6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *