ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയ്ക്ക് ഒരു കാരണം ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണെന്ന് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയ്ക്ക് ഒരു കാരണം ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണെന്ന് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. പൃഥ്വി ഷായുടെ വേഗത്തിലുള്ള പുറത്താകല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചെന്നാണ് ഗില്‍ക്രിസ്റ്റിന്റെ നിരീക്ഷണം.
‘ഇന്ത്യയുടെ ബാറ്റിംഗ് ഇത്ര പരിതാപകരമായി തീര്‍ന്നതിന്റെ ഒരു കാരണം പൃഥ്വിയുടെ പുറത്താകലാണ്. തുടക്കത്തില്‍ തന്നെ പൃഥ്വി മടങ്ങിയത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. യുവ താരത്തിന്റെ സാങ്കേതികഭദ്രത സംബന്ധിച്ച് സൂക്ഷ്മപരിശോധന അനിവാര്യമാണ്. ബാറ്റും പാഡും തമ്മിലുള്ള അന്തരമാണ് ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ മുതലാക്കിയത്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
പൃഥ്വി ഷായുടെ പുറത്താകല്‍ സംബന്ധിച്ച് പല പ്രമുഖ താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ സംപൂജ്യനായും രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സുമായും ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കക്കാരനായി പൃഥ്വി മാറിയിരുന്നു. ബാറ്റിംഗിലെ സാങ്കേതികപ്രശ്നമാണ് യുവതാരത്തിന് തിരിച്ചടിയായത്.
ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. നാട്ടിലേക്ക് മടങ്ങുന്ന വിരാട് കോഹ്‌ലിക്കു പകരം കെ.എല്‍ രാഹുലും, പരിക്കേറ്റ് പരമ്പരയില്‍ പുറത്തായ മുഹമ്മദ് ഷമിക്ക് പകരം സിറാജോ സൈനിയോ ടീമിലിടം നേടും. കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക.