സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ ഇന്ന് തുറക്കും
സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്കായി ഇന്ന് തുറക്കും. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികൾ.
ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് പുനരാരംഭിച്ചത്.
മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരിക്കുകയാണ്. നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകൾ പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക കവാടം രൂപീകരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസർ, കൈകഴുകൾ മുതലായ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാൻ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങൾ പ്രത്യേകം പ്രദർശിപ്പിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ടൂറിസം പൊലീസ്, കുടുംബശ്രീ, ലൈഫ് ഗാർഡുകൾ തുടങ്ങിയവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തും. സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മ്യൂസിയം, പാർക്ക് എന്നിവിടങ്ങളിൽ കഴിയുന്നത്ര ഓൺലൈൻ, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും.