Saturday, April 12, 2025
Kerala

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും: മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭിക്കല്‍ തുടങ്ങിയവ ഏകീകരിച്ചു കൊണ്ടുള്ളതാകും കലണ്ടര്‍. അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിന്റെയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്‍പ്പിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുക. സംവിധാനത്തിന് എല്ലാ കരാറുകാരുടെയും പിന്തുണ മന്ത്രി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മെയിന്റനന്‍സ് വിംഗ് ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നതിനായി കെ എച്ച് ആര്‍ ഐയില്‍ സംവിധാനം ഏര്‍പ്പെടുത്തും. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ കരാറുകാരുടെ സംഘടനകളുടെ യോഗം നടത്തും. കരാറുകാരുടെ പ്രശ്നങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പിന്തുണ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എം എല്‍ എ, വി കെ സി മമ്മദ് കോയ, വര്‍ഗീസ് കണ്ണംപള്ളി, കെ ജെ വര്‍ഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാര്‍, സുനില്‍ പോള തുടങ്ങിയവരും പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഒ. ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *