Saturday, January 4, 2025
Sports

ധോണി മാജിക് വിജയം കൊണ്ടുവന്നില്ല; അവസാന പന്തിൽ രാജസ്ഥാന് വിജയം

തടിച്ച് കൂടിയ ആരാധകർ മുഴുവൻ അവസാന പന്തിലെ ധോണി സിക്സിനായി കാത്തിരുന്നു. മുഴുവൻ ടെൻഷനോടെയും സന്ദീപ് ശർമ്മ എറിഞ്ഞ ആ പന്ത് സിം​ഗിളാക്കി മാറ്റാനേ ഫിനിഷിങ്ങിലെ തലൈവർക്ക് സാധിച്ചുള്ളൂ. അതോടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 3 റൺസ് തോൽവി.

പ്രതാപകാലത്തെ ഫിനിഷിം​ഗിന് തെല്ല് കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കുന്ന അസവാന ഓവറിലെ രണ്ട് ധോണി സിക്സറുകൾ ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ കാര്യങ്ങൾ സഞ്ജുവിനും കൂട്ടർക്കും അനുകൂലമായി മാറുകയായിരുന്നു.

രണ്ട് ഓവറുകളില്‍ ചെന്നൈയ്ക്ക് 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും അവസാനം കാലിടറി വീണു. രഹാനെയും കോണ്‍വേയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ ചെന്നൈക്കായി തിളങ്ങിയത്. ബാറ്റിങ്ങിൽ പരാജയമായപ്പോഴും സഞ്ജുവിന്റെ ക്യാപ്റ്റൻസിയാണ് രാജസ്ഥാന് വിജയം കൊണ്ടുവന്ന മറ്റൊരു ഘടകം. മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയ ചെന്നൈയെ മിഡിൽ ഓവറുകളിൽ സ്പിന്നർമാരെ ഉപയോ​ഗിച്ച് വരിഞ്ഞ് മുറുക്കിയ സഞ്ജു ക്യാപ്റ്റൻസി ആരാധകരെയും ക്രിക്കറ്റ് വിദ​ഗ്ധരെയും ഒരുപോലെ ആനന്ദിപ്പിച്ചു. മികച്ച എക്കോണമയില്‍ പന്തെറിഞ്ഞ് രണ്ട് വീതം വിക്കറ്റുകള്‍ വീഴത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്.

നായകന്‍ ധോണിയും ജഡേജയും ഏഴാം വിക്കറ്റിലാണ് ഒത്തുചേര്‍ന്നത്. ഇവർ 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയ തീരത്തെത്താനായില്ല. 17 പന്തില്‍ മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയാണ് ജഡേജ 25 റണ്‍സെടുത്തത്.

ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോൾ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. ജൈസ്വാളിന്‍റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും (38) ജോസ് ബട്‍ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഐപിഎൽ 2023ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും നേടാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസും നേടിയിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ പ്രകടന മികവ് പിന്നീട് ആവർത്തിക്കാനാവാതെ പോയ സഞ്ജു മൂന്നും നാലും മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി.

മൂന്നാം മത്സരത്തിൽ 4 പന്ത് നേരിട്ട താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ചെന്നെ സൂപ്പർ കിം​ഗ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സഞ്ജു പൂജ്യത്തിന് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *