ലിയോണിനെ തകർത്ത് ബയേൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ; കലാശപ്പോരിൽ പി എസ് ജിയെ നേരിടും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂനിക്-പിഎസ്ജി ഫൈനൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബയേൺ ഫൈനലിലേക്ക് പ്രവേശിച്ചത്. ക്വാർട്ടറിൽ ബയേൺ ബാഴ്‌സലോണയെ 8-2ന് തകർത്തിരുന്നു.
സെർജെ ഗ്നാബ്രിയുടെ ഇരട്ട ഗോളുകളും റോബർട്ടോ ലെവൻഡോസ്‌കയുടെ ഗോളുമാണ് ബയേണിനെ കലാശപ്പോരിലേക്ക് നയിച്ചത്. ലിസ്ബണിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബയേൺ 2-0ന് മുന്നിലെത്തിയിരുന്നു.
പതിനെട്ടാം മിനിറ്റിലാണ് ബയേണിന്റെ ആദ്യ ഗോൾ പിറക്കുന്നത്. ലിയോൺ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഗ്നാബ്രിയുടെ വക ഇടങ്കാലൻ ഷോട്ട്. 33ാം മിനിറ്റിൽ ലെവൻഡോസ്‌കിയുടെ പാസിൽ നിന്ന് ഗ്നാബ്രിയുടെ രണ്ടാം ഗോൾ. മത്സരം തീരാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ ലെവൻഡോസ്‌കി ഗോൾ പട്ടിക പൂർത്തിയാക്കി. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് ഫൈനൽ മത്സരം.