അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം
ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവിന് വിജയം. കൊഹ്‌ലിയുടെയും ഡു പ്ലെസിസ്ന്റെയും മാക്സ്‌വെല്ലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷെ ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പത്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ നാലാമത്തെ റൺ നിരക്കാണ് ഇന്നത്തേത്.
ആദ്യ നാലോവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ബാംഗ്ലൂർ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ വെയ്ൻ പാർണെൽ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ ലക്‌നൗ തകർന്നടിഞ്ഞു. 37 റണ്ണുകൾ മാത്രമാണ് ആദ്യ ആറ് ഓവറുകളിൽ ലക്‌നൗവിന് നേടാനായത്. കൈൽ മയേഴ്സ് (0), ദീപക് ഹൂഡ ( 10 പന്തിൽ 9), ക്രുനാൽ പാണ്ട്യ (0) എന്നിവരെയാണ് പവർപ്ലേയിൽ നഷ്ടമായത്. പിന്നീട് സ്റ്റോയ്‌നിസ് കളിക്കളത്തിൽ ഇറങ്ങിയപ്പോഴാണ് മത്സരത്തിന്റെ ഗതി മാറിയത്. തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം നേടിയത് 30 പന്തിൽ നിന്ന് 65 റണ്ണുകൾ. ക്യാപ്റ്റൻ രാഹുൽ 20 പന്തുകളിൽ നേടിയത് 18 റണ്ണുകൾ മാത്രം.
പതിനൊന്നാം ഓവറിൽ സ്റ്റോയ്‌നിസ് പുറത്തായതോടെ നിക്കോളാസ് പൂരൻ ബാറ്റുമായെത്തി. തുടർന്ന്, ബാംഗ്ലൂർ ബോളർമാർ തലങ്ങും വിലങ്ങും അടി വാങ്ങുന്ന കാഴ്ചക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15 പന്തുകൾ മാത്രം നേരിട്ട് അതിവേഗത്തിൽ അർദ്ധ സെഞ്ച്വറി തികച്ചു താരം. ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറിയാണ് താരത്തിന്റേത്. സിറാജിന്റെ പന്തിൽ ക്യാച്ച് നൽകി പുറത്താകുമ്പോൾ 19 പന്തിൽ നിന്ന് 62 റണ്ണുകൾ താരം നേടിയിരുന്നു. തുടർന്ന് കളിക്കളത്തിലെത്തിയ ആയുഷ് ബഡോണി (24 പന്തിൽ 30) മോശമല്ലാത്ത ഇന്നിഗ്‌സാണ് കാഴ്ചവെച്ചത്. ആവേശ് ഖാനാണ് അവസാന ഓവറിൽ ലക്‌നൗവിനെ വിജയിപ്പിച്ച നിർണായക പ്രകടനം നടത്തിയത്