Sunday, January 5, 2025
Sports

പാകിസ്താന്റെ കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യ കീഴടങ്ങി: വിജയം 10 വിക്കറ്റിന്

ദുബായ്: ഒരിക്കലും സംഭവിക്കില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടത് ദുബായിര്‍ സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. 10 വിക്കറ്റിനായിരുന്നു പാകിസ്താന്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ലോകകപ്പില്‍ പാകിസ്താനെതിരേ 12-0ന്റെ റെക്കോര്‍ഡുമായി ഈ മല്‍സരത്തിനെത്തിയ ഇന്ത്യക്കു തുടക്കം മുതല്‍ മോശം ദിനമായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യക്കു തങ്ങളുടെ എ ക്ലാസ് പ്രകടനം പുറത്തെടുക്കാനായില്ല. മറുഭാഗത്ത് ബാബര്‍ ആസമിന്റെ കീഴില്‍ ആദ്യമായി ലോകകപ്പ് കളിച്ച പാകിസ്താന്‍ തുടക്കം മുതല്‍ ഉറച്ച ദൃഢനിശ്ചയത്തോടെയായിരുന്നു കളിച്ചത്. വിജയത്തിനായുള്ള ആവേശവും ആക്രണോത്സുകതയും അവരുടെ ബാറ്റിങിലും ബൗളിങിലുമെല്ലാം കാണാമായിരുന്നു.
152 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമായിരുന്നു പാക് ടീമിന് വിരാട് കോലിയും സംഘവും നല്‍കിയത്. മറുപടിയില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. പക്ഷെ ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 17.5 ഓവറില്‍ പാക് ടീം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ബാബര്‍ 68 റണ്‍സെടുത്തപ്പോള്‍ റിസ്വാന്‍ 79 റണ്‍സും നേടി. 55 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിസ്വാന്റെ ഇന്നിങ്‌സെങ്കില്‍ ബാബര്‍ 52 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

ഇന്ത്യന്‍ നായകന്‍ കോലി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ബ്രേക്ക്ത്രൂ ലഭിച്ചില്ല. ശ്രദ്ധയോടെ തുടങ്ങിയ ബാബര്‍- റിസ്വാന്‍ ജോടി പിന്നീട് കൂടുതല്‍ അഗ്രസീവായി മാറി. ആറാം ബൗളറുടെ അഭാവവും ഇന്ത്യക്കു തിരിച്ചടിയായി മാറി. അഞ്ചു ബൗളര്‍മാരാണ് ഇന്ത്യക്കു വേണ്ടി ഈ മല്‍സരത്തില്‍ ബോള്‍ ചെയ്തത്. ആറാം ബൗളറായി കോലിയോ, രോഹിത്തോ വന്നേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തന്നെ നന്നായി റണ്‍സ് വിട്ടുകൊടുത്തു. അഞ്ചു പേരുടെയും ഇക്കോണമി റേറ്റ് ഏഴിന് മുകളിലായിരുന്നു.

നേരത്തേ നായകന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച കോലിയാണ് ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ട കളിയില്‍ 57 റണ്‍സെടുത്താണ് കോലി മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. കോലിയെക്കൂടാതെ കന്നി ലോകകപ്പ് മല്‍സരം കളിച്ച റിഷഭ് പന്താണ് (39) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി ടീമിന്റെ ടോപ്‌സ്‌കോററായത്. റിഷഭ് 30 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 39 റണ്‍സെടുത്തത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (1), സൂര്യകുമാര്‍ യാദവ് (11), രവീന്ദ്ര ജഡേജ (13), ഹാര്‍ദിക് പാണ്ഡ്യ (11) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ (5), മുഹമ്മദ് ഷമി (0) എന്നിവര്‍ പുറത്താവാതെ നിന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഇമാദ് വസീം രണ്ടു വിക്കറ്റ് നേടി. ഷഹീനാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യയെ ഞെട്ടിക്കുന്നതായിരുന്നു പാകിസ്താന്റെ തുടക്കം. ഇന്നിങ്‌സിലെ നാലാമത്തെ ബോളില്‍ തന്നെ രോഹിത് മടങ്ങി. ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഷഹീന്റെ തകര്‍പ്പന്‍ ഇന്‍സ്വിങറില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ടി20 ലോകകപ്പില്‍ ഇതു ഏഴാം തവണയാണ് രോഹിത് ഡെക്കായത്. ഏറ്റവുമധികം തവണ ഡെക്കായ ഇന്ത്യന്‍ താരവും അദ്ദേഹമാണ്.
തന്റെ രണ്ടാം ഓവറിലെ ആദ്യ ബോളില്‍ ഷഹീന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ സ്തബ്ധരാക്കി. മിന്നുന്ന ഫോമിലുള്ള രാഹുല്‍ ഷഹീന്റെ ഉജ്ജ്വല ഇന്‍സ്വിങറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. എട്ടു ബോള്‍ നേരിട്ട രാഹുല്‍ മൂന്നു റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് ആറു റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ അഗ്രസീവ് ബാറ്റിങായിരുന്നു പുറത്തെടുത്തത്.

മൂന്നാം വിക്കറ്റില്‍ കോലി- സൂര്യ സഖ്യം 25 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനിടെ പാകിസ്താന്‍ തിരിച്ചടിച്ചു. ഹസന്‍ അലിയുടെ ഓവറില്‍ ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച സൂര്യ എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഡൈവിങ് ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു (മൂന്നിന് 31). എട്ടു ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നാലാം വിക്കറ്റില്‍ കോലിക്കു കൂട്ടായി റിഷഭ് വന്നതോടെ ഇന്ത്യ കരകയറി. 53 റണ്‍സാണ് ഈ ജോടി ചേര്‍ന്നെടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. ഇതിനിടെ ഹസന്‍ അലിയുടെ ഒരോവറില്‍ തുടരെ രണ്ടു സിക്‌സറുകള്‍ പായിച്ച റിഷഭ് ഇന്ത്യന്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിക്കുകയും ചെയ്തു. പക്ഷെ തൊട്ടടുത്ത ഓവറില്‍ അദ്ദേഹം പുറത്തായി. സ്പിന്നര്‍ ഷദാബ് ഖാനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച റിഷഭിനു പിഴച്ചു. ഗൂഗ്ലിക്കെതിരേ ആഞ്ഞു വീശിയ റിഷഭിന്റെ ടൈമിങ് പാളിയപ്പോള്‍ ഷദാബ് തന്നെ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ കോലിയും ജഡേജയും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് റേറ്റ് കൂട്ടാനുള്ള ശ്രമത്തിനിടെയാണ് ജഡേജ പുറത്തായത്. ഫിഫ്റ്റി തികച്ച കോലിയും പിന്നാലെ മടങ്ങി. ഹാര്‍ദിക്കാണ് അവസാനമായി ക്രീസ് വിട്ടത്.
ടോസ് ലഭിച്ചത് പാക് നായകന്‍ ബാബര്‍ ആസമിനായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരേയൊരു അംഗീകൃത സ്പിന്നറെയാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

പരിചയസമ്പന്നനായ ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍ എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു അവസരം നല്‍കുകയായിരുന്നു. ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ക്കും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.

പരിചയസമ്പന്നരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത്. വരുണും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *