Thursday, January 2, 2025
Sports

സല്യൂട്ട് ഗുജറാത്ത്; ലോ സ്കോറർ ത്രില്ലറിൽ ലക്നൗവിൽ നിന്ന് വിജയം പിടിച്ചുവാങ്ങി ഗുജറാത്ത്

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിനു ജയം. 7 റൺസിനാണ് ഗുജറാത്തിൻ്റെ ജയം. ഗുജറാത്ത് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 128 റൺസ് നേടാനേ സാധിച്ചുള്ളൂ. 61 പന്തിൽ 68 നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദും മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമാണ് കെഎൽ രാഹുലും കെയിൽ മയേഴ്സും ചേർന്ന് ലക്നൗവിനു നൽകിയത്. ആദ്യ ഓവർ കെഎൽ രാഹുൽ മെയ്ഡൻ ആക്കിയെങ്കിലും പിന്നീട് ആക്രമിച്ചുകളിച്ച താരം ലക്നൗവിൻ്റെ ഇന്നിംഗ്സിന് വിസ്ഫോടനാത്‌മക തുടക്കം നൽകി. 55 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം മയേഴ്സ് (19 പന്തിൽ 24) മടങ്ങി. രണ്ടാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യയുമായി ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തെങ്കിലും സാവധാനത്തിൽ റൺ നിരക്ക് താഴ്ന്നുകൊണ്ടിരുന്നു. 23 പന്തിൽ 23 റൺസ് നേടിയ കൃണാൽ പാണ്ഡ്യയെയും 7 പന്തിൽ ഒരു റൺ നേടിയ നിക്കോളാസ് പൂരാനെയും മടക്കിയ നൂർ അഹ്‌മദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ 38 പന്തിൽ രാഹുൽ ഫിഫ്റ്റി തികച്ചിരുന്നു.

അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ രാഹുലിനെ ക്രീസിൽ തളച്ചിട്ടു. അഞ്ചാം നമ്പറിലെത്തിയ ആയുഷ് ബദോനിയും കൂറ്റൻ ഷോട്ടുകൾ കളിക്കാൻ ബുദ്ധിമുട്ടി. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ രാഹുൽ പുറത്ത്. തൊട്ടടുത്ത പന്തിൽ മാർക്കസ് സോയിനിസും (0) പുറത്ത്. ഡേവിഡ് മില്ലറിൻ്റെ തകർപ്പൻ ക്യാച്ചിലാണ് സ്റ്റോയിനിസ് മടങ്ങിയത്. അടുത്ത പന്തിൽ ആയുഷ് ബദോനി (8) റണ്ണൗട്ടായി. അടുത്ത പന്തിൽ ദീപക് ഹൂഡയും (1) റണ്ണൗട്ട്.

Leave a Reply

Your email address will not be published. Required fields are marked *