Sunday, April 13, 2025
Kerala

നഴ്സിംഗ് കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി

നഴ്സിംഗ് കൗണ്‍സിലില്‍ ഒരു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രജിസ്‌ട്രേഷന്‍, റിന്യൂവല്‍, റെസിപ്രോകല്‍ രജിസ്‌ട്രേഷന്‍ ഇവ ഒന്നിനും കാലതാമസമരുത്. 1953ലെ ആക്ടില്‍ തന്നെ ചില ഭേദഗതി വരുത്തേണ്ടതുണ്ട്. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കും. ഇതിനുള്ള സോഫ്റ്റുവെയര്‍ തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ആദ്യമായി കേരള നഴ്‌സസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു.

റിന്യൂവല്‍, വെരിഫിക്കേഷന്‍, റെസിപ്രോകല്‍ രജിസ്‌ട്രേഷന്‍, അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള അപേക്ഷകളാണ് പോരായ്മകള്‍ കാരണം തീര്‍പ്പാക്കാനുള്ളത്. ഇതില്‍ ആദ്യഘട്ടമായി റിന്യൂവലിനുള്ള 315 അപേക്ഷകളാണ് നഴ്‌സിംഗ് കൗണ്‍സില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇതുകൂടാതെ നഴ്‌സിംഗ് കൗണ്‍സിലില്‍ വിവിധ വിഭാഗങ്ങളിലായി ആകെ 2000ത്തോളം അപേക്ഷകളാണ് നിലവിലുള്ളത്. ഈ അപേക്ഷകള്‍ ഘട്ടം ഘട്ടമായി അദാലത്ത് നടത്തി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഒരു വ്യക്തിയെ സംബന്ധിച്ച് ഇത് അനന്തമായി വൈകുന്നത് വളരെയേറെ പ്രയാസമുണ്ടാക്കും. നിലവിലെ കുടിശികയുള്ള അപേക്ഷയിന്‍മേല്‍ പരിഹാരം കാണുന്നതിനോടൊപ്പം ഇനി വരുന്ന അപേക്ഷയിന്‍മേല്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാന വിഭാഗമാണ് നഴ്‌സുമാര്‍. കേരളത്തില്‍ പഠിച്ചിറങ്ങിയവര്‍ക്കും ഇവിടെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ആഗോള തലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനാല്‍ അവരുടെ താത്പര്യങ്ങള്‍ക്ക് കൗണ്‍സില്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *