വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; ടി20 റാങ്കിംഗിൽ ഒന്നാമത്
മൂന്നാം ടി20യിലെ വിജയത്തോടെ പരമ്പയിൽ സമ്പൂർണ വിജയവുമായി ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
61 റൺസെടുത്ത നിക്കോളാസ് പൂരനാണ് ടോപ് സ്‌കോറർ. റൊമാരിയോ ഷെപ്പേർഡ് 29 റൺസും റോവ്മാൻ പവൽ 25 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്നും ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ഷാർദൂൽ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ 65 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും 35 റൺസെടുത്ത വെങ്കിടേഷ് അയ്യരുടെയും വെടിക്കെട്ടിന്റെ മികവിലാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തത്. ഇഷാൻ കിഷൻ 34 റൺസും ശ്രേയസ്സ് അയ്യർ 25 റൺസുമെടുത്തു.
ജയത്തോടെ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാമത് എത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയർന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.