സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്തി; യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ പ്രീക്വാർട്ടറിൽ
യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ വീഴ്ത്തിയാണ് ടെൻ ഹാഗും സംഘവും അവസാന 16ലേക്ക് ടിക്കറ്റെടുത്ത്. ഇന്നലെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന യുണൈറ്റഡ് ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിനു വിജയിക്കുകയായിരുന്നു. ഫ്രെഡ്, ആൻ്റണി എന്നിവർ യുണൈറ്റഡിനായും റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സക്കായും സ്കോർ ഷീറ്റിൽ ഇടം നേടി.
ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെ നിർണായകമായ രണ്ടാം പാദ മത്സരത്തിനിറങ്ങിയ ബാഴ്സ 18ആം മിനിട്ടിൽ ലെവൻഡോവ്സ്കിയിലൂടെ മുന്നിലെത്തി. പെനാൽറ്റിയിൽ നിന്നായിരുന്നു ലെവയുടെ ഗോൾ. ആദ്യ പാദത്തിൽ ബാഴ്സ മുന്നിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ ഒപ്പമെത്തി. 47ആം മിനിട്ടിൽ ബ്യൂറോ ഫെർണാണ്ടസിൻ്റെ അസിസ്റ്റിൽ നിന്ന് ഫ്രെഡ് വല കുലുക്കി. ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിക്കെ 73ആം മിനിട്ടിൽ ആൻ്റണിയിലൂടെ മാഞ്ചസ്റ്റർ ജയമുറപ്പിച്ച ഗോൾ നേടി.