Saturday, October 19, 2024
Gulf

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒഴുകും ഹോട്ടലുകളില്‍ താമസിക്കാം

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്ന ആരാധകര്‍ക്ക് രാജ്യത്തൊരുക്കുന്നത് വിപുലവും മികച്ചതുമായ താമസ സൗകര്യങ്ങള്‍. ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ 16 ഒഴുകുന്ന ഹോട്ടലുകളാണ് (ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) തയ്യാറാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥി മുറികളാണുണ്ടാവുക. ഇതിനുപുറമെ റസ്റ്റോറന്റ്, ലോഞ്ച് ബാര്‍ എന്നിവയും ഉള്‍ക്കൊള്ളും. നാലുനിലകള്‍ വീതമുള്ള പതിനാറ് ഹോട്ടലുകളും സമാനമായ രൂകപല്‍പ്പനയിലുള്ളവയായിരിക്കും

പതിനാറ് ഹോട്ടലുകളിലുമായി 1616 ഒഴുകുന്ന ഹോട്ടല്‍റൂമുകളാകും ഉണ്ടാകുക. കര്‍ശനമായ ഊര്‍ജ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹോട്ടലുകള്‍ നിര്‍മിക്കുക. സൗരോര്‍ജത്തെ മുഖ്യമായും ആശ്രയിക്കുന്ന ഹോട്ടലുകള്‍ ഫിന്നിഷ് ആര്‍ക്കിടെക്റ്റ് സ്ഥാപനമായ സിഗ് ആര്‍ക്കിടെക്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. താമസ ആവശ്യങ്ങള്‍ക്കുള്ള താല്‍ക്കാലിക പരിഹാരമായി ഫ്‌ളോട്ടിങ് റിയല്‍എസ്റ്റേറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ ഹോട്ടലുകള്‍ക്ക് വലിയ തുറമുഖങ്ങളും ആഴത്തിലുള്ള വെള്ളവും
ആവശ്യമില്ല. കാരണം അവയുടെ ഡ്രാഫ്റ്റ് വലിയ ക്രൂയിസ് കപ്പലുകളേക്കാള്‍ വളരെ കുറവാണ്. ലോകകപ്പിന് ശേഷം കുറഞ്ഞത് നാലു മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള ഏത് തീരപ്രദേശത്തും ഹോട്ടലുകള്‍ മാറ്റി സ്ഥാപിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published.