ഇന്ത്യ ഓസിസ് പരമ്പരയുടെ സമയക്രമം പുറത്തിറങ്ങി
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. മത്സരത്തിനായി ഇന്ത്യന്‍ സംഘം നവംബര്‍ 12ന് സിഡ്‌നിയിലെത്തും. ഐപിഎല്‍ നടക്കുന്നതിനാല്‍ യുഎഇയില്‍ നിന്നുമാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. ഓസ്ട്രേലിയയില്‍ എത്തിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയും.
മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമടങ്ങുന്നതാണ് പരമ്പര. നവംബര്‍ 27ന് സിഡ്‌നിയില്‍ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക. ഏകദിനമത്സരത്തിന് സിഡ്‌നിയും കാന്‍ബറയുമാണ് വേദിയാകുക. കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയാണ് വേദികള്‍ വെട്ടിക്കുറച്ചത്. ട്വന്റി20 മത്സരങ്ങളും ഈ വേദികളില്‍ തന്നെ നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ട് ഡിസംബര്‍ 17ന് അഡ്ലെയ്ഡില്‍ ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി, സിഡ്‌നിയില്‍ ഇന്ത്യ പ്രത്യേക രാത്രി പകല്‍ സന്നാഹ മത്സരം കളിക്കും. ഇതുള്‍പ്പെടെ 69 ദിവസം നീളുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമ്പൂര്‍ണ മത്സരക്രമവും വേദികളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്.
ആദ്യ മത്സരം നവംബര്‍ 27ന് നടക്കുമ്പോള്‍ രണ്ടാം മത്സരം നവംബര്‍ 29ന് സിഡ്‌നിയില്‍ത്തന്നെ നടക്കും. കാന്‍ബറയില്‍ ഡിസംബര്‍ രണ്ടിനാണ് മൂന്നാം ഏകദിനം. ഇതിനു പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാകും. കാന്‍ബറയില്‍ ഡിസംബര്‍ നാലിനാണ് ഒന്നാം ട്വന്റി20. രണ്ടും മൂന്നും മത്സരങ്ങള്‍ ഡിസംബര്‍ ആറ്, എട്ട് തീയതികളിലായി സിഡ്‌നിയില്‍ നടക്കും.
അഡലെയ്ഡ് ഓവലില്‍ ഡിംസംബര്‍ 17 മുതല്‍ പകല്‍രാത്രി മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.
ഇതിനുശേഷം മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജനുവരി ഏഴു മുതലാണ് മൂന്നാം ടെസ്റ്റ്. ജനുവരി 15 മുതല്‍ ഗാബയിലാണ് നാലാം ടെസ്റ്റ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിനും സിഡ്‌നിയിലെ ന്യൂഇയര്‍ ടെസ്റ്റിനുമിടയ്ക്ക്, ബിസിസിഐയുടെ പ്രത്യക താല്‍പര്യപ്രകാരം ഒരാഴ്ചത്തെ ഇടവേളയുമുണ്ട്.