Monday, January 6, 2025
Sports

ഐപിഎല്‍ തടയാന്‍ ശശാങ്ക് ശ്രമിച്ചു! ലോകകപ്പ് തീരുമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് അലി

മുംബൈ: സ്ഥാനമൊഴിഞ്ഞ ഐസിസി ചെയര്‍മാനും ഇന്ത്യക്കാരനുമായ ശശാങ്ക് മനോഹറിനെതിരേ ഗുരുതര ആരോപണമുന്നയിച്ച് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം നടക്കാതിരിക്കാന്‍ ശശാങ്ക് ശ്രമിച്ചുവെന്നും ഇതേത്തുടര്‍ന്നാണണ് ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഇത്രയും വൈകിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ കൃത്യമായ തന്ത്രം തന്നെയായിരുന്നു ശശാങ്കിന്റേത്. ടി20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ ഒന്ന്-ഒന്നര മാസങ്ങള്‍ക്കു മുമ്പ് തന്നെ ഐസിസിക്കു തീരുമാനം പ്രഖ്യാപിക്കാമായിരുന്നു. ഇന്ത്യക്കാര്‍ക്കു ഇതു പറയുന്നത് കേള്‍ക്കുമ്പോള്‍ മോശമായി തോന്നുന്നുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ഇതാണ് സത്യം. ഐപിഎല്‍ നടക്കരുതെന്നാണ് ശശാങ്ക് ആഗ്രഹിച്ചത്. ഇത് തന്റെ അഭിപ്രായമാണ്. ഇക്കാര്യം മുമ്പും താന്‍ പറഞ്ഞിട്ടുണ്ട്. ലോകകപ്പ് തീരുമാനം ഇത്രയും വൈകിപ്പിച്ചതിനു പിന്നില്‍ ശശാങ്ക് തന്നെയാണെന്നും തന്റെ യൂട്യുബ് ചാനലില്‍ അലി ആരോപിച്ചു.

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് മാറ്റി വച്ചതിന്റെ പേരില്‍ ബിസിസിഐയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു. ഐസിസിയുടെ കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്നു ആര്‍ക്കും അറിയില്ലെന്നും അലി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലും ചാനലുകളിലുമെല്ലാം ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തന്നെയും പലരും വിളിച്ചിരുന്നു. എന്നാല്‍ പ്രതികരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *