പത്ത് വര്‍ഷത്തിനിടെ ഇതാദ്യം, അപൂര്‍വ്വ റെക്കോര്‍ഡുമായി ദേവ്ദത്ത്; ആദ്യ ഇന്ത്യന്‍ താരം
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ദേവ്ദത്തിനെ തേടിയെത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് അടിച്ചെടുത്തു 36 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ കന്നി ഫിഫ്റ്റി. ബൗണ്ടറിയിലൂടെയായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഈ നേട്ടം കുറിച്ചത്.
2010ലെ ഐപിഎല്‍ സീസണിലായിരുന്നു ഇതിനു മുമ്പ്് ഒരു ഇന്ത്യന്‍ താരം തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചത്. അന്നു രണ്ടു പേര്‍ ഈ നേട്ടത്തിന് ഉടമകളായിരുന്നു. രണ്ടു പേരും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരങ്ങളായ അമ്പാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവരാണ്. അതിനു ശേഷം മറ്റൊരു സീസണിലും ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഫിഫ്റ്റി ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടായിട്ടില്ല.