ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20യില്‍ നിന്നും ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളെ ഒഴിവാക്കുമെന്ന് സൂചന; ധവാന്‍ മടങ്ങി, ഇന്ത്യയെ ഇനി സഞ്ജു നയിച്ചേക്കും
ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നായകന്‍ ശിഖര്‍ ധവാന്‍ ഉള്‍പ്പടെ പ്രധാന താരങ്ങള്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ക്ക് ക്രുനാലുമായി സമ്പര്‍ക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഈ എട്ട് പേരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20യില്‍ നിന്നും ഈ എട്ട് താരങ്ങളെ ഒഴിവാക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായ ബുവനേശ്വര്‍ കുമാര്‍ ടീമിനെ നയിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണ്‍ ടീമിനെ നയിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ഋതുരാജ് ഗയ്ക്വാദ്, നിതീഷ് റാണ എന്നിവര്‍ ടി20 ഡെബ്യൂട്ട് ചെയ്തേക്കുമെന്ന വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യ ശ്രീലങ്കക്കെതിരെ ബി ടീമല്ല, സി ടീമുമായാണ് കളത്തിലിറങ്ങുന്നതെന്ന് മറ്റൊരു ആരാധകനും അഭിപ്രായപ്പെട്ടു. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.