സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: കേരളത്തിലിപ്പോൾ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കും. കോവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ്. 80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. ഇത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ പരിശ്രമിക്കുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞു മുതലെടുക്കുന്നത് ആത്മഹത്യപരമാണ്. മഹാമാരിക്കാലത്തും മുതലെടുപ്പ് നടത്തുന്നവരോട് ജനങ്ങൾ മറുപടി പറയും. കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.