സന്തോഷ് ട്രോഫി: മിസോറമിനെയും വീഴ്ത്തി; ഗ്രൂപ്പിൽ ഒന്നാമതായി കേരളം
സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം ഫൈനൽ റൗണ്ടിൽ. അവസാന മത്സരത്തിൽ മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയ കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും വിജയിച്ചാണ് ഫൈനൽ റൗണ്ടിലെത്തിയത്. ആദ്യ പകുതിയിൽ കേരളം ഒരു ഗോളിനു മുന്നിലായിരുന്നു.
31ആം മിനിട്ടിൽ നരേഷിലൂടെയാണ് കേരളം ലീഡെടുത്തത്. ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ഒരു ബാക്ക് ഫ്ലിക്കിലൂടെയായിരുന്നു ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു തകർപ്പൻ ഫ്രീ കിക്കിലൂടെ നിജോ കേരളത്തിൻ്റെ ലീഡ് ഇരട്ടിയാക്കി. 64ആം മിനിട്ടിൽ നരേഷ് വീണ്ടും ഗോൾ സ്കോർ ചെയ്തു. 79ആം മിനിട്ടിൽ ഗിഫ്റ്റി കൂടി ഗോൾ നേടിയതോടെ കേരളം കൂറ്റൻ ജയം ഉറപ്പിച്ചു. 80ആം മിനിട്ടിൽ മിസോറം ആശ്വാസ ഗോൾ നേടിയെങ്കിലും 86ആം മിനിട്ടിൽ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോൾ നേടിയ കേരളം വിജയം പൂർത്തിയാക്കി.
അഞ്ചിൽ അഞ്ചും വിജയിച്ച് 15 പോയിൻ്റാണ് കേരളത്തിനുള്ളത്. 12 പോയിൻ്റുള്ള മിസോറം രണ്ടാം സ്ഥാനത്താണ്. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ സൗദി അറേബ്യയിൽ വച്ച് നടക്കും.