പുരാവസ്തു തട്ടിപ്പ്; മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പില്‍ മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ ഉണ്ടാക്കിയതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുരാവസ്തു വ്യാപാരി സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാൽ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സൻ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ തേടി ക്രൈബ്രാഞ്ച് ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഈ വിവരം കൂടി ലഭിച്ചാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് ക്രൈബ്രാഞ്ചിൻ്റെ പ്രതീക്ഷ.
കൂടാതെ മോന്‍സൻ ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കുന്ന ഇയാളുടെ സഹായികളുടെ അടക്കം ബാങ്ക് അക്കൗണ്ടുകളും ക്രൈബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. എച്ച് എസ് ബി സി ബാങ്കിലെ അക്കൗണ്ടില്‍ 2.62 ലക്ഷം കോടി രൂപ ഉണ്ടെന്ന രേഖകള്‍ മോന്‍സന്‍ പരാതിക്കാരായ ആളുകള്‍ക്ക് മെയില്‍ അയച്ചിരുന്നു. ഇത് എവിടെ തയ്യാറാക്കിയതെന്ന് ഇതുവരെയും മോൻസൻ വെളിപ്പെടുത്തിയിട്ടില്ല. ലാപ്‌ടോപ്പും ഐ പാഡുമൊക്കെ പരിശോധിച്ച ശേഷം ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. ശില്‍പ്പങ്ങള്‍ വിറ്റ വകയില്‍ 3 കോടി രൂപയോളം ലഭിയ്ക്കാനുണ്ടെന്നാണ് സന്തോഷ് നല്‍കിയ പരാതി. ഇയാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും.