ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ്; രണ്ടാം ടി20 മാറ്റിവെച്ചു: കൂടുതല്‍ താരങ്ങള്‍ക്കും രോഗ സാധ്യത
കൊളംബോ: ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവ്. രണ്ടാം ടി20 മത്സരം ഇന്ന് നടക്കാനിരിക്കെ നടത്തിയ പരിശോധനയിലാണ് ക്രുണാല്‍ പാണ്ഡ്യയുടെ കോവിഡ് ഫലം പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം റദ്ദാക്കിയിട്ടുണ്ട്. എട്ടോളം താരങ്ങളുമായി ക്രുണാല്‍ പാണ്ഡ്യക്ക് അടുത്ത് സമ്പര്‍ക്കമുണ്ടായതിനാല്‍ കൂടുതല്‍ താരങ്ങളിലേക്കും രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്.
എഎന്‍ ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ‘ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായിരിക്കുന്നു. അതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മാറ്റിവെച്ചിരിക്കുന്നത്.മറ്റ് താരങ്ങളുടെ ഫലം നെഗറ്റീവാണ്. മാറ്റിവെച്ച മത്സരം വ്യാഴാഴ്ച നടക്കും. താരങ്ങളെയെല്ലാം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്’ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് എഎന്‍ ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏകദിനത്തിലും ടി20യിലും സജീവമായിരുന്ന താരമാണ് ക്രുണാല്‍. ഒന്നാം ടി20യിലും താരം കളിച്ചിരുന്നു. ബയോബബിള്‍ സുരക്ഷയിലായിരുന്നു താരങ്ങളുണ്ടായിരുന്നത്. എന്നാല്‍ എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
അതേ സമയം ശ്രീലങ്കന്‍ താരങ്ങള്‍ക്കാര്‍ക്കും കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അത് ആശ്വാസം നല്‍കുന്ന കാര്യമാണ്. പരിശീലനത്തിലടക്കം ക്രുണാല്‍ സഹതാരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയുമായി അദ്ദേഹം കൂടുതല്‍ അടുത്ത് ഇടപഴകിയതിനാല്‍ ഹര്‍ദിക്കിന്റെ രോഗസാധ്യത കൂടുതലാണ്.
നേരത്തെ ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമെത്തിയ ശ്രീലങ്കന്‍ ടീമില്‍ കോവിഡ് ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിക്കാതെ വന്നതോടെ പരമ്പര ആരംഭിക്കുകയായിരുന്നു. മൂന്ന് മത്സര ഏകദിന പരമ്പര പൂര്‍ത്തിയാക്കി ആദ്യ ടി20യും കഴിഞ്ഞ ശേഷമാണ് ആശങ്ക സൃഷ്ടിച്ച് ഇന്ത്യന്‍ താരത്തിന് കോവിഡ് പോസിറ്റീവായിരിക്കുന്നത്.
ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമാവാന്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനിരുന്ന പൃഥ്വി ഷായുടെയും സൂര്യകുമാര്‍ യാദവിന്റെയും കാര്യവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അല്‍പ്പദിവസം കൂടി കാത്തിരിക്കാതെ ഇരുവര്‍ക്കും ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനാവില്ല. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് പൃഥ്വിയേയും സൂര്യയേയും പകരക്കാരായി പരിഗണിച്ചത്. ഇരുവര്‍ക്കും ഇംഗ്ലണ്ടിലേക്ക് പോകാനായില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെയും അത് പ്രതികൂലമായി ബാധിച്ചേക്കും.