Wednesday, January 8, 2025
Sports

രാജസ്ഥാനെതിരേ എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല? വ്യക്തമാക്കി ധോണി

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ തോറ്റതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ന്നത് എം എസ് ധോണിയുടെ ബാറ്റിങ് ഓഡറിനെക്കുറിച്ചായിരുന്നു. ധോണിയെപ്പോലൊരു പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം ടീമിന് ആവശ്യമായിരുന്ന സമയത്തും ബാറ്റിങ്ങിനിറങ്ങാതെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയ ധോണിയുടെ നടപടി മത്സരശേഷം വലിയ ചര്‍ച്ചയായിരുന്നു.

 

ഇപ്പോഴിതാ എന്തുകൊണ്ടാണ് രാജസ്ഥാനെതിരായ മത്സരത്തില്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എം എസ് ധോണി. ‘ഏറെ നാളുകളായി ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല. 14 ദിവസത്തെ ക്വാറന്റെയ്ന്‍ സഹായിച്ചിട്ടില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു, അതിനാലാണ് സാമിന് അവസരം നല്‍കിയത്. അത്തരമൊരു അവസരം നല്‍കിയത് വ്യത്യസ്തമായ ഒരു പരീക്ഷണം ആയിരുന്നു. അത് ഫലം കണ്ടില്ല’-ധോണി പറഞ്ഞു.

 

മുംബൈക്കെതിരായ മത്സരത്തില്‍ സാം കറാനായിരുന്നു മത്സരം സിഎസ്‌കെയ്ക്ക് അനുകൂലമാക്കിയത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള കറാന്‍ രാജസ്ഥാനെതിരേ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി 6 പന്തില്‍ 1 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടെ 17 റണ്‍സുമായി മടങ്ങി. ഷാര്‍ജയിലെ സ്റ്റേഡിയം താരതമ്യേനെ വലുപ്പം കുറവായതിനാല്‍ സാമിന്റെ വെടിക്കെട്ട് ബാറ്റിങ് ടീമിന് ഗുണം ചെയ്യുമെന്നാണ് സിഎസ്‌കെ പ്രതീക്ഷിച്ചത്. എന്നാല്‍ താരം പെട്ടെന്ന് മടങ്ങിയതോടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.

 

അഞ്ചാം നമ്പറില്‍ ധോണിയെ പ്രതീക്ഷിച്ചപ്പോള്‍ യുവതാരം റുധുരാജ് ജയ്ഗ്‌വാഡാണ് ബാറ്റിങ്ങിനെത്തിയത്. അനാവശ്യ ഷോട്ടിനായി ക്രീസില്‍ നിന്ന് കയറി കളിച്ച ജയ്ഗ്‌വാഡ് ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. പിന്നീട് കേദാര്‍ ജാദവ് ക്രീസിലെത്തിയെങ്കിലും മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. ഏഴാമനായി ക്രീസിലെത്തിയ ധോണി ആദ്യ 12 പന്തില്‍ നേടിയത് വെറും 9 റണ്‍സാണ്. അവസാന ഓവറില്‍ മൂന്ന് സിക്‌സര്‍ നേടിയതോടെ 17 പന്തില്‍ 29 റണ്‍സ് ധോണി തന്റെ പേരില്‍ കുറിച്ചെങ്കിലും ടീമിന്റെ ജയത്തിനത് ഉപകാരപ്പെട്ടില്ല. 217 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ 16 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു.

 

രാജസ്ഥാന്റെ പ്രകടനത്തെ ധോണി അഭിനന്ദിച്ചു. ‘217 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ഉള്ളപ്പോള്‍ മികച്ച തുടക്കം തന്നെ ആവിശ്യമായിരുന്നു. സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. രാജസ്ഥാന്റെ ബൗളര്‍മാരും പ്രശംസ അര്‍ഹിക്കുന്നു. അവരുടെ സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്പിന്നര്‍മാര്‍ തെറ്റുകള്‍ വരുത്തി. അവരെ 200 റണ്‍സിനുള്ളില്‍ ഒതുക്കിയിരുന്നെങ്കില്‍ മികച്ച മത്സരമായി മാറുമായിരുന്നു’-ധോണി പറഞ്ഞു.

സിഎസ്‌കെ സ്പിന്നര്‍ പീയൂഷ് ചൗള 55 റണ്‍സ് വഴങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ 40 റണ്‍സും വഴങ്ങി. അതേ സമയം രാജസ്ഥാന്‍ സ്പിന്നര്‍ രാഹുല്‍ തിവാട്ടിയ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാല്‍ 38 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി. സഞ്ജു സാംസണിന്റെയും (74) സ്റ്റീവ് സ്മിത്തിന്റെയും (69) അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാന് അടിത്തറപാകിയത്. സഞ്ജുവാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *