Saturday, October 19, 2024
Sports

തകർത്തെറിഞ്ഞ് ഇന്ത്യ; പാകിസ്താനെതിരെ വിജയലക്ഷ്യം 100 റൺസ്

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ഇന്ത്യൻ വനിതാ ടീമിന് റൺസ് വിജയലക്ഷ്യം. മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ 99 റൺസിന് ഓൾഔട്ടായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പാകിസ്താനെ പിടിച്ചുനിർത്തുകയായിരുന്നു. 32 റൺസെടുത്ത മുനീബ അലിയാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ.

മോശം തുടക്കമാണ് പാകിസ്താനു ലഭിച്ചത്. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഇറം ജാവേദ് (0) മേഘ്ന സിംഗിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ സ്കോർബോർഡിൽ റൺസൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ബിസ്മ മറൂഫും മുനീബ അലിയും ചേർന്ന സഖ്യം 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 9ആം ഓവറിൽ ബിസ്മ മറൂഫ് (17) മടങ്ങിയതോടെ വീണ്ടും പാകിസ്താൻ തകർന്നു. പിന്നാലെ മുനീബ അലി (32), അയെഷ നസീം (10), ഒമൈമ സൊഹൈൽ (10), ആലിയ റിയാസ് (18), ഫാത്തിക സന (8), ഡിയാന ബെയ്ഗ് (0), തൂബ ഹസൻ (1), കൈനത് ഇംതിയാസ് (2) എന്നിങ്ങനെയാണ് പാക് താരങ്ങളുടെ വ്യക്തിഗത സ്കോറുകൾ.

ഗ്രൂപ്പ് എയിൽ ബാർബഡോസ് ആണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമി കളിക്കും. ആദ്യ കളിയിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടപ്പോൾ പാകിസ്താനെ ബാർബഡോസ് വീഴ്ത്തിയിരുന്നു.

Leave a Reply

Your email address will not be published.