Wednesday, January 8, 2025
Sports

ഐസിസി റാങ്കിംഗ്; വൻ മുന്നേറ്റവുമായി ശുഭ്മൻ ഗിൽ

ഐസിസി റാങ്കിംഗിൽ വൻ മുന്നേറ്റവുമായി ശുഭ്മൻ ഗിൽ. 45 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38ആം റാങ്കിലേക്കാണ് ഗിൽ എത്തിയത്. സിംബാബ്‌വെക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിനു തുണയായത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 245 അടിച്ചുകൂട്ടിയ ഗിൽ ആയിരുന്നു പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയത്.

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം റാങ്കിംഗിൽ ഒന്നാമതാണ്. ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻഡർ ഡസ്സൻ രണ്ടാം സ്ഥാനത്ത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാമതും ക്യാപ്റ്റൻ രോഹിത് ശർമ ആറാം സ്ഥാനത്തുമുണ്ട്. മലയാളി താരം സഞ്ജു സാംസൺ 193ആം റാങ്കിലാണ്.

അതേസമയം, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ടുണ്ട്. ഏഷ്യാ കപ്പിനായി ഇന്ത്യൻ സംഘം യുഎഇയിലേക്ക് പോവാനിരിക്കെയാണ് ദ്രാവിഡ് കൊവിഡ് ബാധിതനായത്. ഇതോടെ താരം ഏഷ്യാ കപ്പിൽ ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടാവില്ല. പകരം ഇന്ത്യ അണ്ടർ-19, ഇന്ത്യ എ ടീം പരിശീലകനായ മുൻ താരം വിവിഎസ് ലക്ഷ്മൺ യുഎഇയിലേക്ക് തിരിക്കും.

സിംബാബ്‌വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് പരിഗണിച്ച് ദ്രാവിഡിനു വിശ്രമം നൽകിയതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര സംഘത്തെ പരിശീലിപ്പിച്ചത്.

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

Leave a Reply

Your email address will not be published. Required fields are marked *